പരമ്പരാഗത ചെമ്മീന്‍ കൃഷിക്കാര്‍ അതിജീവനത്തിന്റെ പാതയിലാണിപ്പോള്‍. പണ്ട് ആറുമാസം പൊക്കാളി, ആറുമാസം ചെമ്മീന്‍ എന്നിങ്ങനെയായിരുന്നു കൃഷി. ജൂലായില്‍ പൊക്കാളി കൃഷി ആരംഭിച്ച് 120 ദിവസം കൊണ്ട് നെല്‍കൃഷി വിളവെടുക്കും. പിന്നെ ആ സ്ഥലത്ത് നവംബര്‍- ഡിസംബറോടെ ചെമ്മീന്‍ കൃഷി നടത്തും.
കൃഷി നഷ്ടമായതോടെ പലരും കളമൊഴിഞ്ഞു. കൂലിച്ചെലവായിരുന്നു പ്രധാന കാരണം. കൊയ്യാന്‍ ആളെ ലഭിക്കാനുള്ള ബുദ്ധിമുട്ടുമുണ്ടായിരുന്നു. നെല്‍ച്ചെടിയുടെ മുകള്ഭാഗം മാത്രമെ മുറിച്ചെടുക്കാറുള്ളൂ. ബാക്കി വെള്ളത്തില്‍ ചീഞ്ഞ് ചെമ്മീനുകള്ക്കുള്ള ഭക്ഷണമാകും. ഈ രണ്ടു കൃഷികളും ഒന്നിന് സഹായം ഒന്ന് എന്ന രീതിയിലായിരുന്നു.
കൃഷി നഷ്ടമായപ്പോള്‍ പലരും പരമ്പരാഗത കൃഷിരീതി വിട്ട് ശാസ്ത്രീയ കൃഷിരീതിയിലേക്ക് മാറി. ശാസ്ത്രീയ കൃഷി ചെയ്യുമ്പോള്‍ വല, തൂമ്പ് നിര്‍മാണം, ബണ്ട് നിര്‍മാണം, മറ്റു ചെലവുകള്‍ എന്നിവയ്ക്ക് 40 ശതമാനം സബ്സിഡി ഫിഷറീസ് വകുപ്പ് നല്‍കുന്നുണ്ട്. കര്‍ഷകര്‍ക്കുള്ള കാരച്ചെമ്മീന് കുഞ്ഞുങ്ങളെയും നല്‍കും.
ഇങ്ങനെ നിക്ഷേപിക്കുന്നവ കൂടാതെ നാരന്‍, തെള്ളി, ചൂടന്‍ ചെമ്മീനുകളും ലഭിക്കാറുണ്ടെന്ന് പുത്തന്‍ചിറ മത്സ്യഗ്രാമത്തിലെ കര്‍ഷകരായ ആലിങ്ങപ്പറമ്പില് രാമചന്ദ്രന്, മാധവന്, മനോജ്, രാമകൃഷ്ണന് എന്നിവര്‍ പറഞ്ഞു.
വൈറസ് ബാധയാണ് പ്രധാന വെല്ലുവിളി. ഇത് ബാധിച്ചാല്‍ നൂറു ശതമാനം നഷ്ടമാണ് കര്‍ഷകര്‍ക്ക് ഉണ്ടാകുന്നത്. രണ്ടുവര്‍ഷമായിട്ട് പൊക്കാളി കൃഷിയും ഇവര്‍ ആരംഭിച്ചിട്ടുണ്ട്. ഇതിലൂടെ ചെമ്മീന്‍ കൃഷി മെച്ചപ്പെടുമെന്നാണ് പ്രതീക്ഷ.
ഇടനിലക്കാരെ ഒഴിവാക്കി നേരിട്ട് നല്ല വിലകിട്ടുന്ന ആധുനിക സംസ്കരണ വിപണന സംവിധാനം ഉണ്ടാകണമെന്നതാണ് ഇവരുടെ ആവശ്യം. ഒപ്പം നല്ല ചെമ്മീന്‍കുഞ്ഞുങ്ങളെ സമയത്തിന് ലഭിക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. ബണ്ട് നിര്‍മാണം, തൂമ്പ് സ്ഥാപിക്കല്‍, വല എന്നിവയ്ക്കായുള്ള സാമ്പത്തികച്ചെലവ് ഇവര്‍ക്ക് താങ്ങാനാകുന്നില്ല.
Content Highlights: Pron Fish Farming In Thrissur District