'സുഭിക്ഷ കേരളം' പദ്ധതിയുടെ ഭാഗമായി മത്സ്യക്കൃഷിയില്‍ പങ്കാളികളായി കേരള ഗസറ്റഡ് ഓഫീസേര്‍സ് അസോസിയേഷന്‍. കെ.ജി.ഒ.എ. താമരശ്ശേരി മേഖലയിലെ അംഗങ്ങളാണ് കട്ടാങ്ങല്‍ കമ്പനിമുക്കിനു സമീപമുള്ള കല്ലോലത്ത് പാറക്കുളത്തില്‍ മത്സ്യക്കൃഷി ഒരുക്കിയത്. നാടന്‍മത്സ്യങ്ങളുടെ രുചിയോട് കിടപിടിക്കുന്ന ചിത്രലാടന്‍ തിലാപിയ ഇനമാണ് പ്രധാനമായും കൃഷിചെയ്യുന്നത്. മായംകലരാത്ത മത്സ്യം ജീവനോടെ എതുസമയത്തും ലഭ്യമാക്കുകയാണ് ലക്ഷ്യം.

മത്സ്യക്കുഞ്ഞിന്റെ വിലയും തീറ്റച്ചെലവും പരിപാലനവും അടക്കം കിലോയ്ക്ക് 50 മുതല്‍ 60 രൂപ വരെ ചെലവുവരും. ആദ്യഘട്ടത്തില്‍ 350 കുഞ്ഞുങ്ങളെയാണ് വളര്‍ത്തുന്നത്. പരിപാലനവും മറ്റു പണികളുമെല്ലാം അംഗങ്ങള്‍തന്നെ ചെയ്ത് പരമാവധി ചെലവുചുരുക്കി കൂടുതല്‍ ലാഭംനേടുകയാണ് ലക്ഷ്യം.

കൂടുതല്‍ സ്ഥലങ്ങളില്‍ മത്സ്യക്കൃഷി നടത്തുന്നതിനുപുറമേ അധികമാരും ഇതുവരെ കൈവക്കാത്ത ശുദ്ധജല ഞണ്ടു കൃഷിമേഖലയിലേക്കും കടന്നുചെല്ലാനുള്ള ഒരുക്കത്തിലാണ് കെ.ജി.ഒ.എ. അംഗങ്ങള്‍. മുക്കം മേഖലാ ഭാരവാഹിയും വെറ്ററിനറിസര്‍ജനുമായ ഡോ. കെ.കെ. രവിക്കാണ് ഞണ്ടുകൃഷിയുമായി ബന്ധപ്പെട്ട പ്രാരംഭപ്രവര്‍ത്തനങ്ങളുടെ ചുമതല. പ്രദേശവാസിയായ കല്ലോലത്ത് മുരളീധനന്‍ സൗജന്യമായി വിട്ടുനല്‍കിയ കുളത്തിലാണ് മീന്‍കൃഷി.

കമ്പനിമുക്കില്‍ നടന്ന ചടങ്ങില്‍ കെ.ജി.ഒ.എ. സംസ്ഥാന സെക്രട്ടേറിയറ്റംഗം പി.പി. സുധാകരന്‍ ഓണ്‍ലൈനായി പദ്ധതി ഉദ്ഘാടനം നിര്‍വഹിച്ചു. താമരശ്ശേരി ഏരിയാ പ്രസിഡന്റ് എന്‍.കെ. ഹരീഷ് അധ്യക്ഷനായി. ഏരിയാ സെക്രട്ടറി ഡോ. ദിജേഷ് ഉണ്ണിക്കൃഷ്ണന്‍ പദ്ധതി വിശദീകരണം നടത്തി. ഷമേജ് രാജേഷ്, ഡോ. രവി എന്നിവര്‍ സംബന്ധിച്ചു.

Content Highlights: KGOA started Fish farming at Kozhikode