നി തിരുതക്കുഞ്ഞുങ്ങളും ഹാച്ചറിയില്‍... ഏറെ പ്രിയമുള്ള തിരുത മീന്‍ കുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കുന്നതിനുള്ള സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്തത് ചെന്നൈയിലെ 'സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബ്രാക്കീഷ് വാട്ടര്‍ അക്വാ കള്‍ച്ചര്‍' (സിബ) ആണ്. മൂന്ന് പതിറ്റാണ്ടുകാലം നീണ്ട ഗവേഷണമാണ് വിജയം കണ്ടത്. രാജ്യത്തെ ഓരുജല മത്സ്യകൃഷി രംഗത്തെ പ്രധാന നാഴിക്കല്ലാണ് ഈ കണ്ടുപിടിത്തമെന്ന് വിശേഷിപ്പിക്കപ്പെടുന്നു. തിരുത കൃഷി കേരളത്തില്‍ വ്യാപകമായി നടക്കുന്നുണ്ടെങ്കിലും പ്രകൃതിയില്‍ നിന്ന് ലഭിക്കുന്ന വിത്തുമീനുകളെയാണ് ഇപ്പോള്‍ ആശ്രയിക്കുന്നത്. വിപണി മൂല്യമുള്ള മറ്റ് മത്സ്യങ്ങളുടെ കുഞ്ഞുങ്ങളെയെല്ലാം ഹാച്ചറികളില്‍ ഉത്പാദിപ്പിക്കുന്നുണ്ടെങ്കിലും തിരുതയുടെ കാര്യത്തില്‍ ഇത് സാധിച്ചിരുന്നില്ല.

തിരുത വിത്തുമീനുകളുടെ ഉത്പാദന പരീക്ഷണങ്ങളുടെ വിജയം രണ്ടുദിവസം മുമ്പ് 'സിബ' ശാസ്ത്രജ്ഞര്‍ ഔദ്യോഗികമായി പ്രഖ്യാപിക്കുകയായിരുന്നു. രുചിയുള്ള, മുള്ളുകള്‍ കുറഞ്ഞ മീന്‍ എന്ന പ്രത്യേകതയുള്ളതിനാലാണ് വിപണിയില്‍ തിരുതയ്ക്ക് പ്രീയം കൂടുന്നത്. നല്ല പോഷകമൂല്യവുമുണ്ട്. അതിവേഗം വളരുമെന്നതിനാല്‍ കൃഷിയും ലാഭകരമാണ്. സമുദ്രജലത്തിലും ശുദ്ധജലത്തിലും കൃഷി ചെയ്യാവുന്ന തരം വിത്തുമീനുകളാണ് ഇപ്പോള്‍ വികസിപ്പിച്ചെടുത്തിട്ടുള്ളത്. തിരുത മീനിനായി പ്രത്യേക തീറ്റയും രൂപപ്പെടുത്തിയിട്ടുണ്ട്. 'സിബ'യുടെ ന്യൂട്രീഷന്‍ ഡിവിഷനാണ് തീറ്റകള്‍ വികസിപ്പിച്ചെടുത്തതെന്ന് സിബ ഡയറക്ടര്‍ ഡോ. കെ.കെ. വിജയന്‍ പറഞ്ഞു.

ഹാച്ചറിയില്‍ ഉത്പാദിപ്പിച്ച തിരുതക്കുഞ്ഞുങ്ങളെ കേരളം, ആന്ധ്രാപ്രദേശ്, തമിഴ്നാട് എന്നിവിടങ്ങളിലെ കര്‍ഷകര്‍ക്ക് കൈമാറുന്നതിന് നടപടിയായിട്ടുണ്ടെന്ന് സിബ അധികൃതര്‍ പറഞ്ഞു. ചെന്നൈയിലെ മുത്തുകാട് സംഘടിപ്പിച്ച കര്‍ഷക കൂട്ടായ്മയിലാണ് വിത്ത് ഉത്പാദനം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രിക്കള്‍ച്ചറല്‍ റിസര്‍ച്ച് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. ജെ.കെ. ജെന, ഡോ. വിജയകുമാരന്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

Content Highlights: CIBA develops indigenous hatchery tech for high-value commercial fish Grey Mullet or Thirutha