കേരളത്തില്‍ അധികം പ്രചാരമേറിയിട്ടില്ലാത്ത ശുദ്ധജല വളര്‍ത്തുമത്സ്യമാണ് ഫിങ്കേഴ്‌സ് എന്നറിയപ്പെടുന്ന മലേഷ്യന്‍ വാള. ബംഗാള്‍, ആന്ധ്ര, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ വ്യാപകമായി വളര്‍ത്തുന്നുണ്ടെങ്കിലും ഇവിടെ ഇതിന്റെ വ്യാപനം ശൈശവാവസ്ഥയിലാണ്. വിയറ്റ്‌നാമിലെ ജനങ്ങള്‍ക്ക് ഇതൊരു മുഖ്യവരുമാന മാര്‍ഗമാണ്.

17 വര്‍ഷമായി കുവൈത്തില്‍ ബിസിനസുകാരനായ കരുനാഗപ്പള്ളി പുന്നംകുളത്തെ 'ഷംസിയ'യിലെ ഷംസുദ്ദീന്‍, മറ്റ് മത്സ്യങ്ങളോടൊപ്പം മലേഷ്യന്‍ വാളയും കൃഷിചെയ്യുന്നു. സ്‌കൂള്‍പഠനകാലത്തുതന്നെ കൃഷിയില്‍ താത്പര്യമുണ്ടായിരുന്നു. കുവൈത്തിലെ സമ്പാദ്യംകൊണ്ട് കപ്ലേലി കായലോരത്ത് 11 ഏക്കര്‍ ഭൂമി വാങ്ങി. തെങ്ങ്, കവുങ്ങ്, പപ്പായ, പച്ചക്കറി എല്ലാം ഇവിടെയുണ്ട്. കോഴി, പോത്ത്, വിഗോവ താറാവ്, തുടങ്ങിയവയെ ശാസ്ത്രീയരീതിയില്‍ വളര്‍ത്തുന്നു.  ഏഴരയേക്കര്‍ സ്ഥലത്താണ് മത്സ്യകൃഷി.

ചുറ്റും കോണ്‍ക്രീറ്റ് മതിലുകള്‍ തീര്‍ത്ത എട്ടുകുളങ്ങളില്‍, ഫിഷറീസ് വകുപ്പിന്റെ അംഗീകാരത്തോടെയാണ് ഏഴുകൊല്ലംമുമ്പ് മത്സ്യകൃഷി തുടങ്ങിയത്. കുളത്തിലെ വെള്ളം മുഴുവന്‍ വറ്റിച്ച് അതിനുള്ളിലെ ആമ, പാമ്പ് എന്നിവയെ നീക്കംചെയ്ത് തറയുണ്ടാക്കി കിളച്ച് കുമ്മായം, ചാണകം, യൂറിയ എന്നിവയിട്ട് വെള്ളംനിറച്ച് മത്സ്യത്തിനനുയോജ്യമായ പ്‌ളവഗങ്ങള്‍ സൃഷ്ടിക്കും. വെള്ളത്തിലെ പി.എച്ച്. ഏഴരവരെ നിലനിര്‍ത്തി അതിനുശേഷമാണ് മീന്‍കുഞ്ഞുങ്ങളെ വെള്ളത്തില്‍ ഇറക്കിവിടുന്നത്.

മത്സ്യഫെഡില്‍നിന്ന് ലഭിച്ച 16,000 കട്‌ല, രോഹു, മൃഗാല എന്നിവയും ആന്ധ്രയില്‍നിന്ന് കൊണ്ടുവന്ന 15,000 മലേഷ്യന്‍ വാളക്കുഞ്ഞുങ്ങളുമാണ് ഇപ്പോഴുള്ളത്.കട്‌ല, രോഹു, മൃഗാല എന്നിവ ഒരുവര്‍ഷമാകുമ്പോള്‍ പിടിക്കാറാകും. മൊത്തമായിട്ടാണ് വില്‍പ്പന. കിലോയ്ക്ക് 70 മുതല്‍ 80 രൂപവരെ കിട്ടും. എന്നാല്‍, മലേഷ്യന്‍ വാളയ്ക്ക് ഒന്നരവര്‍ഷംവേണം. ആ സമയം ഇവ ഒന്നേകാല്‍കിലോയുണ്ടാവും. അതില്‍ കൂടുതല്‍ വലുതായാല്‍ വിപണി പ്രയാസമാണ്. ഇതിന് 65 രൂപ വിലകിട്ടും. ഹോട്ടലുകള്‍ക്കും വിവാഹസത്കാരങ്ങള്‍ക്കും മൊത്തമായിട്ടാണ് വില്പന.

മത്സ്യകൃഷി തുടങ്ങിയിട്ട് 12 വര്‍ഷം കഴിഞ്ഞെങ്കിലും മലേഷ്യന്‍ വാളയുടെ കൊയ്ത്ത് ഇത് രണ്ടാംതവണയാണ്. നല്ല ആദായം കിട്ടുന്നുണ്ടെന്ന് ഷംസുദ്ദീന്‍ പറഞ്ഞു. നീര്‍ക്കാക്കകളുടെ ശല്യമൊഴിവാക്കാന്‍ കുളത്തിനുമുകളിലും ചുറ്റും വലകെട്ടി സംരക്ഷിച്ചിട്ടുണ്ട്. കൃഷിയില്‍ സഹായിക്കാന്‍  ഭാര്യ ഷാജിത ഷംസുദ്ദീനും ഒപ്പമുണ്ട്. സുരക്ഷിതമായ പച്ചക്കറിയും മാംസവും മത്സ്യവും ഉത്പാദിപ്പിച്ച് ഭക്ഷ്യസുരക്ഷ ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നും ഷംസുദ്ദീന്‍ പറഞ്ഞു. 

(ഫോണ്‍: 9747909663)