പേക്ഷിക്കപ്പെട്ട കരിങ്കല്‍ക്വാറികളില്‍ കൂട് മത്സ്യക്കൃഷി വ്യാപകമാവുന്നു. കണ്ണൂര്‍, വേങ്ങാട്, വട്ടിപ്രം മേഖലയില്‍ ഫിഷറീസ് വകുപ്പിന്റെ സഹായത്തോടെ പത്തോളം ഒഴിഞ്ഞ കരിങ്കല്‍ക്വാറികളിലാണ് മത്സ്യക്കൃഷി നടക്കുന്നത്. ഇവയില്‍ പലതും വിളവെടുപ്പിന് ഒരുങ്ങി. മായംകലര്‍ന്ന മത്സ്യം വിപണി കീഴടക്കുമ്പോള്‍ ബദല്‍ മാര്‍ഗമൊരുക്കുകയാണ് കര്‍ഷകര്‍.

40-ഓളം കരിങ്കല്‍ക്വാറികള്‍ മേഖലയില്‍ ഒഴിവാക്കപ്പെട്ട നിലയിലുണ്ട്. പ്രാദേശികമായ എതിര്‍പ്പുമൂലം പ്രവര്‍ത്തനം നിര്‍ത്തിയവയായിരുന്നു ഇവ. ക്വാറികളില്‍ പലതും രണ്ടേക്കര്‍വരെ വിസ്തൃതിയുള്ളതും 40 മീറ്ററോളം ആഴമുള്ളതുമാണ്. കടുത്ത വേനലില്‍പ്പോലും ജലസമൃദ്ധമാണിവ.

ഇത്തരം അനുകൂല ഘടകങ്ങളാണ് മത്സ്യക്കൃഷി ആരംഭിക്കാന്‍ കര്‍ഷകര്‍ക്ക് പ്രേരണയായത്. ശാസ്ത്രീയ രീതിയില്‍ പ്രത്യേക കൂടുകള്‍ തയ്യാറാക്കിയാണ് മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്നത്. ഒരുകൂട്ടില്‍ 2000 മത്സ്യങ്ങളെവരെ വളര്‍ത്താം. ഒരു കൂടിന് ഒന്നരലക്ഷത്തിലേറെ രൂപ ചെലവ് വരും.

25000 രൂപയോളം തീറ്റയിനത്തിലും ചെലവാകും. മികച്ച പരിചരണത്തിലൂടെ അഞ്ചുമാസം കൊണ്ട് വിളവെടുക്കാനാകും. വെള്ളത്തിലെ ഓക്‌സിജന്റെ അളവ് ക്രമപ്പെടുത്തുന്നതിനുവേണ്ടി എയറേറ്ററും കൂടുകളില്‍ സ്ഥാപിക്കുന്നുണ്ട്. സാമൂഹികവിരുദ്ധശല്യം തടയാന്‍ സി.സി.ടി.വി. ഉള്‍പ്പെടെയുള്ള മുന്‍കരുതലും കര്‍ഷകര്‍ സ്വീകരിക്കുന്നുണ്ട്. ഒരു കൂടില്‍നിന്ന് അമ്പതിനായിരം രൂപയോളം ലാഭം ലഭിക്കുമെന്നും കര്‍ഷകര്‍ പറയുന്നു.

കൂട് മത്സ്യക്കൃഷിക്ക് ഒട്ടേറെ സഹായങ്ങളാണ് ഫിഷറീസ് വകുപ്പ് നല്‍കുന്നത്. രണ്ട് കൂട് സ്ഥാപിക്കാനായി ചെലവാകുന്ന മൂന്നുലക്ഷത്തിഇരുപതിനായിരം രൂപയുടെ 40 ശതമാനം സബ്‌സിഡിയായി നല്‍കും. അപേക്ഷിക്കുന്നവര്‍ക്ക് ആവശ്യമായ തിലോപ്പി മത്സ്യക്കുഞ്ഞുങ്ങളെ കൂടിന് 2400 എന്ന കണക്കില്‍ ഒരുകര്‍ഷകന് 4800 കുഞ്ഞുങ്ങളെവരെ സൗജന്യമായി നല്‍കും. വിളവെടുക്കുന്ന മത്സ്യങ്ങളെ കര്‍ഷകര്‍ക്ക് സൗകര്യപൂര്‍വം വില്‍പ്പന നടത്താം.

കണ്ണീര്‍ക്കയങ്ങളില്‍നിന്ന് മത്സ്യസമൃദ്ധിയിലേക്ക്

ചൂഷണം ചെയ്യപ്പെടുന്ന പ്രകൃതിയുടെ കണ്ണീര്‍ക്കയങ്ങളായിരുന്നു ഉപേക്ഷിക്കപ്പെട്ട കരിങ്കല്‍ക്വാറികള്‍. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ക്വാറിയുടെ പ്രവര്‍ത്തനം ഉപേക്ഷിച്ചെങ്കിലും വന്‍കുഴികളില്‍ നിറയെ വെള്ളം കെട്ടിക്കിടന്നു. നാട് കടുത്ത വരള്‍ച്ചയില്‍ അമരുമ്പോഴും ഉപേക്ഷിക്കപ്പെട്ട കരിങ്കല്‍ക്വാറികള്‍ ഭയപ്പെടുത്തുന്ന ജലാശയങ്ങളായി മാറി. നൂറടിയോളം താഴ്ചയില്‍വരെയാണ് ചില ക്വാറികളില്‍ വെള്ളം കെട്ടിനില്‍ക്കുന്നത്. 

വട്ടിപ്രം, വെള്ളാനപ്പൊയില്‍ ഭാഗങ്ങളിലാണ് ക്വാറികളിലേറെയുമുള്ളത്. ക്വാറികളില്‍ കെട്ടിക്കിടക്കുന്ന ദശലക്ഷക്കണിന് ലിറ്റര്‍ വെള്ളം ഉപയോഗമില്ലാതെ പാഴായിപ്പോവുകയുമായിരുന്നു. കെട്ടിക്കിടക്കുന്ന വെള്ളത്തെ ഫലപ്രദമായി ഉപയോഗപ്പെടുത്തണമെന്ന ആവശ്യമാണ് ഒരുകൂട്ടം കര്‍ഷകരുടെ ഇടപെടലിലൂടെ ഫലപ്രാപ്തിയിലെത്തിയത്.

അല്പം ശ്രദ്ധ നല്‍കിയാല്‍ നല്ല വരുമാനം നേടാം

അല്പം ശ്രദ്ധ നല്‍കിയാല്‍ കൂട് മത്സ്യക്കൃഷിയിലൂടെ നല്ല വരുമാനം നേടാനാകും. രാസവസ്തുക്കള്‍ കലര്‍ത്താത്ത മേന്മയേറിയ മത്സ്യം ഏവര്‍ക്കും ലഭ്യമാക്കാനാണ് കൃഷിയെ പ്രോത്സാഹിപ്പിക്കുന്നത്. ഉപേക്ഷിക്കപ്പെട്ട കരിങ്കല്‍ക്വാറികള്‍ ഏറെയുള്ള പ്രദേശമായതിനാല്‍ നിരവധി പേര്‍ക്ക് കൃഷിയിലേക്ക് കടന്ന് വരാനാകും. കൃഷി നടത്താനുള്ള എല്ലാ സഹായങ്ങളും ഫിഷറീസ് വകുപ്പ് കര്‍ഷകര്‍ക്ക് നല്‍കുന്നുണ്ട്. - റിജുല്‍രാജ്, ഫിഷറീസ് ഓഫീസര്‍, മത്സ്യഭവന്‍, തലശ്ശേരി

Content Highlights: Small farmers to gain from fish farming