പുറപ്പുഴയിലെ കൃഷിയിടത്തില്‍ പുത്തന്‍ പരീക്ഷണത്തിലാണ് പി.ജെ.ജോസഫ് എം.എല്‍.എ.യുടെ മകനായ അപു ജോസഫ്. ജലസേചനത്തിനും മത്സ്യകൃഷിക്കുമായി ചണച്ചാക്കുകൊണ്ടുള്ള വലിയ 'തടാക'മൊരുങ്ങുകയാണ് ഇവിടെ. 40മീറ്റര്‍ നീളവും 20 മീറ്റര്‍ വീതിയും 15 അടി ആഴവുമുള്ളതാണ് ഈ 'ഫാം പോണ്ട്'. ഇതിന്റെ നിര്‍മാണത്തിനായി 2000 ചണച്ചാക്കുകളും 170ചാക്ക് സിമന്റുമാണ് ആവശ്യമായിവരുക. തടാകത്തിന്റെ 60 ശതമാനം ജോലി പൂര്‍ത്തിയായി.

20 വര്‍ഷം മുമ്പ് ഇവിടെ ഒരു പടുതാക്കുളം ഉണ്ടാക്കിയിരുന്നു. അത് പിന്നീട് നശിച്ചു. അതിനിടെയാണ് ഹരിതകേരളം മിഷന്റെ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഡോ. ജി.എസ്.മധുവില്‍നിന്ന് ചണച്ചാക്ക് കുളങ്ങളെപ്പറ്റി അറിഞ്ഞത്. ഇദ്ദേഹത്തിന്റെ വീട്ടിലെ 20 അടിനീളവും 10 അടിവീതിയും അഞ്ചടി ആഴവുമുള്ള ചണച്ചാക്ക് കുളം നേരിട്ട് കണ്ടു.

തുടര്‍ന്ന് കൃഷിയും മത്സ്യക്കൃഷിയും മുന്നില്‍ക്കണ്ട് ചണച്ചാക്കുകള്‍കൊണ്ടൊരു പരീക്ഷണം നടത്താന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് അപു ജോസഫ് പറഞ്ഞു. ഈ തടാകത്തില്‍ കേജ് കള്‍ച്ചറിങ് മാതൃകയില്‍ 5000 തിലോപ്യയെ വളര്‍ത്താനാണ് ലക്ഷ്യം.

ഹരിതകേരളം മിഷന്റെ ജലസംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി രാജകുമാരി ഗ്രാമപ്പഞ്ചായത്തില്‍ കൃഷി ഓഫീസറുടെ പ്രത്യേക താത്പര്യപ്രകാരം വ്യാപകമായി ചണച്ചാക്ക് കുളങ്ങള്‍ നിര്‍മിച്ചിട്ടുണ്ട്. കോണ്‍ക്രീറ്റ് കുളങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇതിന് നിര്‍മാണച്ചെലവും കുറവാണ്.

Content Highlights: Farm Pond construction using Jute bags and Cement mixture