ടലുണ്ടിപ്പുഴയിലെ തെളിഞ്ഞ വെള്ളത്തില്‍ അയ്യായിരം മീന്‍കുഞ്ഞുങ്ങളെ വളര്‍ത്തുന്നതിനുള്ള കൂടൊരുക്കിയ യുവാവ് പുതിയ തൊഴില്‍സാധ്യതകളെ പരിചയപ്പെടുത്തുന്നു. സംസ്ഥാനസര്‍ക്കാരിന്റെ സുഭിക്ഷ കേരള പദ്ധതിയിലുള്‍പ്പെട്ട മത്സ്യക്കൂടിന്റെ പരീക്ഷണമാണ് മൂന്നിയൂര്‍ ചുഴലിയിലെ റിജയ് കാരാട്ട് നടത്തുന്നത്.

ഇതിനായി മീന്‍കുഞ്ഞുങ്ങളെ വളര്‍ത്താനുള്ള രണ്ട് കൂടുകളും ഒരുക്കി പുഴയിലിറക്കി കൃഷിയാരംഭിച്ചു. ഇരുമ്പുവലകള്‍, പ്ലാസ്റ്റിക് വലകള്‍, താര്‍വീപ്പകള്‍ തുടങ്ങിയവ ഉപയോഗിച്ചാണ് രണ്ട് കൂടുകള്‍ ഒരുക്കിയിരിക്കുന്നത്. പരിപാലനത്തിനായി സ്വന്തമായൊരു തോണിയും നിര്‍മിച്ചിട്ടുണ്ട് ഈ യുവാവ്. നാട്ടുകാരും സുഹൃത്തുക്കളുചേര്‍ന്ന് കൂടുംതോണിയും പുഴയിലിറക്കി.

ശുദ്ധജല മത്സ്യക്കൃഷിക്കായി മത്സ്യവകുപ്പ് നല്‍കുന്ന മീന്‍കുഞ്ഞുങ്ങളെയാണ് വളര്‍ത്തുന്നത്. ആറു മാസത്തിനകം വിളവെടുപ്പ് നടത്താനാകുന്ന 'ഗിഫ്റ്റ് തിലാപ്പി' ഇനത്തില്‍പ്പെട്ട മീനുകളാണ് പുഴയിലൊരുക്കിയ ഈ കൂട്ടില്‍ വളര്‍ത്തുന്നത്. കൂട് സുരക്ഷിതമായി നിലനിര്‍ത്തുന്നതിന് പുഴയോരത്തുതന്നെ നിരീക്ഷണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

പുതിയ തൊഴില്‍സാധ്യതകളെ പരിചയപ്പെടുത്തുന്നതോടൊപ്പം ആറു മാസത്തിനകം മികച്ച വിളവെടുപ്പ് നടത്താനായുള്ള ശ്രമത്തിലാണ് യുവാവും സുഹൃത്തുക്കളും.

Content Highlights: Malappuram Man grows 5,000 fish in Kadalundi river using cage farming