നി ശൂന്യതയില്‍നിന്ന് തുടങ്ങണം. ഓരോദിവസവും മഴ കനക്കുമ്പോള്‍ ഉള്ളുരുകി പ്രാര്‍ഥിക്കുമായിരുന്നു, ഇനിയും മഴ കനക്കല്ലേ എന്ന്. പക്ഷേ, പരിപാലിച്ചുപോന്ന മത്സ്യങ്ങള്‍ ഒഴുകിപ്പോയി. വര്‍ഷങ്ങളുടെ കഠിനാധ്വാനത്തില്‍ സ്വരുക്കൂട്ടിയ സമ്പാദ്യമെല്ലാം ഒരാഴ്ചകൊണ്ട് ഒലിച്ചുപോയതിന്റെ സങ്കടത്തിലാണ് തീരദേശത്തെ മത്സ്യകര്‍ഷകര്‍. പോരാത്തതിന് കൃഷിക്കായെടുത്ത വായ്പ ഇനി എങ്ങനെ തിരിച്ചടയ്ക്കുമെന്ന വേവലാതി വേറെ.

പടന്ന, ചെറുവത്തൂര്‍ പഞ്ചായത്തുകളുടെ തീരപ്രദേശത്ത് കവ്വായി കായലില്‍ പതിനഞ്ചിലധികംപേരാണ് കൂടുകളിലും കായലിനോടുചേര്‍ന്നുള്ള കുളങ്ങളിലും മത്സ്യക്കൃഷി നടത്തുന്നത്. മത്സ്യവകുപ്പിന്റെ സഹകരണത്തോടെ നടത്തിവരുന്ന കര്‍ഷകരില്‍ ഏറെപ്പേരും മത്സ്യക്കൃഷിക്ക് സര്‍ക്കാരിന്റെ സംസ്ഥാനതല പുരസ്‌കാരം ലഭിച്ചവരാണ്.

തെക്കേക്കാട്ടെ കെ.പ്രിയദാസന്റെ കരിമീന്‍ ഹാച്ചറിയിലെ കുഞ്ഞുങ്ങളും കൂടുകളില്‍ കൃഷിചെയ്തിരുന്ന കളാഞ്ചി, ചെമ്പല്ലി തുടങ്ങിയ വലിയ മത്സ്യങ്ങളും ഒലിച്ചുപോയി.

കുളത്തിന്റെ സംരക്ഷണഭിത്തി ഉള്‍പ്പെടെയാണ് ഒഴുകിയത്. വില്‍പ്പനയ്ക്ക് പ്രായമായിരുന്ന എട്ടായിരത്തൊളം കുഞ്ഞുങ്ങളാണ് നശിച്ചത്. കണ്ണൂര്‍-കാസര്‍കോട് ജില്ലകളിലെ മത്സ്യകര്‍ഷകര്‍ ഇവിടെനിന്നായിരുന്നു കുഞ്ഞുങ്ങള കൊണ്ടുപോയിരുന്നത്. രണ്ടുമാസംമുമ്പാണ് ഇവയുടെ വിത്തിട്ടത്.

കായലിനോടുചേര്‍ന്ന് ചെറുകുളങ്ങള്‍ കെട്ടിയാണ് കുഞ്ഞുങ്ങളെ നിക്ഷേപിച്ചത്. ആറുമാസംകഴിഞ്ഞാലാണ് കൂടുകളിലേക്ക് മാറ്റുക. ഹാച്ചറിയില്‍ ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ വലകെട്ടി സംരക്ഷിക്കാന്‍ ശ്രമിച്ചിരുന്നുവെങ്കിലും ശക്തമായ വെള്ളപ്പാച്ചിലില്‍ കുളത്തിന്റെ പാര്‍ശ്വഭിത്തി ഉള്‍പ്പെടെ സര്‍വതും ഒഴുകി.

പ്രാദേശികവിപണിയില്‍ വന്‍ ഡിമാന്റുള്ള വലിയമീനുകള്‍ കൂടുകളില്‍നിന്ന് പുറത്തുചാടിയവക നഷ്ടം ഒരുലക്ഷത്തോളം രൂപവരും.

Content Highlights: Flood Affected Fish Farming In Kasaragod District