അക്വേറിയം മത്സ്യങ്ങള്‍ക്ക് ജൈവാഹാരവും കൃത്രിമാഹാരവും നല്‍കാം. ജൈവഭക്ഷ്യ വസ്തുക്കളുടെ ദൗര്‍ലഭ്യവും ശേഖരിക്കാനുള്ള ബുദ്ധിമുട്ടും കാരണം അക്വേറിയം പരിപാലിക്കുന്നവര്‍ക്ക് എല്ലായ്‌പ്പോഴും ഇവയെ ആശ്രയിക്കാന്‍ സാധിക്കുകയില്ല. ഇക്കാരണത്താല്‍ കൃത്രിമാഹാരം ഉപയോഗിക്കേണ്ടതായി വരുന്നു.

വിവിധയിനം മത്സ്യങ്ങളുടെ ആഹാരരീതി വിഭിന്നമാണ്. അലങ്കാര മത്സ്യങ്ങളെ പൊതുവായി സസ്യഭോജികള്‍, മാംസഭോജികള്‍, സര്‍വാഹാരികള്‍ എന്നിങ്ങനെ മൂന്നായി തരംതിരിക്കാം. അക്വേറിയത്തില്‍ എല്ലാ മത്സ്യങ്ങളും സാധാരണയായി കൃത്രിമാഹാരം സ്വീകരിക്കും.

ഒരേ തരം തീറ്റ സ്ഥിരമായി അലങ്കാര മത്സ്യങ്ങള്‍ക്ക് നല്‍കുന്ന രീതി ഒഴിവാക്കണം. കൃത്രിമ തീറ്റ നല്‍കുന്നതിനിടയില്‍ (ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ) ജൈവാഹാരം നല്‍കുന്നത് മത്സ്യങ്ങളുടെ ആരോഗ്യവും വര്‍ണപൊലിമയും നിലനിര്‍ത്തുന്നതിന് അനിവാര്യമാണ്. 

നല്‍കുന്ന തീറ്റ പോഷകസമൃദ്ധമാകാന്‍ പ്രത്യേകം ശ്രദ്ധിക്കണം. പേഷകാഹാരക്കുറവ് രോഗങ്ങള്‍ക്ക് ഹേതുവാകാം. ആല്‍ഗകള്‍, കൈറിനോമിഡ് ലാര്‍വ, ട്യൂബിഫെക്‌സ് പുഴുക്കള്‍, മണ്ണിര, കൊതുകിന്റെ കൂത്താടി എന്നിവയാണ് സാധാരണയായി ഉപയോഗിക്കാവുന്ന ജൈവ തീറ്റകള്‍.

വര്‍ണമീനുകള്‍ക്ക് നല്‍കാവുന്ന വിവിധതരം കൃത്രിമ തീറ്റകള്‍ കമ്പോളത്തില്‍ ലഭ്യമാണ്. മിക്കതിനും 200 രൂപയ്ക്ക് മേലെ വിലയുണ്ട്. എന്നാല്‍ പ്രാദേശികമായി ലഭ്യമായ വിവിധ ഭക്ഷ്യവസ്തുക്കള്‍ ഉപയോഗിച്ച് വിലകുറഞ്ഞ കൃത്രിമ തീറ്റ സ്വയം ഉണ്ടാക്കാം.

വിജയകരമായി കണ്ട ഒരു ഫോര്‍മുല താഴെ കൊടുക്കുന്നു.

250 ഗ്രാം ഉപ്പു ചേര്‍ക്കാതെ ഉണക്കിയ മീന്‍ അഥവാ ചെമ്മീന്‍ പൊടി, 200 ഗ്രാം കടലപ്പിണ്ണാക്ക്, 200 ഗ്രാം തവിട് , 150 ഗ്രാം ഗോതമ്പ് പൊടി, 20 ഗ്രാം മരച്ചീനി പൊടി , 2 കോഴിമുട്ട എന്നിവ ഒരുമിച്ച് ചേര്‍ത്ത് ആവശ്യമായ അളവില്‍ വെള്ളം ചേര്‍ത്ത് ചപ്പാത്തി ഉണ്ടാക്കാന്‍ ചെയ്യുന്നത് പോലെ നന്നായി കുഴച്ചെടുക്കുക.

കുഴച്ചെടുത്ത മാവ് പ്രഷര്‍ കുക്കറില്‍ വേവിക്കുക. തണുത്ത ശേഷം 10 മി.ലി  മീനെണ്ണയും രണ്ട് മള്‍ട്ടി വിറ്റമിന്‍ ഗുളികകളും ചേര്‍ത്ത് വീണ്ടും നന്നായി കുഴക്കുക.

കുഴച്ച മാവിനെ സേവനാഴി ഉപയോഗിച്ച് അനുയോജ്യമായ അരിപ്പയിലൂടെ പിഴിഞ്ഞെടുത്ത് നന്നായി ഉണക്കിയെടുക്കുക.

ഇപ്രകാരം ലഭിക്കുന്ന തീറ്റ വായുകടക്കാത്ത സംഭരണികളിലിട്ട് മൂന്ന് മാസത്തോളം ഉപയോഗിക്കാം. ചെമ്മീന്‍പൊടിയിലെ കൈറ്റിന്‍ അലങ്കാര മത്സ്യങ്ങളില്‍ വര്‍ണപ്പൊലിമ ഉണ്ടാക്കാന്‍ സഹായിക്കുന്നതിനാല്‍ , മീന്‍ പൊടി ഉപയോഗിക്കുകയാണെങ്കില്‍ അതിന്റെ കൂടെ അല്‍പമെങ്കിലും ചെമ്മീന്‍പൊടി ചേര്‍ക്കുന്നത് ഉചിതമായിരിക്കും.

തീറ്റ വാങ്ങുമ്പോള്‍ മൂന്നുമാസത്തിലധികം പഴക്കമുള്ളവ ഒഴിവാക്കുന്നതാണ് അഭികാമ്യം. തീറ്റ ദീര്‍ഘനാള്‍ സൂക്ഷിച്ചു വെക്കുമ്പോള്‍ വിറ്റാമിന്‍-സി പോലുള്ള പോഷകഘടങ്ങള്‍ നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. തീറ്റ ഒരിക്കലും തുറന്ന പാത്രങ്ങളില്‍ സൂക്ഷിക്കരുത്. തുറന്ന പത്രങ്ങളില്‍ സൂക്ഷിച്ചാല്‍ തീറ്റയുടെ മണം, പോഷക ഘടകങ്ങള്‍ എന്നിവ നഷ്ടപ്പെടുന്നതിനും പൂപ്പല്‍ ബാധയ്ക്കും കാരണമാകും.

പൂപ്പല്‍ ബാധയുള്ള തീറ്റ ഒരിക്കലും മത്സ്യങ്ങള്‍ക്ക് നല്‍കരുത്. വര്‍ണമീനുകള്‍ക്ക് നല്‍കാവുന്ന വിവിധതരം കൃത്രിമ തീറ്റകള്‍ കമ്പോളത്തില്‍ ലഭ്യമാണ്. മിക്കതിനും കിലോഗ്രാമിന് 200 രൂപയ്ക്ക് മേലെ വിലയുണ്ട്. എന്നാല്‍ പ്രാദേശികമായി ലഭ്യമായ വിവിധ ഭക്ഷ്യവസ്തുക്കള്‍ ഉപയോഗിച്ച് വില കുറഞ്ഞ കൃത്രിമ തീറ്റ സ്വയം ഉണ്ടാക്കാം.

Content highlights: Agriculture, Aquarium fish, Aqua culture