കോവിഡ് കാലത്ത് സംസ്ഥാനത്ത് ഉള്‍നാടന്‍ മത്സ്യക്കൃഷിയിലേക്ക് തിരിഞ്ഞത് ഏഴായിരത്തോളം കര്‍ഷകര്‍. ഉള്‍നാടന്‍ മത്സ്യക്കൃഷിവഴിയുള്ള ഉത്പാദനത്തിലും വന്‍ വര്‍ധനയുണ്ടായി. ഇക്കൊല്ലം 34,987 ടണ്‍ മത്സ്യം കര്‍ഷകര്‍ ഉത്പാദിപ്പിച്ചു. 2019-20 സാമ്പത്തികവര്‍ഷം 25,081 ടണ്ണായിരുന്നു ഉത്പാദനം. 40 ശതമാനത്തോളമാണ് വര്‍ധന.

കോവിഡ് പാക്കേജിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ തുടങ്ങിയ സുഭിക്ഷകേരളം പദ്ധതിപ്രകാരംമാത്രം മത്സ്യക്കൃഷിയിലേക്ക് ആറായിരത്തിലേറെ സംരംഭകരെത്തി. 4,186 പടുതാക്കുളങ്ങള്‍ സ്ഥാപിച്ച് മത്സ്യക്കൃഷി തുടങ്ങി. കൃത്രിമക്കുളങ്ങള്‍ സ്ഥാപിച്ച് രണ്ടായിരത്തിലേറെ ബയോഫോക്ക് യൂണിറ്റുകളും പുതുതായി വന്നു. കോവിഡിന്റെ പശ്ചാത്തലത്തില്‍ തൊഴില്‍ നഷ്ടപ്പെട്ടവരും തിരിച്ചെത്തിയ പ്രവാസികളുമാണ് പദ്ധതിയുടെ ഭാഗമായവരില്‍ പകുതിയിലേറെയും. എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍വരെ സുഭിക്ഷകേരളം പദ്ധതിയില്‍ പങ്കാളികളായിട്ടുണ്ടെന്ന് ഫിഷറീസ് വകുപ്പ് അധികൃതര്‍ പറഞ്ഞു.

ജനകീയ മത്സ്യക്കൃഷിക്ക് ഇക്കൊല്ലം 98 കോടിയാണ് സര്‍ക്കാര്‍ നീക്കിവെച്ചിരിക്കുന്നത്. ഇതില്‍ 74 കോടിയും സബ്‌സിഡി ഇനത്തില്‍ കര്‍ഷകര്‍ക്കുതന്നെ ലഭിക്കും. കോവിഡ് കാരണം ഇടയ്ക്കിടെ തുറമുഖങ്ങള്‍ അടഞ്ഞുകിടന്നതും ട്രോളിങ് നിരോധനവും ഉള്‍നാടന്‍ മത്സ്യക്കര്‍ഷകര്‍ക്ക് ഗുണകരമായി. ആവശ്യക്കാര്‍ കുറവായിരുന്നതിനാല്‍, മുന്‍പ് വളര്‍ത്തുമീന്‍ വില്‍പ്പന ബുദ്ധിമുട്ടായിരുന്നു. ഇക്കൊല്ലം ആവശ്യക്കാരേറുകയും സാമാന്യം നല്ല വില ലഭിക്കുകയും ചെയ്തു. അസം വാളയുടെ വില്‍പ്പനയിലാണ് ചെറിയതോതില്‍ ബുദ്ധിമുട്ടു നേരിട്ടത്. മത്സ്യഫെഡുമായി ചേര്‍ന്ന് അസം വാള വില്‍ക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍.

ഇക്കൊല്ലം ദേശീയ മത്സ്യകര്‍ഷകദിനാചരണത്തിന്റെ ഭാഗമായി 'എവിടെയെല്ലാം ജലാശയം അവിടെയെല്ലാം മത്സ്യം' എന്ന പ്രചാരണം സംസ്ഥാനത്ത് തുടങ്ങും. ബ്ലോക്ക് തലത്തില്‍ മികച്ച കര്‍ഷകരെ ആദരിക്കും. പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ശനിയാഴ്ച രാവിലെ 10.30-ന് നിര്‍വഹിക്കും.

Content Highlights: Increase in fish farming in the state