മായമില്ലാത്ത നല്ല പെടയ്ക്കണ മീന്‍... കോവിഡ്കാലത്ത് മലയാളിയുടെ പ്രിയ വിഭവമാവുകയാണ് കുളങ്ങളില്‍ വളര്‍ത്തുന്ന ശുദ്ധജല മത്സ്യങ്ങള്‍. അയലയും മത്തിയും ഉള്‍പ്പെടെയുള്ള കടല്‍മത്സ്യങ്ങള്‍ക്ക് ക്ഷാമമേറിയപ്പോള്‍ ശുദ്ധജല മത്സ്യങ്ങള്‍ തീന്‍മേശകള്‍ കീഴടക്കി. ഇത് നേട്ടമായത് മത്സ്യക്കൃഷി തൊഴിലാക്കിയ കര്‍ഷകര്‍ക്കും.

ലാഭകരമായ തൊഴില്‍

കോവിഡ്കാലത്ത് ലാഭകരമായ തൊഴിലായിരിക്കയാണ് ശുദ്ധജല മത്സ്യക്കൃഷി. സ്വന്തമായി കുളമുണ്ടെങ്കില്‍ വീട്ടിലിരുന്നും വരുമാനമുണ്ടാക്കാം. പുതുതായി മത്സ്യക്കൃഷി ആരംഭിക്കാന്‍ ഒട്ടേറെപ്പേര്‍ തയ്യാറെടുക്കുന്നുണ്ടെന്ന് ഫിഷറീസ് അധികൃതര്‍ പറഞ്ഞു. കൃഷിയെക്കുറിച്ച് കേട്ടുമാത്രം പരിചയമുള്ളവരടക്കമുണ്ട്. കട്ല, രോഹു, മൃഗാല എന്നീ മത്സ്യങ്ങളടങ്ങുന്ന കാര്‍പ്പ് കൃഷിക്കാണ് കൂടുതല്‍പേര്‍. കാര്‍പ്പ്കൃഷി മീനുകള്‍ക്ക് ഒരുവര്‍ഷംകൊണ്ട് ഒന്നുമുതല്‍ ഒന്നരക്കിലോഗ്രാംവരെ വരും. ഒരു ഹെക്ടര്‍ കുളത്തില്‍നിന്ന് 4-5 ടണ്‍വരെ വിളവെടുക്കാം. അഞ്ചുലക്ഷം രൂപയാണ് ഹെക്ടറിന് ചെലവ്. കിലോഗ്രാമിന് 150 രൂപ നിരക്കില്‍ വില്പന നടത്തിയാല്‍ മൂന്നുലക്ഷംരൂപവരെ ലാഭമുണ്ടാകും.

70 ലക്ഷം മത്സ്യക്കുഞ്ഞുങ്ങളെ വളര്‍ത്തും

കുളങ്ങളുണ്ടെങ്കിലും പാലക്കാട്ടുകാര്‍ക്ക് അധികം പരിചിതമല്ലാത്ത കൃഷിയായിരുന്നു മത്സ്യക്കൃഷി. കഴിഞ്ഞവര്‍ഷം സ്വകാര്യ പൊതുകുളങ്ങളിലും ചെറിയ ജലാശയങ്ങളിലുമായി 800 ഹെക്ടര്‍ സ്ഥലത്താണ് മത്സ്യക്കൃഷിയിറക്കിയത്. 40 ലക്ഷം മത്സ്യക്കുഞ്ഞുകളെ നിക്ഷേപിച്ചു. ഇതിന്റെ വിളവെടുപ്പ് നടക്കുന്നു. ചിറ്റൂര്‍, ആലത്തൂര്‍, പാലക്കാട് താലൂക്കുകളിലാണ് കൂടുതലായും കൃഷിയുള്ളത്. ഇത്തവണ 1,000 ഹെക്ടറിലേക്ക് കൃഷി വ്യാപിപ്പിക്കാനൊരുങ്ങുകയാണ് അധികൃതര്‍. 70 ലക്ഷം മത്സ്യക്കുഞ്ഞുങ്ങളെയാണ് ഇക്കുറി നിക്ഷേപിക്കുക.

രണ്ട് സെന്റിലെ ജലാശയം മതി

വീട്ടുവളപ്പിലെ കുളത്തില്‍ ചെയ്യാവുന്ന പടുതക്കുളം മത്സ്യക്കൃഷി, നൂതനരീതിയിലുള്ള ബയോ ഫ്‌ളോക്ക് മത്സ്യക്കൃഷി എന്നിവയുണ്ട്. വീട്ടുവളപ്പിലെ കൃഷിക്ക് രണ്ട് സെന്റിലുള്ള ജലാശയം വേണം. അരമീറ്റര്‍ താഴ്ചയില്‍ കുഴിയെടുത്ത് മുകളില്‍ ടാര്‍പ്പോളിന്‍ പോലുള്ള ഷീറ്റുവിരിച്ച് കൃഷിചെയ്യാം.

അഞ്ചുമീറ്റര്‍ വ്യാസമുള്ള ടാങ്കില്‍ ബാക്ടീരിയയെ വളര്‍ത്തി മത്സ്യക്കൃഷി നടത്തുന്നതാണ് ബയോ ഫ്‌ളോക്ക് കൃഷി. ഫിഷറീസ് വകുപ്പിന്റെയും തദ്ദേശസ്ഥാപനത്തിന്റെയും ഫണ്ടുപയോഗപ്പെടുത്തി നടപ്പാക്കുന്ന ഈ പദ്ധതികള്‍ക്ക് 40 ശതമാനം സബ്സിഡിയുണ്ട്.

ജനകീയ മത്സ്യക്കൃഷിപദ്ധതിവഴി ശാസ്ത്രീയ സമ്മിശ്ര കാര്‍പ്പ്കൃഷി, ആസാംവാള കൃഷി, നൈല്‍ തിലാപ്പിയ കൃഷി, റീസര്‍ക്കുലേറ്ററി അക്വ കള്‍ച്ചര്‍ സിസ്റ്റം, കരിമീന്‍ വിത്തുപരിപാലന യൂണിറ്റുകള്‍, കൂടുമത്സ്യക്കൃഷി തുടങ്ങിയ പദ്ധതികളും നടപ്പാക്കുന്നുണ്ടെന്ന് ഫിഷറീസ് വകുപ്പ് ജില്ലാ ഡെപ്യൂട്ടി ഡയറക്ടര്‍ സജി എം. രാജേഷ് പറഞ്ഞു.

പടുതക്കുളം മത്സ്യക്കൃഷി

രണ്ട് സെന്റ് സ്ഥലത്ത് 40 സെന്റീമീറ്റര്‍ ആഴത്തില്‍ മണ്ണെടുത്ത് കുഴിയുണ്ടാക്കുക. ഈ മണ്ണുകൊണ്ടുതന്നെ കുളത്തിന് ബണ്ടൊരുക്കുക. ബണ്ടിന്റെ ഉയരം ഏകദേശം ഒരുമീറ്ററാറുകുമ്പോള്‍ ആവശ്യമായ വെള്ളംനിറച്ച് മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കുക.

 • മത്സ്യ ഇനം - വാള
 • പദ്ധതി കാലാവധി - 10 മാസം
 • ചെലവ് - 1.20 ലക്ഷം രൂപ
 • സര്‍ക്കാര്‍വിഹിതം - 40 ശതമാനം
 • ഗുണഭോക്തൃവിഹിതം - 60 ശതമാനം
 • നേട്ടം - 1,000 കിലോഗ്രാം മത്സ്യം

ബയോഫ്‌ളോക്ക്

തറനിരപ്പില്‍നിന്ന് 1.2 മീറ്റര്‍ ഉയരത്തിലും നാലരമീറ്റര്‍ വ്യാസത്തിലുമുള്ള ഇരുമ്പുചട്ടക്കൂട് ഉണ്ടാക്കുക. ഇതിനകത്തേക്ക് പി.വി.സി. ലൈനിങ്ങുള്ള എച്ച്.ഡി.പി.ഇ. വിരിച്ച് ടാങ്കിന് സമാനമാക്കുക. പിന്നീട് 15 ദിവസംകൊണ്ട് മണ്ണും രാസവസ്തുക്കളും ഉപയോഗിച്ച് ഹെട്രോടോഫിക് എന്ന ബാക്ടീരിയയെ വളര്‍ത്തുക. പിന്നീട് 100 സെന്റീമീറ്റര്‍ ഉയരത്തില്‍ വെള്ളംനിറച്ച് മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കുക.

 • മത്സ്യ ഇനം -തിലോപ്പിയ
 • പദ്ധതി കാലാവധി -ആറ് മാസം
 • ചെലവ് -1.38 ലക്ഷം
 • സര്‍ക്കാര്‍ വിഹിതം -40 ശതമാനം
 • ഗുണഭോക്തൃ വിഹിതം -60 ശതമാനം
 • നേട്ടം -500 കിലോഗ്രാം

വില്പന ഇരട്ടിച്ചു

കോവിഡ്കാലമായതോടെ കുളത്തിലെ മീനിന് ആവശ്യക്കാരേറെയാണ്. അവധിദിവസങ്ങളില്‍ 100 കിലോഗ്രാം മീന്‍വരെ വിറ്റുപോകുന്നുണ്ട്. ഇത്രയും വില്പന മുമ്പുണ്ടായിട്ടില്ല -കെ.എന്‍. ഗോപാലകൃഷ്ണന്‍ (കടുക്കാംകുന്നം, ശുദ്ധജലമത്സ്യ കര്‍ഷകന്‍)

കൃഷി ലാഭം

മറ്റ് കൃഷികളെ അപേക്ഷിച്ച് മത്സ്യക്കൃഷി ലാഭമാണ്. വലിയ മുതല്‍മുടക്കില്ല. മീനിന്റെ തീറ്റയ്ക്കുള്ള പണമുള്‍പ്പെടെ വകുപ്പ് തരുന്നുണ്ട്. ഈ സമയത്ത് മത്സ്യക്കൃഷിയില്‍നിന്നുള്ള വരുമാനം വലിയ ആശ്വാസമാണ് -സരസ്വതി (വടകരപ്പതി പരിശിക്കല്‍, മത്സ്യ കര്‍ഷക)

Content Highlights: Inland Aquaculture in Kerala; Challenges and Opportunities