റണാകുളം ജില്ലയിലെ കിഴക്കന്‍ മേഖലയിലെ ഉപയോഗശൂന്യമായ പാറമടകള്‍ പലതും ഇന്ന് ഉള്‍നാടന്‍ മത്സ്യകൃഷിയിലൂടെ പുതിയ വിപണി കണ്ടെത്തിയിരിക്കുകയാണ്. കേന്ദ്ര കൃഷിവകുപ്പിന്റെ കീഴിലുള്ള ദേശീയ കാര്‍ഷിക ഗവേഷണ കൗണ്‍സിലാണ് ഇതിനുവേണ്ട സാങ്കേതിക ഉപദേശം നല്‍കുന്നത്.

ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെയും ഫിഷറീസ് വകുപ്പിന്റെയും സഹകരണത്തോടെയാണ് നടപ്പാക്കിയിരിക്കുന്നത്. മുടക്കുമുതലിന്റെ 40 ശതമാനം സബ്സിഡിയും കിട്ടും. അതുകൊണ്ടുതന്നെ മത്സ്യകൃഷി ഏറെ ആദായകരമായി മാറിയിരിക്കുകയാണെന്ന് കര്‍ഷകര്‍ പറയുന്നു. രാസപദാര്‍ത്ഥങ്ങള്‍ ചേര്‍ക്കാത്തതും പഴകിയതുമായ മത്സ്യങ്ങള്‍ക്ക് പകരം ശുദ്ധജലത്തില്‍ വളര്‍ത്തിയെടുക്കുന്ന തികച്ചും ഗുണനിലവാരത്തോടെയുള്ള മത്സ്യങ്ങളെ നേരിട്ട് വാങ്ങാനുള്ള സൗകര്യമാണ് ഈ കൃഷിയുടെ പ്രത്യേകത. ന്യായവിലയ്ക്ക് പാറക്കുഴിയില്‍നിന്ന് പിടയ്ക്കുന്ന മീനുമായി മടങ്ങാം.

ഫിഷറീസ് വകുപ്പ് ഇതിനായി സൗജന്യ കാര്‍പ്പ് നിക്ഷേപം, കൂട്, വനിതകള്‍ക്ക് മീന്‍തോട്ടം തുടങ്ങി നിരവധി പദ്ധതികളും തയ്യാറാക്കിയിട്ടുണ്ട്. മത്സ്യവിത്ത് വളര്‍ത്തലിനും മത്സ്യങ്ങളെ വളര്‍ത്തി വലുതാക്കുന്നതിനുമായുള്ള പദ്ധതികളുണ്ടെന്ന് എറണാകുളം കൃഷിവിജ്ഞാന കേന്ദ്രം സീനിയര്‍ സയന്റിസ്റ്റ് ഹെഡ് കെ. ഷിനോജ് പറഞ്ഞു. 

പൊടിമത്സ്യങ്ങളെ വിരല്‍ വലിപ്പത്തിലാക്കി പാറക്കുഴിയിലും മറ്റും നിക്ഷേപിക്കാന്‍ കൊടുക്കുകയാണിവിടെ. വിത്തുരൂപത്തില്‍ നല്‍കിയാല്‍ 100-ല്‍ 90-ഉം ചത്തുപോകാന്‍ ഇടയുണ്ട്. അത് ഒഴിവാക്കാനാണ് ഈ മാര്‍ഗം സ്വീകരിക്കുന്നത്.

ജില്ലയുടെ വിവിധ ഭാഗങ്ങളിലായി ചെറുതും വലുതുമായ നൂറുകണക്കിന് ഉപയോഗശൂന്യമായ പാറമടകള്‍ ഉണ്ട്. കോതമംഗലത്തുതന്നെ ഏകദേശം 75 എണ്ണം വരും. ഇവയില്‍ 30 പാറമടകള്‍ ഇന്ന് മത്സ്യകൃഷിയുടെ വിളനിലമായി മാറിയിരിക്കുകയാണ്. വാരപ്പെട്ടി കൊറ്റനാക്കോട്ടില്‍ ഷാജി വര്‍ഗീസാണ് വീടിനോട് ചേര്‍ന്നുള്ള പാറക്കുഴി മത്സ്യകൃഷിക്ക് ആദ്യമായി പ്രയോജനപ്പെടുത്തിയവരില്‍ ഒരാള്‍. എട്ടു വര്‍ഷം മുമ്പാണ് തുടങ്ങിയത്. ഇപ്പോള്‍ ഒറ്റയ്ക്കും കൂട്ടായും നാല് പാറമടകളില്‍ മത്സ്യകൃഷിയുണ്ട്. ഒരു ഹെക്ടറില്‍ മത്സ്യകൃഷിക്ക് രണ്ടര ലക്ഷം രൂപ മുതല്‍മുടക്ക് വരും. ഒരു ലക്ഷം രൂപ സബ്സിഡി കിട്ടും.

അസം വാള ഇനത്തിലുള്ള മത്സ്യകൃഷിക്ക് ഹെക്ടറിന് 18 ലക്ഷം രൂപ മുതല്‍മുടക്കുമ്പോള്‍ 7.20 ലക്ഷം രൂപ സബ്സിഡി കിട്ടും. അസം വാളകൃഷി പ്രോത്സാഹനത്തിന് കൂടുതല്‍ ആനുകൂല്യം സര്‍ക്കാര്‍ നല്‍കുന്നുണ്ടെന്നും ഷാജി പറയുന്നു. കഴിഞ്ഞവര്‍ഷം 30 സെന്റ് പാറമടയിലെ മത്സ്യകൃഷിയില്‍ 2.5 ലക്ഷം രൂപ ലാഭം കിട്ടിയ കാര്യവും ഷാജി പറഞ്ഞു. കൃത്രിമ തീറ്റയ്ക്ക് കിലോയ്ക്ക് 40-90 രൂപയാണ് വില. പ്രോട്ടീന്‍ അടങ്ങിയ ഇവയ്ക്കു പുറമെ ചേമ്പ്, കപ്പ എന്നിവയുടെ ഇലകളും തീറ്റയായി നല്‍കുന്നുണ്ട്. തിലോപ്പിയ, കട്ല, രോഹു, ഗ്രാസ് കാര്‍പ്പ്, മൃഗാള്‍ തുടങ്ങിയ ഇനങ്ങളാണ് കൂടുതലായും വളര്‍ത്തുന്നത്. ജൂലായ് മാസത്തില്‍ മത്സ്യവിത്ത് ജലാശയത്തില്‍ നിക്ഷേപിക്കും. ഏപ്രില്‍, മേയ് മാസങ്ങളിലാണ് വിളവെടുപ്പ്.

വിളവെടുപ്പും വിപണിയും

പാറമട മത്സ്യത്തിന് ജനങ്ങള്‍ക്കിടയില്‍ നല്ല സ്വീകാര്യതയാണ്. വിപണി കണ്ടെത്തുക എന്നതാണ് കര്‍ഷകര്‍ നേരിടുന്ന വെല്ലുവിളി. മിക്കവാറും പാറക്കുഴികളിലെ മത്സ്യവിളവെടുപ്പ് ഏപ്രില്‍-മേയ് മാസങ്ങളിലാണ്. എല്ലാ കുഴികളിലും ഒരേസമയത്തുള്ള വിളവെടുപ്പ് വിലയിടിവിന് കാരണമാവാറുള്ള കാര്യം ഷാജി വര്‍ഗീസ് പറയുന്നു. 'കാര്‍പ്പ്' മത്സ്യങ്ങളോട് വിപണയിലും താത്പര്യക്കുറവുണ്ട്. മത്സ്യങ്ങളുടെ രുചിഭേദം ആളുകളെ പിന്നോട്ടടിക്കുന്നതായി ഷാജി പറഞ്ഞു. യാതൊരു വിഷാംശവുമില്ലാതെ നല്‍കുന്ന ശുദ്ധജല മത്സ്യത്തെയാണ് നല്‍കുന്നത്. തങ്കളം, തലക്കോട്, ആയവന എന്നീ സ്ഥലങ്ങളില്‍ പ്രാദേശിക വിപണികള്‍ ഉള്ളതാണ് ആശ്വാസം.

വിളവെടുക്കുന്ന മത്സ്യങ്ങളെ ജീവനോടെ സംഭരിക്കുന്നതിന് സൗകര്യമൊരുക്കിയാല്‍ വില്‍പ്പനയ്ക്ക് കൂടുതല്‍ സാധ്യതയും കര്‍ഷകര്‍ക്ക് ന്യായവിലയും കിട്ടുമെന്ന് ഷാജി അഭിപ്രായപ്പെടുന്നു. കര്‍ഷകര്‍ ഇതിനായി കൂട്ടായ്മയ്ക്ക് ശ്രമിക്കുന്നുണ്ട്. കോതമംഗലം കേന്ദ്രീകരിച്ച് സൊസൈറ്റി രൂപവത്കരിച്ച് വിപണി തേടുന്നതിന് പുതിയ മാര്‍ഗത്തിനുള്ള ആലോചനയിലാണ് ഈ രംഗത്തുള്ളവര്‍.

ഫിഷറീസ് വകുപ്പ് ജില്ലയില്‍ മത്സ്യ കര്‍ഷക മിത്രം പദ്ധതിയിലൂടെ തൊഴില്‍സേന രൂപവത്കരിക്കാനുള്ള നീക്കത്തിലാണ്. കൊച്ചി, കണ്ടക്കടവ്, പറവൂര്‍, ഞാറയ്ക്കല്‍, ആലുവ, കോതമംഗലം എന്നിങ്ങനെ ജില്ലയെ യൂണിറ്റുകളായി തിരിച്ച് ആറ് കര്‍ഷകമിത്രം യൂണിറ്റ് ആരംഭിക്കാനാണ് ഉദ്ദേശ്യം. ഒരു യൂണിറ്റില്‍ 10 മുതല്‍ 25 വരെ പ്രവര്‍ത്തകരുണ്ടാകും. ഓരോ യൂണിറ്റിലും വിദഗ്ധ പരിശീലനങ്ങളും ഒരുലക്ഷം രൂപയുടെ സാമ്പത്തിക സഹായവും നല്‍കും.

fish farming
വെണ്ടുവഴിയിലെ ഉപയോഗശൂന്യമായ പാറമടയിലെ മത്സ്യകൃഷി സ്ഥലത്ത് അരുണ്‍ എല്‍ദോ ഏലിയാസ് 

മത്സ്യക്കൂടൊരുക്കി പ്രൊഫസറും

ആഴമേറിയ പാറക്കുഴികളില്‍ കൂട് ഉപയോഗിച്ചുള്ള രീതിയാണ് പ്രയോജനപ്പെടുത്തുന്നത്. 100-300 അടി താഴ്ചയില്‍നിന്ന് മത്സ്യത്തെ വലയിട്ട് പിടികൂടുന്നത് ഏറെ പ്രയാസകരമാണെന്നാണ് വെണ്ടുവഴി മാലിയില്‍ അരുണ്‍ എല്‍ദോ ഏലിയാസ് പറയുന്നത്. നെല്ലിമറ്റം എംബിറ്റ്സ് എന്‍ജിനീയറിങ് കോളേജ് അസി. പ്രൊഫസറാണ് അരുണ്‍. പിതാവ് ഏലിയാസ് എം.എ. എന്‍ജിനീയറിങ് കോളേജ് റിട്ട. സൂപ്രണ്ടാണ്. ഇരുവരും ചേര്‍ന്നാണ് വീടിന് സമീപത്തെ ഒരേക്കര്‍ പാറമടയില്‍ കൂടുമത്സ്യകൃഷി ചെയ്യുന്നത്.

ജോലി കഴിഞ്ഞുള്ള സമയത്ത് അധികവരുമാനത്തേക്കാള്‍ നല്ല മീനിനെ നല്‍കാമെന്ന സംതൃപ്തിയാണ് അരുണിന് പ്രധാനം. മൂന്ന് കൂടുകളാണ് ഇതിനായി ഒരുക്കിയിരിക്കുന്നത്. ജി.ഐ. പൈപ്പുകൊണ്ട് സമചതുരത്തില്‍ ഉണ്ടാക്കിയ ഫ്രെയിം പ്ലാസ്റ്റിക് ബാരലുമായി ബന്ധിപ്പിച്ചാണ് കൂട് തയ്യാറാക്കിയിരിക്കുന്നത്. ഇതില്‍ ഉറപ്പിച്ച നൈലോണ്‍ വലയിലാണ് മത്സ്യവിത്ത് നിക്ഷേപിക്കുന്നത്.

മുകളിലും താഴേക്ക് ഒന്നര മീറ്ററിലുമാണ് നൈലോണ്‍വല ഇടുന്നത്. ഒരു കൂടിന് ശരാശരി 30,000 രൂപ ചെലവ് വരും. ഒരു കൂടില്‍ ആയിരം മത്സ്യവിത്താണ് നിക്ഷേപിക്കുന്നതെന്ന് അരുണ്‍ പറഞ്ഞു. ഗിഫ്റ്റ് തിലോപ്പിയ ഇനം മത്സ്യത്തെയാണ് കൂടില്‍ വളര്‍ത്തുന്നത്. രോഹു, കട്ല ഇനത്തെ പുറത്ത് പാറക്കുഴിയിലും വളര്‍ത്തുന്നുണ്ട്. ഗിഫ്റ്റ് തിലോപ്പിയ വിത്തൊന്നിന് പത്ത് രൂപയാണ് വില.

ആയിരം മത്സ്യവിത്ത് വലുതായി ശരാശരി 200 കിലോയിലേറെ കിട്ടും. കിലോയ്ക്ക് 250 രൂപയാണ് വില. കൂടിനും കൃഷിക്കുമായി 40 ശതമാനം സബ്സിഡിയും കിട്ടും. ക്രിസ്മസ്-ഈസ്റ്റര്‍ അവസരത്തിലാണ് വിളവെടുപ്പ്.

Content Highlights: Small farmers to gain from fish farming