കൊറോണയുടെ പശ്ചാത്തലത്തില്‍ നല്ല മത്സ്യം കിട്ടാതായതോടെ ജനകീയമത്സ്യക്കൃഷിയില്‍ ഉത്പാദിപ്പിക്കുന്ന മത്സ്യം വിളവെടുത്ത് വീടുകളിലെത്തിച്ച് മാതൃകയാവുകയാണ് കോഴിക്കോട്ടെ ഒരു കര്‍ഷകര്‍. പടുതാക്കുളത്തിലും കുളങ്ങളിലും ജലാശയങ്ങളിലും ക്വാറികളിലും ഫിഷറീസ് വകുപ്പിന്റെ ജനകീയ മത്സ്യക്കൃഷി പദ്ധതിയിലുള്‍പ്പെടുത്തി ഉത്പാദനം നടത്തുന്ന മത്സ്യങ്ങളാണ് കര്‍ഷകര്‍ തന്നെ നേരിട്ട് വീടുകളിലെത്തിക്കുന്നത്.

കട്ല, രോഹു, ഗ്രാസ്‌കാര്‍പ്പ്, തിലോപ്പിയ, ആസാംവാള തുടങ്ങിയ ഇനങ്ങളാണ് എത്തിക്കുന്നത്. കൊറോണ പ്രതിരോധ പ്രവര്‍ത്തനത്തില്‍ മത്സ്യോത്പാദനവും വിപണനവുമായി ബന്ധപ്പെട്ട് പ്രത്യേക ഇളവുള്ളതിനാല്‍ പോലീസില്‍നിന്ന് ലഭിച്ച സ്‌പെഷ്യല്‍ പാസ് ഉപയോഗിച്ച് ഇരുചക്രവാഹനങ്ങളിലാണ് മത്സ്യവിതരണം. 

കിലോയ്ക്ക് മുന്നൂറ് രൂപ വിലവരുന്ന മത്സ്യങ്ങള്‍ 250 രൂപയ്ക്കാണ് വില്‍പ്പന. കിഴക്കുംമുറി മാടത്തുപാറ കുളത്തില്‍നിന്ന് വിളവെടുത്ത മത്സ്യം വില്‍പ്പന നടത്തി. പഞ്ചായത്തിലെ മാതൃകാ മത്സ്യക്കര്‍ഷകനായി തിരഞ്ഞെടുത്ത കിഴക്കുംമുറിയിലെ എം.പി. സശോഭാണ് നേതൃത്വം നല്‍കിയത്. 

ഒരുദിവസം നൂറ് കിലോഗ്രാം മത്സ്യമാണ് വിപണനം നടത്തിയത്. രണ്ട് കിലോ മീറ്റര്‍ ദൂരപരിധിയിലാണ് വിപണനം നിശ്ചയിച്ചിരുന്നതെങ്കിലും മറ്റ് ഭാഗങ്ങളില്‍ നിന്നുപോലും ആവശ്യക്കാര്‍ ഏറെയായിരുന്നു. വരും ദിവസങ്ങളിലും വില്‍പ്പന തുടരുമെന്ന് അക്വാകള്‍ച്ചര്‍ പ്രൊമോട്ടര്‍ കെ.കെ. ദിനകരന്‍ അറിയിച്ചു.

Content Highlights: Story of Fisheries Farmer from Kozhikode