ല്ല ഡിമാന്റുള്ള മീനുകളിലൊന്നാണ് വനാമി ചെമ്മീന്‍. ലോകത്ത് കൃഷിയിലൂടെ ഏറ്റവുമധികം ഉത്പാദിപ്പിക്കുന്ന ഇനമാണ് ഇതെങ്കിലും കേരളത്തില്‍ വളരെക്കുറച്ചുസ്ഥലത്തേ വനാമി കൃഷിയുള്ളൂ. ഇതിന് വളരാന്‍ ലവണങ്ങള്‍ കലര്‍ന്ന കടല്‍വെള്ളംവേണമെന്നതിനാല്‍ കടലോരങ്ങളിലെ പാടങ്ങളിലാണ് കൃഷിചെയ്യുന്നത്. എന്നാല്‍ ടാങ്കില്‍ ഉപ്പുരസമുള്ള വെള്ളം കൊണ്ടുവന്നുനിറച്ച് വീട്ടില്‍ വനാമി കൃഷിചെയ്യുന്ന ഒരാള്‍ മലപ്പുറം ജില്ലയിലുണ്ട്-പുറത്തൂര്‍ മുള്ളുംപടി വലിയവീട്ടില്‍ സുബ്രഹ്മണ്യന്‍.

സ്ഥലവും വെള്ളവും പരിമിതമായവര്‍ക്ക് യോജിച്ച ബയോഫ്‌ലോക് രീതിയിലാണ് സുബ്രഹ്മണ്യന്‍ വനാമി കൃഷിചെയ്യുന്നത്. ബയോഫ്‌ലോക് ടാങ്കില്‍ ഉണ്ടാകുന്ന മാലിന്യങ്ങള്‍ അതിലെ ബാക്ടീരിയകള്‍ തിന്നുകയും ആ ബാക്ടീരിയകള്‍ മീനുകള്‍ക്ക് ഭക്ഷണമാകുകയും ചെയ്യുന്നതിനാല്‍ തീറ്റയിനത്തിലും ചെലവുകുറവാണ് ബയോഫ്‌ലോക് കൃഷിക്ക്. 12,000 ലിറ്ററിന്റെ ടാങ്കില്‍ 4,000 വനാമി ചെമ്മീനുകളെയാണ് ഇത്തവണ സുബ്രഹ്മണ്യന്‍ കൃഷിചെയ്തത്. 120 ദിവസത്തിനുശേഷം വിളവെടുത്തപ്പോള്‍ കിലോയ്ക്ക് നാനൂറുരൂപയായി നാട്ടില്‍ത്തന്നെ വിറ്റു. കയറ്റുമതിക്കുകൂടി സാധ്യതയുള്ള മീനാണിതെങ്കിലും അതിന് ചുരുങ്ങിയത് ഒരുടണ്ണെങ്കിലും വിളവെടുപ്പ് വേണം. അത്രയ്ക്ക് 'ബിസിനസ് മോഹം' ഉള്ളയാളല്ല സുബ്രഹ്മണ്യന്‍.

കൃഷിയിലും പുതിയ പരീക്ഷണങ്ങളിലുമുള്ള 'ക്രെയ്സ്' ആണ് അറുപത്തിനാലുകാരനായ സുബ്രഹ്മണ്യന്റെ പുരയിടത്തെ വ്യത്യസ്തമാക്കുന്നത്. ജില്ലയില്‍ ബയോഫ്‌ളോക് കൃഷിരീതിയുടെയും വനാമി കൃഷിയുടെയും തുടക്കക്കാരിലൊരാളാണ് സുബ്രഹ്മണ്യനെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ എം. ചിത്ര പറഞ്ഞു. തമിഴ്നാട്ടില്‍നിന്നും ആന്ധ്രയില്‍നിന്നുമെല്ലാം കുഞ്ഞുങ്ങളെവരുത്തിയാണ് വനാമി കൃഷിചെയ്യുന്നത്.

വനാമി ചെമ്മീൻ
വനാമി ചെമ്മീൻ

വെള്ളം അധികം ആവശ്യമില്ലാത്ത കൃഷിരീതിയായ റീസര്‍ക്കുലേറ്ററി അക്വാകള്‍ച്ചര്‍ സിസ്റ്റം, മണ്ണും രാസവളങ്ങളുമില്ലാതെ, മത്സ്യവിസര്‍ജ്യം പ്രയോജനപ്പെടുത്തിയുള്ള അക്വാപോണിക്‌സ് തുടങ്ങിയ രീതികളെല്ലാം വിജയകരമാക്കുന്നുണ്ട് ഇദ്ദേഹം. 20,000 ലിറ്റര്‍ ടാങ്കില്‍ 1500 വരാല്‍ കൃഷിയിറക്കിയിട്ടുണ്ട്. ഗിഫ്റ്റ്, തിലപ്പിയ എന്നിവയുമുണ്ട്. ഫിഷറീസ് വകുപ്പിന്റെ ജനകീയ മത്സ്യക്കൃഷിയില്‍ കരിമീന്‍ വിത്തുല്പാദനയൂണിറ്റും നടത്തുന്നു.

പ്രവാസത്തില്‍നിന്ന് കൃഷിയിലേക്ക്

33 വര്‍ഷം അബുദാബിയിലായിരുന്നു സുബ്രഹ്മണ്യന്‍. കടല്‍വെള്ളം ശുദ്ധീകരിക്കുന്ന പ്ലാന്റില്‍ ഓപ്പറേറ്റിങ് ഓഫീസറായിരുന്നു. മക്കള്‍ വിദ്യാഭ്യാസത്തിനായി പുറത്തുപോയപ്പോള്‍ വീട്ടില്‍ ആളില്ലാത്തതിനാലാണ് നാട്ടിലേക്ക് മടങ്ങിയത്. കൃഷിയില്‍ താത്പര്യമുണ്ടായിരുന്നതിനാല്‍ പോളിഹൗസ് പണിത് കക്കരിക്ക കൃഷി തുടങ്ങി.

ആദ്യതവണതന്നെ 13 സെന്റില്‍ ഏഴരടണ്‍വരെ വിളവുകിട്ടി. പിന്നെയങ്ങോട്ട് പലതരം പച്ചക്കറികള്‍. 2017-ലാണ് അരസെന്റില്‍ മത്സ്യക്കൃഷിയിലേക്കുകടക്കുന്നത്. പിന്നീട് കേന്ദ്രഗവണ്‍മെന്റിന്റെ ബ്ലൂ റവലൂഷന്‍, ഫിഷറീസിന്റെ ജനകീയ മത്സ്യക്കൃഷി തുടങ്ങിയ പദ്ധതികളില്‍ സബ്സിഡിയോടെ മത്സ്യക്കൃഷി നടത്തി. സുഭിക്ഷകേരളം പദ്ധതിയിലും കൃഷിയിറക്കി.

'തൈ'വഴികള്‍

തിരൂര്‍ ബ്ലോക്കിലെ ഏഴ് കൃഷിഭവനുകള്‍ക്ക് പച്ചക്കറിത്തൈകള്‍ മുളപ്പിച്ചുനല്‍കുന്നത് ഇവിടെനിന്നാണ്. നാലുലക്ഷം തൈകള്‍വരെ ഒരു സീസണില്‍ നല്‍കിയിട്ടുണ്ട്.

Content Highlights: Malappuram native farmer who Growes Vannamei Prawns or Shrimps in biofloc tank