വെഞ്ഞാറമൂട്: സാധാരണഗതിയില്‍ ഒരേക്കറില്‍ അയ്യായിരം മീന്‍ ഉത്പാദിപ്പിക്കുമ്പോള്‍ ഒരുസെന്റില്‍ അയ്യായിരം മീന്‍ ഉത്പാദിപ്പിച്ച് വിജയഗാഥ രചിച്ചിരിക്കുകയാണ് മൂന്നു യുവ എന്‍ജിനീയര്‍മാര്‍. മാണിക്കല്‍ പഞ്ചായത്തിലെ മുണ്ടയ്ക്കല്‍വാരം ഗ്രാമത്തിലാണ് മനോജ്, വിഷ്ണു, അഭിലാഷ് എന്നിവര്‍ചേര്‍ന്നാണ് ഒരു സെന്റ് ഭൂമിയില്‍ മീന്‍കൃഷി നടത്തുന്ന ഹൈ ഡെന്‍സിറ്റി ഫിഷ് ഫാമിങ് പരിചയപ്പെടുത്തിയത്. ഇവരുടെ പേരിലെ അക്ഷരങ്ങള്‍ചേര്‍ത്ത് എ.വി.എം.കെ. എന്ന പേരിലാണ് ഫാം തുടങ്ങിയത്.

fishകൊച്ചിന്‍ യൂണിവേഴ്സിറ്റിയുടെ എന്‍.സി.എ.എ.എച്ച്. (നാഷണല്‍ സെന്റര്‍ ഫോര്‍ അക്വാ ആന്‍ഡ് അനിമല്‍ ഹെല്‍ത്ത്) എന്ന പദ്ധതിയാണ് ഈ ഗ്രാമത്തില്‍ നടത്തിയത്.  കുളത്തില്‍ അയ്യായിരം മീന്‍കുഞ്ഞുങ്ങളെയാണ് വളര്‍ത്തിയെടുത്തത്. വെള്ളത്തിലെ അമോണിയയെ ചെറുയന്ത്രത്തിന്റെ സഹായത്തില്‍ ശുചീകരിക്കുകയാണ് ആദ്യം ചെയ്യുന്നത്. 

അതുപോലെ വെള്ളം എപ്പോഴും ശുചിയാക്കി ഓക്സിജന്റെ അളവ് ക്രമീകരിക്കുന്ന ആര്‍.എ.എസ്. എന്ന സംവിധാനവും ഉപയോഗിക്കുന്നു. അമോണിയ ഒരുസ്ഥലത്ത് അടിയുന്നതിനുവേണ്ടി ചരിച്ചാണ് കുളം പണിതിരിക്കുന്നത്. വിജയവാഡയിലെ സര്‍ക്കാര്‍ ഫാക്ടറിയില്‍ നിന്നുമാണ് 'ഗിഫ്റ്റ്' എന്ന മീന്‍കുഞ്ഞുങ്ങളെ വാങ്ങിയത്. കേരള ഫിഷറീസ് വകുപ്പ് ഇതിന് സബ്സിഡിയും മറ്റു സഹായവും നല്‍കുന്നുണ്ട്. മീന്‍ വിളവെടുപ്പ് ജില്ലാപ്പഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധു ഉദ്ഘാടനം ചെയ്തു. കെ.ബി.ശ്രീകുമാര്‍, ബീനാസുകുമാര്‍, പമീല, ഡോ.പി.എസ്.അനിത, എന്‍.എസ്.സിന്ധു, വിഷ്ണു എന്നിവര്‍ സംസാരിച്ചു.

Content highlights: High density fish farming, Aqua culture