ക്ഷണങ്ങളുടെ പറുദീസയാണ് കോഴിക്കോട്. എന്നാല്‍, കോഴിക്കോട്ടുകാര്‍ക്കധികം പരിചിതമല്ലാത്ത മത്സ്യങ്ങളുടെ പറുദീസയുണ്ടിവിടെ, ചേമഞ്ചേരി പഞ്ചായത്തില്‍. നാല് ഏക്കര്‍മുതല്‍ നാല് ഹെക്ടര്‍വരെ സ്ഥലത്ത് മത്സ്യക്കൃഷിയുണ്ടിവിടെ. ടണ്‍ കണക്കിന് മത്സ്യങ്ങളാണ് ഓരോ വിളവെടുപ്പിലും കയറ്റുമതി ചെയ്യുന്നതെന്ന് 25 വര്‍ഷത്തിലധികമായി മത്സ്യക്കൃഷി ചെയ്യുന്ന വേണുഗോപാലന്‍ പറയുന്നു.

വെള്ളച്ചെമ്മീന്‍, കാരച്ചെമ്മീന്‍, പൂമീന്‍, തിരുത, കല്ലുമ്മക്കായ എന്നീ മത്സ്യങ്ങളാണ് കൂടുതലായി ഈ ഭാഗങ്ങളില്‍ കൃഷിചെയ്യുന്നത്. വര്‍ഷത്തില്‍ രണ്ടു ടണ്ണിനുമുകളില്‍ ചെമ്മീനും മൂന്ന് ടണ്ണനുമുകളില്‍ മറ്റു മത്സ്യങ്ങളും ഇവിടെ കൃഷിചെയ്യുന്നുണ്ട്. ഇവിടെ കൃഷിചെയ്യുന്ന മത്സ്യങ്ങള്‍ പുഴയോരങ്ങളിലും വില്‍ക്കാറുണ്ട്. ഇതു വാങ്ങാനായി ജില്ലയുടെ പല ഭാഗങ്ങളില്‍നിന്നുമാണ് ദിവസേന ആളുകള്‍ ഇവിടെയെത്തുന്നത്.

എന്നാല്‍, പണ്ട് കൃഷിചെയ്തവരില്‍ പലരും ഇപ്പോള്‍ കൃഷിചെയ്യുന്നില്ല. വര്‍ഷങ്ങള്‍ കഴിയുംതോറും കൃഷിചെയ്യുന്നവരുടെ എണ്ണം കുറഞ്ഞുവരുകയാണ്. അതിനാല്‍ കൃഷിചെയ്യാന്‍ സാധ്യതയുള്ള 20 ഹെക്ടറോളം ഭൂമി വെറുതേ ചെളിവെള്ളമായി കിടക്കുകയാണ്. മത്സ്യക്കൃഷി ചെയ്യുന്നതിനോടൊപ്പം ടൂറിസത്തിനും അവസരമൊരുക്കുന്നുണ്ട്. രണ്ടുവര്‍ഷം മുമ്പുവരെ പുഴയിലും കൃഷിക്കായി സ്ഥലം അനുവദിച്ചിരുന്നു. എന്നാല്‍, ഇപ്പോള്‍ അതിനുള്ള അനുമതി ഫിഷറീസ് വകുപ്പ് നിഷേധിച്ചു.

മത്സ്യക്കൃഷിയും ടൂറിസവും

മത്സ്യക്കൃഷിക്കുപുറമേ ടൂറിസവും പലരും ഇവിടെ ചെയ്യുന്നുണ്ട്. അതിനുള്ള പൂര്‍ണസജ്ജീകരണവും ഇവിടെയുണ്ട്. ടൂറിസത്തെ മുന്‍പന്തിയിലെത്തിക്കാന്‍ പല കര്‍ഷകരും തയ്യാറായി മുന്നോട്ടുവന്നിട്ടുണ്ട്. പെഡല്‍ ബോട്ട്, ഭക്ഷണം, റൂം എന്നീ സംവിധാനങ്ങളും ഇവിടെ പ്രകൃതിഭംഗി ആസ്വദിക്കാന്‍ വരുന്നവര്‍ക്ക് മുതല്‍ക്കൂട്ടാണ്.

ചെറിയ വാടകമാത്രമേ അതിന് ഈടാക്കുന്നുള്ളൂ. ഭക്ഷണം വിനോദസഞ്ചാരികള്‍ക്ക് സ്വന്തമായി പാചകംചെയ്ത് കഴിക്കാനുള്ള സൗകര്യവും ഇഷ്ടപ്പെട്ട ഭക്ഷണം പറഞ്ഞാല്‍ അത് ഉണ്ടാക്കിത്തരാന്‍ ആളുകളും ഇവിടെയുണ്ട്. പലരും കല്യാണ ആല്‍ബങ്ങളെടുക്കാനും ഇവിടെയെത്താറുണ്ടെന്ന് വേണു പറയുന്നു.

പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയില്‍ മത്സ്യക്കൃഷിയും

ചേമഞ്ചേരി പഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതിയില്‍ പഞ്ചായത്തിന്റെ പൂര്‍ണപിന്തുണയോടെ മത്സ്യക്കൃഷി ഉള്‍പ്പെടുത്തിയിരിക്കുകയാണ്. സ്ത്രീകളെ കൂടുതലും ഇത്തരം മേഖലയിലേക്ക് പങ്കെടുപ്പിക്കുകയും മത്സ്യക്കൃഷിയെ പ്രോത്സാഹിപ്പിക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. എന്‍.ആര്‍.ഇ.ജി. പദ്ധതിപ്രകാരം 4,35,000 രൂപ ബണ്ടിന് മേറ്റ് വിരിക്കാനും മുകളില്‍ നെറ്റ് കെട്ടാനായും ഫണ്ട് അനുവദിച്ചിട്ടുണ്ട്.

കൃഷിതുടങ്ങാനുള്ള മത്സ്യങ്ങള്‍ കിട്ടാന്‍ ബുദ്ധിമുട്ടുണ്ട്

മത്സ്യക്കൃഷി തുടങ്ങാനായി പുതുതലമുറ തയ്യാറാണ്. എന്നാല്‍, കൃഷിചെയ്യാനാവശ്യമായ മത്സ്യക്കുഞ്ഞുങ്ങളെ ഇവിടെ ലഭിക്കുന്നില്ല എന്നതാണ് അവരെ പിന്നോട്ടടിപ്പിക്കുകയാണ്. നടക്കാവ് സ്വദേശി ഹാഷിം രണ്ടാംതവണയാണ് മത്സ്യക്കൃഷിക്കായി സ്ഥലം വാടകയ്‌ക്കെടുത്ത് കൃഷിചെയ്യുന്നത്. 2018 വരെ ഫിഷറീസ് വകുപ്പിന്റെ ഭാഗത്തുനിന്ന് സഹായങ്ങള്‍ ലഭിച്ചിരുന്നു.

ഗവ. നേരിട്ട് മത്സ്യക്കുഞ്ഞുങ്ങളെ നല്‍കിയിരുന്നു. എന്നാല്‍, ഇപ്പോള്‍ അത് നിര്‍ത്തലാക്കി. കണ്ണൂര്‍ ഹാച്ചറിയില്‍നിന്നുമാണ് ഇപ്പോള്‍ മത്സ്യക്കുഞ്ഞുങ്ങളെ വാങ്ങുന്നത്. അതിനുപുറമേ തലശ്ശേരി, കണ്ണൂര്‍, എറണാകുളം പൊന്നാനി ഭാഗങ്ങളില്‍നിന്നുമുള്ള ഹാച്ചറിയില്‍ നിന്നാണ് കൊണ്ടുവരുന്നത്.

മത്സ്യക്കുഞ്ഞുങ്ങളെ വിതരണം ചെയ്യണം

ഫിഷറീസ് വകുപ്പിന്റെ ഭാഗത്തുനിന്ന് കര്‍ഷകര്‍ക്ക് പിന്തുണ ലഭിക്കുന്നുണ്ട്. എന്നാല്‍, മത്സ്യക്കൃഷിക്കാവശ്യമായ മത്സ്യക്കുഞ്ഞുങ്ങളെ ജില്ലയ്ക്ക് പുറത്തുള്ള ഹാച്ചറിയില്‍നിന്നാണ് എത്തിക്കുന്നത്. കൃഷിക്കാര്‍ ഈ മേഖലയിലേക്ക് വരാന്‍ വിയോജിപ്പ് കാണിക്കും. ഫിഷറീസ് വകുപ്പ് കൂടുതല്‍ മത്സ്യക്കുഞ്ഞുങ്ങളെ വിതരണം ചെയ്യണം

എ.പി. ഷിജു, ചേമഞ്ചേരി പഞ്ചായത്ത് അക്വാകള്‍ച്ചര്‍ പ്രൊമോട്ടര്‍

Content Highlights: Fish Farming In Chemancheri Panchayath at Calicut