സ്രായേല്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് മത്സ്യക്കൃഷിയില്‍ വിജയഗാഥയുമായി കടവത്തൂരിലെ എ.സി.കുഞ്ഞബ്ദുള്ള ഹാജി. വീടിന് പിറകില്‍ ടാര്‍പോളിനും കമ്പികള്‍കൊണ്ടുള്ള വേലികളും കെട്ടി അതില്‍ 15,000 ലിറ്റര്‍ വെള്ളം നിറച്ചാണ് ഇദ്ദേഹത്തിന്റെ മത്സ്യക്കൃഷി. ഇപ്പോള്‍ രണ്ട് ടാങ്കാണ് സജ്ജീകരിച്ചത്. 

വടകരയിലെ ആല്‍ഫ സ്‌കൂള്‍ ഓഫ് അഗ്രികള്‍ച്ചര്‍ ആന്‍ഡ് അക്വ കള്‍ച്ചറിന്റെ സഹായവുമുണ്ട്. മൂവായിരത്തോളം മല്‍സ്യക്കുഞ്ഞുങ്ങളെ വളര്‍ത്താം. ഏകദേശം ഒരുലക്ഷത്തോളം രൂപ ചെലവിട്ടു. വെള്ളത്തില്‍നിന്നുതന്നെ നൂതന സംവിധാനമുപയോഗിച്ച് മത്സ്യങ്ങള്‍ക്ക് ഭക്ഷണം ലഭ്യമാക്കുന്ന രീതിയും വെള്ളം ശുദ്ധീകരിക്കാനുള്ള രീതിയുംക്രമീകരിച്ചിട്ടുണ്ട്.

വെള്ളത്തില്‍ ഉപ്പുരസം അടങ്ങിയതിനാല്‍ കടലില്‍വളരുന്ന എല്ലാ മത്സ്യങ്ങളെയും ഇതില്‍ വളര്‍ത്താന്‍ കഴിയുമെന്ന് കുഞ്ഞബ്ദുള്ള ഹാജി പറയുന്നു. മറ്റ് വളര്‍ത്തുമത്സ്യങ്ങളില്‍നിന്ന് വ്യത്യസ്തമായി രുചിയുള്ള മത്സ്യം ഉത്പാദിപ്പിക്കാനും കഴിയും. 

കണ്ണൂര്‍ ജില്ലയിലെ ആദ്യസംരംഭമാണെന്നും കൃഷിരീതിയിലൂടെ ആറുമാസം കൊണ്ട് മത്സ്യം വിളവെടുക്കാന്‍ സാധിക്കുമെന്നും ഇദ്ദേഹം അവകാശപ്പെടുന്നു. ജൈവ പച്ചക്കറി കൃഷിയില്‍ നൂറുമേനി വിളയിച്ച് മികച്ച കര്‍ഷകനുള്ള തൃപ്രങ്ങോട്ടൂര്‍ പഞ്ചായത്തിന്റെ അവാര്‍ഡും മുന്‍പ് ഇദ്ദേഹത്തെ തേടിയെത്തിയിരുന്നു. സ്വതന്ത്ര കര്‍ഷകസംഘം കൂത്തുപറമ്പ് മണ്ഡലം പ്രസിഡന്റ് കൂടിയാണ് കുഞ്ഞബ്ദുള്ള ഹാജി.

പദ്ധതിയുടെ ഉദ്ഘാടനം തൃപ്രങ്ങോട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.സുരേഷ് ബാബു നിര്‍വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സെക്കീന തെക്കയില്‍ അധ്യക്ഷത വഹിച്ചു. ഡോ. പുത്തൂര്‍ മുസ്തഫ, ഒ.ബിലാല്‍, കൃഷി ഓഫീസര്‍ പ്രമോദ്, പഞ്ചായത്ത് അംഗങ്ങളായ പുല്ലാട്ടുമ്മല്‍ അമ്മദ് ഹാജി, നെല്ലൂര്‍ ഇസ്മായില്‍, എ.പി.ഇസ്മായില്‍, ശിവന്‍ പള്ളിക്കണ്ടി എന്നിവര്‍ സംസാരിച്ചു.

Content Highlights: Fish Farming Using New Technology