റീ സര്‍ക്കുലേറ്ററി അക്വാ സിസ്റ്റത്തില്‍ മത്സ്യ- പച്ചക്കറി കൃഷിയില്‍ വിജയംകൊയ്ത് യുവ കര്‍ഷകന്‍. മാട്ടുക്കട്ട കുഴിക്കാട്ട് ജെറിന്‍ ആന്റണിയാണ് ജൈവ മാതൃകയില്‍ മത്സ്യ-പച്ചക്കറികൃഷിയില്‍ വിജയം കൊയ്യുന്നത്. കട്ടപ്പനയില്‍ സ്‌ക്രീന്‍പ്രിന്റ് സ്ഥാപനം നടത്തിവരുകയായിരുന്നു. മഹാമാരിയെത്തുടര്‍ന്ന് ജോലിചെയ്യാന്‍ കഴിയാതെ വന്നത് ജീവിതം വഴിമുട്ടിച്ചു.

ലോക്ഡൗണ്‍ വിരസതയകറ്റാനും പുതിയൊരു ജീവിതമാര്‍ഗം കണ്ടെത്താനും ജെറിന്‍ സ്വീകരിച്ച മാര്‍ഗമാണ് കൃഷി. ആകെയുള്ള നാലുസെന്റ് സ്ഥലം എങ്ങനെ വിനിയോഗിക്കണമെന്ന ചിന്തയില്‍നിന്ന് റീ സര്‍ക്കുലേറ്ററി അക്വാ സിസ്റ്റം സ്വീകരിച്ചു. ഒരു സെന്റില്‍ കുളം നിര്‍മിച്ചു. ഫിഷറീസ് വകുപ്പിന്റെ സഹകരണത്തോടെ ഗിഫ്റ്റ് തിലോപ്പിയ ഇനത്തിലുള്ള 2000 മീന്‍കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. ബാക്കി മൂന്നുസെന്റ് സ്ഥലത്ത് മീറ്റല്‍നിറച്ച ഗ്രോ ബെഡ് നിര്‍മിച്ച് അതില്‍ പച്ചക്കറിവിത്തുകള്‍ നട്ടു. 

കുളത്തിലെ മീനുകളുടെ അവശിഷ്ടങ്ങളടങ്ങിയ വളക്കൂറുള്ള വെള്ളം പച്ചക്കറിക്കുനല്‍കി. വീണ്ടും ഈ വെള്ളം ശുദ്ധീകരിച്ച് കുളത്തിലെത്തിക്കാന്‍ കഴിയുന്ന വിധത്തിലാണ് രണ്ടുകൃഷികളും. എല്ലാ പച്ചക്കറികളും ജെറിന്റെ തൊടിയില്‍ സമൃദ്ധമായി വളരുന്നു. പച്ചക്കറിക്കൃഷിയില്‍ അയ്യപ്പന്‍കോവില്‍ കൃഷിഭവനിലെ ജീവനക്കാരുടെ നല്ല സഹായമുണ്ട്. 

വീട്ടിലെ ആവശ്യംകഴിഞ്ഞുള്ള പച്ചക്കറി അയല്‍ക്കാര്‍ക്ക് നല്‍കുന്നതാണ് ജെറിന്റെ മറ്റൊരു മാതൃക. മത്സ്യക്കൃഷി ജീവിത മാര്‍ഗമാക്കാനാണ് ജെറിന്റെ തീരുമാനം. കുടുംബാംഗങ്ങള്‍ എല്ലാവരും പിന്തുണയുമായി ജെറിനൊപ്പമുണ്ട്. ശനിയാഴ്ച നടത്തിയ മത്സ്യക്കൃഷിയുടെ വിളവെടുപ്പില്‍ 400 കിലോ മീന്‍ ലഭിച്ചു.

Content Highlights: Recirculatory Aquaculture System