fish
വിളവെടുത്ത മത്സ്യങ്ങളുമായി ആര്‍.മനോഹരന്‍നായര്‍

നാട് ലോക്ഡൗണിലാണെങ്കിലും തിരുവനന്തപുരം തൊളിക്കോട് തച്ചന്‍കോട്ടെ ആര്‍.മനോഹരന്‍നായര്‍ തിരക്കിലാണ്. തന്റെ മത്സ്യക്കൃഷിയുമായി ഈ സമയത്തും നാട്ടിലെ കുളങ്ങളിലും കൃഷിയിടങ്ങളിലുമാണ് അദ്ദേഹത്തിന്റെ ജീവിതം.

17 വര്‍ഷങ്ങള്‍ക്കുമുമ്പാണ് മനോഹരന്‍നായര്‍ മത്സ്യക്കൃഷി തുടങ്ങിയത്. വീട്ടുവളപ്പിലെ കുളങ്ങളിലായിരുന്നു തുടക്കം. ഇന്ന് തൊളിക്കോട്, വിതുര, പെരിങ്ങമ്മല, ആര്യനാട്, ആനാട്, ഉഴമലയ്ക്കല്‍ തുടങ്ങി മിക്ക പഞ്ചായത്തുകളിലും മത്സ്യക്കൃഷിയും അനുബന്ധ പ്രവര്‍ത്തനങ്ങളുമായി മനോഹരന്‍നായര്‍ സജീവമാണ്. 

കാര്‍ഷികപരിശീലനവും മാര്‍ഗനിര്‍ദേശങ്ങളുമായി വിദ്യാലയങ്ങളിലും പോലീസ് സ്റ്റേഷനുകളിലും ആദിവാസി ഊരുകളിലും അദ്ദേഹത്തെ കാണാം. സംസ്ഥാന ഫിഷറീസ് വകുപ്പിന്റെ മത്സ്യക്കര്‍ഷക പ്രൊമോട്ടര്‍ കൂടിയായ മനോഹരന്‍നായരുടെ മേല്‍നോട്ടത്തില്‍ വിവിധ പഞ്ചായത്തുകളിലായി ഇരുന്നൂറിലധികം കുളങ്ങളില്‍ ഇന്ന് കൃഷിയുണ്ട്.

വിദ്യാര്‍ഥികള്‍ക്കായി ആത്മഫാം, കുടുംബശ്രീകള്‍ക്കായി ടാര്‍പ്പാക്കുളത്തിലെ കൃഷി എന്നിവയുമുണ്ട്. ആസാംവാള, കട്ല, രോഹു, തിലോപ്പിയ, ആറ്റുകൊഞ്ച് തുടങ്ങിയവയാണ് പ്രധാന മത്സ്യ ഇനങ്ങള്‍. ആലപ്പുഴയില്‍നിന്നാണ് മികച്ചയിനം മത്സ്യക്കുഞ്ഞുങ്ങളെ വാങ്ങുന്നത്. 

നിലത്തുമുട്ടി കായ്ച്ചുനില്‍ക്കുന്ന 'കുറിയ തെങ്ങി'ന്റെ പ്രചാരകന്‍ കൂടിയാണ് അദ്ദേഹം. 30 മാസം കൊണ്ട് വിളവെടുക്കാവുന്ന കുട്ടിത്തെങ്ങിന്റെ തൈകള്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായി വിതരണം ചെയ്യുന്നു.

പഞ്ചായത്തിലെ മികച്ച കര്‍ഷകനായി പലതവണ തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള മനോഹരന്‍ നായര്‍ക്കു നിരവധി കൃഷി പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്.പുതിയ തലമുറയ്ക്കായി കൃഷിപാഠങ്ങള്‍ പകര്‍ന്നുനല്‍കാന്‍ ഏറെ സന്തോഷമാണെന്ന് മനോഹരന്‍നായര്‍ പറയുന്നു. ഇതിനായി എത്രസമയം വിനിയോഗിക്കാനും ഈ കര്‍ഷകന്‍ ഒരുക്കമാണ്.

Content Highlights: Story of Fisheries Farmer from Thiruvananthapuram