കൊറോണയുടെ സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതോടെ പ്രതിസന്ധിയിലായി മത്സ്യക്കര്‍ഷകര്‍. അവശ്യവിഭാഗത്തിന്റെ പട്ടികയില്‍ അക്വാ കള്‍ച്ചറിനെ സംസ്ഥാന സര്‍ക്കാര്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ഈ മേഖലയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നടക്കാത്തതാണ് കര്‍ഷകര്‍ക്ക് തിരിച്ചടിയാകുന്നത്.

മത്സ്യക്കൃഷിക്കാവശ്യമായ തീറ്റ കിട്ടാത്തതാണ് കര്‍ഷകരുടെ പ്രധാന പ്രശ്‌നം. മത്സ്യക്കര്‍ഷകരുടെ സംഘടനകളുടെ കൈവശം തീറ്റകള്‍ സ്റ്റോക്കുണ്ടെങ്കിലും അത് ലോക്ക് ഡൗണ്‍ കാലം പൂര്‍ണമായും പിന്നിടാന്‍ മതിയാവില്ല. കേരളത്തിനു പുറത്തുനിന്നാണ് സംസ്ഥാനത്ത് തീറ്റകളെത്തിക്കുന്നത്. എന്നാല്‍ അതിര്‍ത്തികളടച്ചതും ഡ്രൈവര്‍മാര്‍ വാഹനങ്ങളെടുക്കാന്‍ തയ്യാറാകാത്തതും ക്ഷാമത്തിനിടയാക്കുന്നു.

ഇതോടെ വളര്‍ച്ച പൂര്‍ത്തിയാകാത്ത മീനുകള്‍ വില്‍ക്കേണ്ട ഗതികേടിലായി കര്‍ഷകര്‍. വിളവെടുപ്പിന്റെ സമയമല്ലെങ്കിലും കര്‍ഷകര്‍ പ്രതിസന്ധികള്‍ മുന്നില്‍ക്കണ്ട് വില്‍പന നടത്തുകയാണ്. പയ്യന്നൂരിലെയും പരിസരങ്ങളിലെയും കര്‍ഷകര്‍ കഴിഞ്ഞദിവസം കൃഷി ചെയ്ത മീനുകളെ പിടിച്ച് വില്‍പന നടത്താന്‍ ലക്ഷ്യമിട്ടിരുന്നു. കരിമീനിന് 380 രൂപ നിരക്കിലും പൂമീനിന് 250 രൂപ നിരക്കിലുമുള്ള തത്സമയമുള്ള വില്‍പനയാണ് അവര്‍ നടത്തിയത്. 

എന്നാല്‍ ആവശ്യക്കാര്‍ അധികമായതോടെ ഇവരെ നിയന്ത്രിക്കാന്‍ പറ്റാതെ കര്‍ഷകര്‍ വില്‍പന ഉപേക്ഷിച്ചു. രണ്ടുമാസത്തിനുള്ളില്‍ പൂര്‍ണ വളര്‍ച്ചയെത്തുന്ന മത്സ്യങ്ങളുടെ വില്‍പന നടത്താന്‍ കഴിഞ്ഞില്ലെങ്കില്‍ വലിയ നഷ്ടമാണ് ഉണ്ടാവുകയെന്ന് അവര്‍ പറയുന്നു. ചെമ്മീനുള്‍പ്പെടെയുള്ളവയുടെ പ്രധാന വരുമാനം വിദേശത്തേക്കുള്ള കയറ്റുമതിയിലൂടെയാണ്.

മലബാറിലെ കര്‍ഷകരുടെ മീന്‍ കൊച്ചിയിലേയും മംഗളൂരുവിലേയും കയറ്റുമതിക്കാര്‍ക്കാണ് നല്‍കുന്നത്. വില്‍പന നടത്താന്‍ സാധിക്കാതെ വന്നാല്‍ ബാങ്ക് ലോണ്‍ ഉള്‍പ്പെടെയുള്ളവയെടുത്ത് മത്സ്യക്കൃഷി തുടങ്ങിയവരുടെ കാര്യം ബുദ്ധിമുട്ടിലാവുമെന്നും കര്‍ഷകര്‍ പറയുന്നു.

Content Highlights: Fish Farmers Are in Crisis due to Coronavirus Lockdown