സ്വദേശികള്‍ക്കും വിദേശികള്‍ക്കും പ്രിയങ്കരമായ കരിമീന്‍ അഷ്ടമുടിക്കായലില്‍ കൂടിനുള്ളില്‍ സമൃദ്ധമായി വളരുന്നു. കായലിലെ കരിമീന്‍ ലഭ്യതക്കുറവ് പരിഹരിക്കുന്നതിനും മത്സ്യക്കര്‍ഷകര്‍ക്ക് സ്വയംപര്യാപ്തത കൈവരിക്കുന്നതിനുമായി സര്‍ക്കാര്‍ ആവിഷ്‌കരിച്ച പദ്ധതിയാണ് കൂടിനുള്ളിലെ മത്സ്യക്കൃഷി. കൂടുകളില്‍ വലകള്‍ സ്ഥാപിച്ച് മീന്‍ വളര്‍ത്തുന്ന വിദ്യയാണ് ഉപയോഗിക്കുന്നത്. അഷ്ടമുടിക്കായലിലെ നിരവധി ഭാഗങ്ങളില്‍ ഇങ്ങനെ കരിമീന്‍കൃഷി നടത്തുന്നുണ്ട്.

കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ നാഷണല്‍ ഫിഷറീസ് ഡെവലപ്മെന്റ് ബോര്‍ഡ് (എന്‍.എഫ്.ഡി.ബി.), സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (സി.എം.എഫ്.ആര്‍.ഐ.) തുടങ്ങിയവയാണ് കൂടിനുള്ളില്‍ മത്സ്യക്കൃഷിക്ക് സാമ്പത്തിക-സാങ്കേതിക സഹായം നല്‍കുന്നത്. കഴിഞ്ഞ സാമ്പത്തികവര്‍ഷം അഞ്ഞൂറോളം കൂടുകള്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ചിട്ടുണ്ട്.

കൂടുനിര്‍മാണരീതി

നാലു മീറ്റര്‍ നീളവും നാലു മീറ്റര്‍ വീതിയുമുള്ള ജി.ഐ.റൗണ്ട് പൈപ്പിലാണ് കൂട് നിര്‍മിക്കുന്നത്. ഇത് കാറ്റുനിറച്ച ഐ.ബി.സി.ബാരലില്‍ കെട്ടി കായലില്‍ സ്ഥാപിക്കും. ഇതിനുള്ളില്‍ നൈലോണ്‍ വലവിരിച്ച് മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കും. മൂന്നു മീറ്റര്‍ ആഴമാണ് വലയ്ക്കുള്ളത്. ഏതെങ്കിലും കാരണവശാല്‍ വലയ്ക്ക് നാശമുണ്ടായാല്‍ മത്സ്യക്കുഞ്ഞുങ്ങളെ സംരക്ഷിക്കാന്‍ വെളിയിലും നൈലോണ്‍വല സ്ഥാപിക്കും. എട്ടുമുതല്‍ പത്തുവരെ മാസങ്ങള്‍ക്കകം വിളവെടുക്കാം. പുരുഷകര്‍ഷകര്‍ക്ക് 40 ശതമാനവും വനിതാകര്‍ഷകര്‍ക്ക് 60 ശതമാനവും സബ്സിഡി ലഭിക്കും.

മേന്മകള്‍

ഏതുസമയത്തും ആവശ്യക്കാര്‍ക്ക് ജീവനോടെ മത്സ്യം പിടിച്ചുനല്‍കാന്‍ കഴിയും. ഒരു പ്രദേശത്തുനിന്ന് മറ്റൊരു പ്രദേശത്തേക്ക് കൂടുകള്‍ മാറ്റിസ്ഥാപിക്കാം. വംശനാശം വന്നുകൊണ്ടിരിക്കുന്ന കരീമിനിനെ സംരക്ഷിക്കാന്‍ കഴിയും. സാങ്കേതികസഹായം നല്‍കാന്‍ സി.എം.എഫ്.ആര്‍.ഐ. വിഴിഞ്ഞം കേന്ദ്രത്തില്‍നിന്നു പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ. സന്തോഷിന്റെ നേതൃത്വത്തില്‍ എല്ലാമാസവും സ്ഥലം സന്ദര്‍ശിക്കും.

മികച്ച വരുമാനമാര്‍ഗം

പ്രവാസജീവിതത്തില്‍ ലഭിച്ചതിനെക്കാള്‍ വരുമാനം മത്സ്യക്കൂട് കൃഷിയിലൂടെ ലഭിക്കുന്നുണ്ട്. വീടിനു സമീപം അഷ്ടമുടിക്കായലില്‍ എട്ട് കൂടുകളില്‍ കരിമീന്‍കൃഷി നടത്തുന്നു. ആദ്യകൂടിലെ വിളവെടുത്തപ്പോള്‍ വാങ്ങാന്‍ എത്തിയവര്‍ക്കെല്ലാം നല്‍കാന്‍ കഴിഞ്ഞില്ല. രണ്ടാംഘട്ട വിളവെടുപ്പ് 19-നാണ്. കിലോയ്ക്ക് 650 രൂപ നിരക്കിലാണ് വില്‍പ്പന. - കിരണ്‍ ബി.തെക്കേവയലില്‍, കരിമീന്‍ കൂടുകര്‍ഷകന്‍.

Content Highlights: Caged fish farming in ashtamudi lake, Kollam