തൃശൂര്‍: പൊതു ജലാശയങ്ങളിലെ അനധികൃത മീന്‍പിടിത്തരീതികള്‍ക്കെതിരേ കര്‍ശന നടപടികളുമായി മത്സ്യവകുപ്പ് രംഗത്ത്. ഉള്‍നാടന്‍ മത്സ്യസമ്പത്ത് സംരക്ഷിക്കുന്നതിനാണ് മത്സ്യവകുപ്പ് നടപടിയെടുക്കുന്നത്. ഏങ്ങണ്ടിയൂര്‍ പഞ്ചായത്തിലെ പുളിക്കക്കടവുമുതല്‍ ചേറ്റുവവരെ കായലില്‍ നൊരുമ്പുപയോഗിച്ചുള്ള മീന്‍പിടിത്തം വ്യാപകമായെന്ന പരാതിയെത്തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇവ കണ്ടെത്തി നീക്കം ചെയ്തുതുടങ്ങി.

മരക്കമ്പുകള്‍, മടല്‍, ചുള്ളിക്കമ്പുകള്‍ എന്നിവയുപയോഗിച്ച് വൃത്താകൃതിയില്‍ തയ്യാറാക്കുന്ന കൃത്രിമ മത്സ്യാകര്‍ഷകകേന്ദ്രങ്ങളാണ് നൊരുമ്പ്. ഇവിടങ്ങളില്‍ പ്രജനനത്തിനും ആഹാരത്തിനുമായി എത്തുന്ന വാണിജ്യപ്രാധാന്യമുള്ള കരിമീന്‍, കാളാഞ്ചി, ചെമ്പല്ലി എന്നീ മത്സ്യങ്ങളെ വേലിയറക്ക സമയത്ത് വളഞ്ഞുപിടിക്കുകയാണ് ചെയ്യുന്നത്. ഇതിലൂടെ പ്രജനനശേഷം അവശേഷിക്കുന്ന മത്സ്യക്കുഞ്ഞുങ്ങള്‍ മുട്ടകള്‍ വളര്‍ച്ചയെത്താത്ത നാടന്‍മത്സ്യങ്ങള്‍ എന്നിവ കൂട്ടത്തോടെ നശിപ്പിക്കപ്പെടുന്നതായി കണ്ടെത്തി.

ഇതേത്തുടര്‍ന്നാണ് മത്സ്യവകുപ്പ് ഇന്‍സ്പെക്ടര്‍മാരായ വി.എസ്. സുരേഷ്ബാബു, പി.എ. ഫാത്തിമ, ഫിഷറീസ് അസിസ്റ്റന്റുമാരായ മനീഷ് മോഹന്‍, കെ.കെ. ജിനു, എം.വി. സുരേഷ്, സീ ഗാര്‍ഡുമാരായ ഫസല്‍, ഷിഹാബ്, വാടാനപ്പള്ളി സ്റ്റേഷനിലെ സി.പി.ഒ. ആര്‍. രാജേഷ്, പാവറട്ടി സ്റ്റേഷനിലെ സി.പി.ഒ. ഇ.ജി. അനില്‍ എന്നിവരാണ് പുളിക്കക്കടവു പാലത്തിനിരുവശത്തുമായി സ്ഥാപിച്ചിരുന്ന 20 നൊരുമ്പുകള്‍ നീക്കിയത്. മത്സ്യത്തൊഴിലാളികളുടെ സഹകരണവുമുണ്ടായി.

നശീകരണ മീന്‍പിടിത്തരീതികളായ തോട്ടപൊട്ടിക്കല്‍, സ്ഫോടകവസ്തു പ്രയോഗിക്കല്‍, വൈദ്യുതിയോ വൈദ്യുതോപകരണങ്ങളോ ഉപയോഗിക്കല്‍, വിഷവസ്തുക്കളോ രാസവസ്തുക്കളോ കലക്കല്‍, വിഷച്ചെടികള്‍ ഉപയോഗിക്കല്‍, നൊരുമ്പുകള്‍ ഉപയോഗിക്കല്‍, രാത്രിയില്‍ വെളിച്ചമുപയോഗിക്കല്‍ എന്നിവ നിരോധിച്ച രീതികളാണ്. എന്നാല്‍, ഇത്തരം രീതികള്‍ ഇപ്പോഴും തുടരുന്നതിനാലാണ് മത്സ്യവകുപ്പ് ഉള്‍നാടന്‍ കായലില്‍ പരിശോധന കര്‍ശനമാക്കിയത്. മത്സ്യവകുപ്പ് ജില്ലാ ഡയറക്ടര്‍ എസ്. സുഹൈര്‍, അസി.ഡയറക്ടര്‍ വി. പ്രശാന്തന്‍ എന്നിവരാണ് പരിശോധനകള്‍ക്ക് നേതൃത്വം നല്‍കുന്നത്.

Content highlights: Aqua culture, Fish, Illegal fishing