കൊച്ചി: കായലുകളിലും കടലിലും കൂട് മല്‍സ്യ കൃഷിക്കുള്ള ദേശീയ നയം രൂപീകരിക്കുന്നതിനുള്ള ശ്രമങ്ങള്‍ക്ക് തുടക്കമിട്ട് സിഎംഎഫ്ആര്‍ഐ. വരുന്ന ഒന്നര വര്‍ഷത്തിനകം നയം തയ്യാറാക്കാമെന്നാണ് പ്രതീക്ഷയെന്ന് CMFRI ഡയറക്ടര്‍ ഡോ.എ ഗോപാലകൃഷ്ണന്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. 

കടലില്‍ നിന്നും മല്‍സ്യ ലഭ്യതയില്‍ കുറവ് വരികയും, ശുദ്ധജല മല്‍സ്യ കൃഷിക്ക് സ്ഥല ലഭ്യത തടസ്സമാകുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് കൂട് മല്‍സ്യ കൃഷി പ്രോല്‍സാഹിപ്പിക്കുന്നതിനുള്ള നടപടികള്‍ വേണമെന്ന ആവശ്യം ഉയര്‍ന്നത്. കാലാവസ്ഥാ വ്യതിയാനം, മലിനീകരണം എന്നിവ മൂലം മല്‍സ്യ ലഭ്യത കുറയുകയാണ്. കഴിഞ്ഞ വര്‍ഷം കടലില്‍ നിന്നും ലഭിച്ച ചെമ്മീനില്‍ 10.5 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. കടലില്‍ നിന്നുള്ള മറ്റ് മല്‍സ്യങ്ങളുടെ ലഭ്യതയും താഴേക്കാണ്. ഈ പശ്ചാത്തലത്തിലാണ് കൂട് മല്‍സ്യ കൃഷി വ്യാപിപ്പിക്കുന്നതിനുള്ള നടപടികള്‍ക്ക് തുടക്കം കുറിച്ചിരിക്കുന്നത്. ഇതിനായി ഒരു ദേശീയ നയം രൂപീകരിക്കാനുള്ള ശ്രമത്തിലാണ് സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്. 

ഉപ്പുവെള്ളം കലര്‍ന്ന കായലുകളില്‍ ചെമ്മീനടക്കമുള്ളവ കൂടുകളില്‍ കൃഷി ചെയ്യാന്‍ സാധിക്കും. ഗുജറാത്ത്, ആന്ധ്ര എന്നിവിടങ്ങളിലെ കായലുകളില്‍ ഇത്തരത്തില്‍ കൂട് മല്‍സ്യ കൃഷി വ്യാപകമാണ്. കടലിലും കൂട് മല്‍സ്യകൃഷിക്ക് വലിയ സാധ്യതകളുണ്ട്. അതേ സമയം തന്നെ പദ്ധതി വ്യാപകമായി നടപ്പാക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചും ഉല്‍പാദന സാധ്യതകളെ കുറിച്ചും ദേശീയ നയത്തില്‍ പരാമര്‍ശമുണ്ടാകും. 

അടുത്ത ഒന്നര വര്‍ഷത്തിനുള്ളില്‍ നയം തയ്യാറാക്കി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രികള്‍ച്ചറല്‍ റിസര്‍ച്ചിന് സമര്‍പ്പിക്കാനാണ് സിഎംഎഫ്ആര്‍ഐ ലക്ഷ്യമിടുന്നത്. ദേശീയ നയത്തില്‍ ഉള്‍പ്പെടുത്തേണ്ട നിര്‍ദ്ദേശങ്ങള്‍ സിഎംഎഫ്ആര്‍ഐ തയാറാക്കി നല്‍കും. കടലില്‍ കൂട് മല്‍സ്യ കൃഷി സാധ്യമാണെങ്കിലും എവിടെയൊക്കെ സാധ്യമാണ് എന്ന കാര്യത്തില്‍ കൃത്യത വരുത്തേണ്ടതുണ്ട്. കൂട് മല്‍സ്യ കൃഷിക്ക് സ്ഥലമൊരുക്കുമ്പോള്‍ കപ്പല്‍ച്ചാല് ഉള്‍പ്പെടെയുള്ളവ ഒഴിവാക്കേണ്ടതുമുണ്ട്. കൂട് മല്‍സ്യ കൃഷി പോലുള്ള സമാന്തര സാധ്യതകള്‍ ഉപയോഗപ്പെടുത്തിയില്ലെങ്കില്‍ മല്‍സ്യ വിപണിക്ക് അത് വലിയ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്