'കുളത്തിലും മറ്റും വളര്‍ത്തുന്ന മീനിന് രുചിയുണ്ടാകുമോ...എന്തോ ചുവയുണ്ടാകില്ലേ' എന്ന് ആലോചിച്ച് വളര്‍ത്തുമീന്‍ വാങ്ങാത്തവര്‍ ഇപ്പോള്‍ അങ്ങനെ പറയില്ല. ലോക്ഡൗണ്‍കാലം തുടങ്ങിയപ്പോള്‍ മുതല്‍ വളര്‍ത്തുമീനിന് ആവശ്യക്കാരേറി. പൊതുവേ മീന്‍ കുറഞ്ഞ ഈ സാഹചര്യത്തില്‍ മീന്‍ ചോദിച്ചെത്തുന്നവര്‍ ഏറിയെങ്കിലും കൊടുക്കാന്‍ തികയുന്നില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്.

''സീസണില്‍ ആയിരം കിലോയ്ക്കടുത്തൊക്കെ നേരത്തേ മീന്‍വിറ്റിട്ടുണ്ട്. ഒരുദിവസംതന്നെ 80,000 രൂപയുടെ മീന്‍വിറ്റ ദിവസവുമുണ്ടായിട്ടുണ്ട്. ഇനീപ്പോ ഉള്ള മീന്‍ അടുത്തമാസത്തോടെ വില്‍ക്കാന്‍ പറ്റുന്നവയാണ്...''- കക്കോടി മാടത്തുംപാറയില്‍ നാലുവര്‍ഷമായി മീന്‍കൃഷി നടത്തുന്ന എം.പി. സശോഭ് പറഞ്ഞു. സുഹൃത്തുക്കള്‍ ചേര്‍ന്നാണ് കൃഷി. രണ്ടിടങ്ങളിലായി നാലുകുളവുമുണ്ട്. ''പുറത്ത് മാര്‍ക്കറ്റുകളില്‍ കൊടുക്കാന്‍ പറ്റാറില്ല. പ്രാദേശികമായിതന്നെ വില്‍ക്കും. ഒരുപാടു പേര്‍ മീന്‍ തേടിവരാറുണ്ട്. രാസവസ്തുക്കളൊന്നുമില്ലാത്തതിനാല്‍ ആളുകള്‍ വിശ്വാസത്തോടെ വാങ്ങും...''-സശോഭ് പറയുന്നു.

ലോക്ഡൗണില്‍ മീന്‍ലഭ്യത കുറഞ്ഞു, കേടായ മീന്‍ പലഭാഗങ്ങളില്‍നിന്ന് പിടിച്ചു. അതോടെ ആളുകള്‍ വളര്‍ത്തുമീനുകള്‍ കൂടുതലായി വാങ്ങാന്‍തുടങ്ങി. ഒരിക്കല്‍ വാങ്ങിയവര്‍ തന്നെയാണ് പിന്നെയും മീന്‍ ചോദിച്ചുവരുന്നവരിലേറെയെന്നാണ് കര്‍ഷകരുടെ അഭിപ്രായം. ലോക്ഡൗണ്‍ സമയത്തുതന്നെ ഉള്ള മീനെല്ലാം വിറ്റുതീര്‍ന്നെന്നാണ് പിലാശ്ശേരിയിലെ അനന്തു രമേഷ് പറയുന്നത്. 25-30 കിലോ മീനൊക്കെയാണ് ദിവസവും വിറ്റത്. ഓണമാകുമ്പോഴേക്കും കുറച്ച് മീന്‍ വില്‍ക്കാനുണ്ടാകും. ഇപ്പോള്‍ മീന്‍കുഞ്ഞുങ്ങളെകൂടി വില്‍ക്കാന്‍ തുടങ്ങിയിരിക്കുകയാണ് ബിരുദവിദ്യാര്‍ഥിയായ അനന്തു.

കരിമീന്‍, ഗിഫ്റ്റ്, അസാം വാള

രോഹു, കട്ല, കരിമീന്‍, ഗിഫ്റ്റ്, അസാം വാള, നട്ടര്‍ എന്നിവയെല്ലാം പലരും വളര്‍ത്തുന്നുണ്ട്. കിലോയ്ക്ക് 250 രൂപ മുതല്‍ വിലയുണ്ട്. കരിമീനിനുതന്നെ 350 രൂപ മുതല്‍ 600 രൂപ വരെയാണ് വില. മറ്റുള്ളതിന് 200-250 ന് മുകളില്‍ വരും. നല്ലയിനം ഗിഫ്റ്റിന്റെ സ്വാദ് കരിമീനിന് മുകളില്‍ നില്‍ക്കുമെന്നാണ് കര്‍ഷകര്‍ പറയുന്നത്.ആറുമാസംകൊണ്ട് വളര്‍ച്ചയെത്തും. ഓരോന്നും 200-250 ഗ്രാം മുതല്‍ ഒരു കിലോയ്ക്കടുത്ത് വരെ തൂക്കം ലഭിക്കുന്നുണ്ടെന്ന് കര്‍ഷകര്‍ പറയുന്നു. ആയിരം അസാം വാളക്കുഞ്ഞുങ്ങള്‍ ഉണ്ടെങ്കില്‍ ഒരുവര്‍ഷംകൊണ്ട് ഒരു ടണ്‍ ഉത്പാദനം കിട്ടുമെന്നാണ് കണക്ക്.

മീന്‍വിത്ത് നല്ലതായിരിക്കണം. എങ്കിലേ കൃഷിയും നല്ലതാവൂ. ഈ മേഖലയില്‍ പരിചയമുള്ളവരുടെ സഹായത്തോടെ വേണം കൃഷിയിലിറങ്ങാനെന്നാണ് കര്‍ഷകര്‍ പറയുന്നത്. കൃഷി തുടങ്ങിയപ്പോള്‍ പ്രശ്നങ്ങളുണ്ടായിരുന്നുവെങ്കിലും ഇപ്പോള്‍ നല്ലരീതിയില്‍ മുന്നോട്ടുപോകുന്നുണ്ടെന്ന് ചെലപ്രത്തെ എബ്രഹാം മാത്യു പറഞ്ഞു. കുളം, പടുതാക്കുളം രീതി(കൃത്രിമക്കുളം), ഇരുമ്പുചട്ടക്കൂടുകൊണ്ട് ടാര്‍പോളിന്‍ ചെയ്തുള്ള ബയോഫ്ളോക്ക്, പച്ചക്കറിയും മീനും ഒന്നിച്ചുകൊണ്ടുപോകുന്ന അക്വാപോണിക്സ് തുടങ്ങിയ രീതികളാണ് പലരും പിന്തുടരുന്നത്.

നല്ല സ്വാദുതന്നെ

വളര്‍ത്തുമീനിന്റെ രുചിക്ക് പ്രശ്നമൊന്നുമില്ല. നല്ല സ്വാദാണ്. കൃഷിയിറക്കുമ്പോള്‍ ഗുണമേന്മയുള്ള മീന്‍കുഞ്ഞുങ്ങളെവേണം വളര്‍ത്താന്‍. ഫിഷറീസ് വകുപ്പില്‍നിന്നും സ്വകാര്യകേന്ദ്രങ്ങളില്‍നിന്നും ലഭിക്കും. വഞ്ചിക്കപ്പെടാതെ ശ്രദ്ധിക്കണം. - എബ്രഹാം മാത്യു (ചെലപ്രം)

മീന്‍ തികയുന്നില്ല

ഒരിക്കല്‍ മീന്‍വാങ്ങിയവര്‍ പിന്നെയും നമ്മളെ തേടിവരും. ആവശ്യക്കാര്‍ക്ക് കൊടുക്കാന്‍ മീന്‍ പലപ്പോഴും തികയാത്ത സ്ഥിതിയാണ്. -അനന്തു പിലാശ്ശേരി

മീന്‍കൃഷിക്ക് താത്പര്യമേറുന്നു

കൂടുതല്‍പേര്‍ ഈ മേഖലയില്‍ താത്പര്യം പ്രകടിപ്പിക്കുന്നുണ്ട്. നേരത്തേ ആയിരം അപേക്ഷകരൊക്കെ ഉള്ളത് ഇപ്പോള്‍ അയ്യായിരമായി. സുഭിക്ഷ കേരളത്തിന്റെ ഭാഗമായി തന്നെ 750-ഓളം മത്സ്യക്കൃഷി യൂണിറ്റുകളാണ് ഒരുങ്ങുന്നത്. വകുപ്പ് ഓണ്‍ലൈന്‍ ക്ലാസ് നല്‍കുന്നുണ്ട്. -സുധീര്‍ കിഷന്‍ (ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍)

Content Highlights: Inland Aquaculture in Kerala