ശരീരം തളര്‍ന്നെങ്കിലും മനസ്സ് കീഴടങ്ങിയില്ല. ജീവിതത്തോട് പൊരുതി സുനില്‍ വിജയം വിളവെടുത്തു. 16 വര്‍ഷം മുന്‍പ് വാഹനാപകടത്തില്‍ പരിക്കേറ്റ് ഒരുവശം തളര്‍ന്ന മേമന സുനില്‍ മാത്യുവാണ് ജീവിതോപാധിയെന്നോണം മത്സ്യക്കൃഷി തുടങ്ങി വിജയഗാഥ തീര്‍ത്തത്.

നിലമ്പൂര്‍, ചുങ്കത്തറ തലഞ്ഞി പിള്ളപ്പാടത്തുള്ള മൂന്നരയേക്കര്‍ കുടുംബസ്വത്തില്‍ ഒരു കുളം നിര്‍മിച്ചാണ് കൃഷി തുടങ്ങിയത്. അത് വികസിപ്പിക്കുന്നതിനായി പഞ്ചായത്തിനെ സമീപിച്ചപ്പോള്‍ ആവശ്യത്തിനു ഫണ്ടില്ലാത്തതിനാല്‍ പ്രധാനമന്ത്രിയുടെ മത്സ്യ സംബന്ധ യോജന പദ്ധതിയില്‍ അംഗമാവുകയും ബയോ ഫ്ളോക് ഫിഷ് ഫാമിങ് രീതിയില്‍ പദ്ധതി തുടങ്ങുകയുമായിരുന്നു. ഇതുപ്രകാരം മത്സ്യം വളര്‍ത്താനുള്ള ഏഴ് ടാങ്കുകള്‍ ഉള്‍പ്പെടുന്ന പദ്ധതിക്ക് ഏഴരലക്ഷം രൂപ കേന്ദ്രസര്‍ക്കാര്‍ നല്‍കി.

sunil
സുനിൽ മാത്യു 

മൂന്നുലക്ഷം സബ്സിഡിയാണ്. സംസ്ഥാന, കേന്ദ്ര സര്‍ക്കാരുകളുടെ സഹായത്തോടെ നടത്തുന്ന മത്സ്യഫാമിന് പത്തുലക്ഷത്തോളം രൂപയാണ് ചെലവുവന്നത്. കുളത്തില്‍നിന്നുള്ള ഉപയോഗ്യശൂന്യമായ വെള്ളം സമീപത്തെ കമുകിന്‍തോട്ടത്തിന് നല്ല വളമായതിനാല്‍ ആ പ്രശ്നം അങ്ങനെയും പരിഹരിച്ചു. ഒടുവില്‍ വിളവെടുപ്പിനുള്ള സമയവുമെത്തി. മത്സ്യക്കൊയ്ത്ത് കഴിഞ്ഞദിവസം ചുങ്കത്തറ പഞ്ചായത്ത് പ്രസിഡന്റ് വത്സമ്മ സെബാസ്റ്റ്യന്‍ ഉദ്ഘാടനംചെയ്തു.

നിലമ്പൂരിലെ ഒരു സഹകരണബാങ്കിലെ ജീവനക്കാരനായിരുന്നു സുനില്‍. ഏതാനും മാസംകൂടി ജോലി ചെയ്താല്‍ ജോലി സ്ഥിരപ്പെടുമായിരുന്നു. ആ സമയത്തായിരുന്നു അപകടം. 16 വര്‍ഷത്തെ നിരന്തര ചികിത്സയിലൂടെ ജീവിതത്തിലേക്ക് തിരിച്ചു വരികയാണിന്ന്. പരിമിതികളുണ്ടെങ്കിലും ഇപ്പോള്‍ നടക്കാനും സംസാരിക്കാനും കഴിയും. മത്സ്യക്കൃഷിക്കു പുറമെ മറ്റു കൃഷികളും സുനിലിന്റെ നേതൃത്വത്തില്‍ നടത്തുന്നുണ്ട്. എട്ടരയേക്കര്‍ സ്ഥലത്തെ കൃഷി കഴിഞ്ഞ പ്രളയത്തില്‍ നശിച്ചിരുന്നു. ബാക്കി കാട്ടാനകളും നശിപ്പിച്ചു. അതിന്റെ വിഷമത്തിലാണിന്ന് സുനില്‍.

Content Highlights: Malappuram native farmer's biofloc fish farming