വീടിരിക്കുന്ന 20 സെന്റ് സ്ഥലത്ത് നടക്കാന്‍മാത്രം സ്ഥലം, ബാക്കിയിടമെല്ലാം മീനുകള്‍ക്കും പക്ഷികള്‍ക്കും. കാഞ്ഞിരപ്പള്ളി, ഇടക്കുന്നം, കട്ടുപ്പാറ സഫറുള്ളയുടെ ജീവിതം മീന്‍, പക്ഷി കൃഷിയിടത്തിലാണ്. വീടിന്റെ മുറ്റം മുതല്‍ ടെറസില്‍ വരെയാണ് കൃഷി. ചെറിയകപ്പ് വരെ ഇവിടെ മീന്‍ വളര്‍ത്തലിനുള്ള ഇടമാണ്. ഗപ്പിയിനത്തിലുള്ള മീനാണ് പ്രധാനമായും കൃഷി ചെയ്യുന്നത്.

പലയിനം അലങ്കാരപ്പക്ഷികള്‍ അദ്ദേഹത്തിന് പണ്ടേയുണ്ട്. വര്‍ഷങ്ങളായി പക്ഷികളെ വളര്‍ത്തുന്നുണ്ടെങ്കിലും മീന്‍കൃഷി ആരംഭിക്കുന്നത് കഴിഞ്ഞ വര്‍ഷമാണ്. റബ്ബര്‍പാല്‍ കച്ചവടമാണ് ചെയ്തിരുന്നത്. കോവിഡ് പ്രതിസന്ധിമൂലം വ്യാപാരം നിലച്ചതോടെ മീന്‍ കൃഷിയിലേക്ക് ഇറങ്ങി. ഉപയോഗശൂന്യമായ റബ്ബര്‍പാല്‍ ശേഖരിക്കുന്ന പ്ലാസ്റ്റിക് വീപ്പകളുടെ ഒരു ഭാഗം മുറിച്ചുമാറ്റിയാണ് കൃഷി ആരംഭിക്കുന്നത്.

വീപ്പ, അക്വേറിയം, തടികുളം, പ്ലാസ്റ്റിക് പാത്രങ്ങള്‍, പ്ലാസ്റ്റിക് കുളങ്ങള്‍ തുടങ്ങിയവയിലായി പതിനായിരത്തിലകം മീനുകള്‍ സഫറുള്ളയുടെ കൃഷിയിടത്തിലുണ്ട്. പത്ത് രൂപ മുതല്‍ 4,000 രൂപ വരെ വിലയുള്ള ഗപ്പി മത്സ്യങ്ങളാണ് ഇവിടെയുള്ളത്. ബോന്‍ഡിയം റെഡ്, ഡെംപോ ഇയര്‍, പ്ലാറ്റിനം റെഡ്റ്റൈല്‍, ചില്ലി മൊസൈക്, ഫുള്‍ ബ്ലാക്ക്, ഫുള്‍ വൈറ്റ്, തായ്വാന്‍ യെല്ലോ തുടങ്ങി 20 ഇനങ്ങളിലുള്ള മീനുകളും കൃഷിയിടത്തിലുണ്ട്.

ചെലവ് കുറവ്

ചെലവ് കുറഞ്ഞ കൃഷിരീതിയാണ് കൃഷിയിടത്തിലേത്. കുളത്തില്‍ മണ്ണിട്ട് ചെടി നട്ട് അതില്‍ വെള്ളംനിറച്ചാണ് കൃഷിചെയ്യുന്നത്. ഇതിനാല്‍ കൃത്രിമ ഓക്സിജനും അതിനുള്ള വൈദ്യുതി ചെലവുമില്ല. വെള്ളത്തില്‍ വളരുന്ന വിവിധയിനങ്ങളിലുള്ള ചെടികളുണ്ട്. കുളത്തില്‍ നിറച്ച മണ്ണിലേക്ക് മീനുകളുടെ വിസര്‍ജ്യം അടിയുന്നതിനാല്‍ അടിക്കടി വെള്ളം മാറ്റി കൊടുക്കേണ്ടതുമില്ല.

തടിയുപയോഗിച്ച് നാല് നിലകളിലായി കുളങ്ങള്‍ നിര്‍മിച്ച് സ്ഥലപരിമിതിയും മറികടക്കുന്നു. മുരിങ്ങയിലയും ഉണക്കചെമ്മീന്‍ പൊടിച്ച മിശ്രിതവും വാഴയില വെള്ളത്തില്‍ ഒരാഴ്ചയോളം ഇട്ട് വെച്ചുണ്ടാകുന്നതുമാണ് തീറ്റയായി നല്‍കുന്നത്.

മികച്ച വരുമാനം

ലോക് ഡൗണിന് മുന്‍പ് വരെ 30,000 രൂപ മുതല്‍ മാസം വരുമാനം ലഭിച്ചിരുന്നു. സംസ്ഥാനത്തിന്റെ വിവിധ ജില്ലകളില്‍നിന്ന് മീന്‍ വാങ്ങുവാന്‍ ആളുകള്‍ സഫറുള്ളയുടെ വീട്ടിലെത്തിയിരുന്നു. വീട്ടമ്മമാര്‍, സംഘങ്ങള്‍ തുടങ്ങിയവര്‍ക്ക് വീട്ടിലിരുന്ന് തന്നെ മികച്ച വരുമാനം ലഭിക്കുന്ന കൃഷിയാണിതെന്ന് സഫറുള്ള പറയുന്നു. മൗലവി പഠനം പൂര്‍ത്തിയാക്കിയ മകന്‍ ആദവും കൃഷിയില്‍ സഹായത്തിനായുണ്ട്.

Content Highlights: Agriculture Aqua Culture: Kanjirappally native man Breeds Guppies at Home