കൊല്ലം, വെള്ളിമണ്‍ പടീറ്റുവിള കായലോരത്ത് നല്ല പിടയ്ക്കുന്ന കരിമീന്‍. മത്സ്യക്കൂടുകൃഷിയില്‍നിന്നാണിത്. ഒരു ഗ്രൂപ്പിന്റെ വിളവെടുപ്പില്‍ എട്ടുലക്ഷം രൂപയുടെ വില്‍പ്പന നടന്നു. ലാഭകരമായ ഈ കൃഷിരീതി സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ (സി.എം.എഫ്.ആര്‍.ഐ.) സഹകരണത്തോടെ വ്യാപിപ്പിക്കാന്‍ സംസ്ഥാന ഫിഷറീസ് വകുപ്പ് തീരുമാനിച്ചിട്ടുണ്ട്.

വെള്ളിമണില്‍ ഏഴുപേരടങ്ങുന്ന ഒരു ഗ്രൂപ്പാണ് കൂടുകൃഷി ചെയ്തത്. ഇവര്‍ സി.എം.എഫ്.ആര്‍.ഐ. പെരിനാട് പഞ്ചായത്തില്‍ നടത്തിയ സെമിനാറില്‍ പങ്കെടുത്തിരുന്നു. സി.എം.എഫ്.ആര്‍.ഐ. വിഴിഞ്ഞം റീജണല്‍ സെന്റര്‍ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ. ബി.സന്തോഷ് ഇവര്‍ക്ക് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കി. ഇതേത്തുടര്‍ന്ന് നാഷണല്‍ ഫിഷറീസ് ഡെവലപ്പ്‌മെന്റ് ബോര്‍ഡിന്റെ സഹായത്തോടെ സി.എം.എഫ്.ആര്‍.ഐ. മാരികള്‍ച്ചര്‍ ഹെഡ് ഡോ. ഇമെല്‍ഡ ജോസഫിന്റെ നേതൃത്വത്തിലുള്ള കൂടുകൃഷി പദ്ധതിയില്‍ ചേര്‍ന്നു.

കരിമീന്‍, സീ ബാസ് (കാളാഞ്ചി), പൊമ്പോനോ (ആവോലി വറ്റ) തുടങ്ങിയ മത്സ്യങ്ങള്‍ ഇവിടെ കൃഷി ചെയ്യുന്നു. പൂര്‍ണമായും ഫ്‌ലോട്ടിങ് സംവിധാനത്തിലൂടെ കൂട് നിര്‍മിച്ചിരിക്കുന്നതിനാല്‍ വെള്ളപ്പൊക്കത്തിലും പൊങ്ങിക്കിടക്കും.

രണ്ടാം വിളവെടുപ്പ് മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്തു. കയര്‍ഫെഡ് ഡയറക്ടര്‍ എസ്.എല്‍.സജികുമാര്‍, പെരിനാട് പഞ്ചായത്ത് പ്രസിഡന്റ് എല്‍.അനില്‍, ചിറ്റുമല ബ്ലോക്ക് വൈസ് പ്രസിഡന്റ് വി.ശോഭ, വാര്‍ഡ് അംഗം സോമവല്ലി, വി.മനോജ്, കെ.ഗീത, ബിന്ദു ജയരാജ്, വി.പ്രസന്നകുമാര്‍ എന്നിവര്‍ പങ്കെടുത്തു.

ഓരുജലാശയം 15000 ഹെക്ടര്‍ കൂടുകൃഷി

ചെറിയതോതില്‍ ചില സ്ഥലങ്ങളില്‍ ഓരുജലാശയത്തില്‍ കൂടുകൃഷി ചെയ്യാന്‍ തുടങ്ങിയിട്ടുണ്ട്. സംസ്ഥാനത്ത് ഓരുജലാശയം 15000 ഹെക്ടറുണ്ട്. അതിന്റെ ഒരു ശതമാനത്തില്‍ മാത്രമേ കൂടുകൃഷി ചെയ്യുന്നുള്ളൂ. വ്യാപകമായി കൃഷി ചെയ്താല്‍ അധിക മത്സ്യ ആവശ്യകത പരിഹരിക്കാം. മത്സ്യത്തൊഴിലാളികള്‍ക്ക് അധിക വരുമാനവും ലഭിക്കുമെന്ന് മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു

മത്സ്യക്കൂടുകൃഷി വ്യാപിപ്പിക്കും

മത്സ്യക്കൂടുകൃഷി കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കും. ഇപ്പോള്‍ അയ്യായിരം കൂടുകളിലാണ് കൃഷി. സംസ്ഥാനത്തെ 8348 കുളങ്ങളില്‍ മത്സ്യക്കൃഷി തുടങ്ങും. ഇതിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ 14-ന് നിര്‍വഹിക്കും. ഇതോടെ 13000 ഹെക്ടറില്‍ 35 ലക്ഷം മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കും. -ജെ.മേഴ്‌സിക്കുട്ടിയമ്മ, മന്ത്രി

ലാഭകരം

മത്സ്യക്കൂടുകൃഷി ചെയ്തതില്‍ നാലുലക്ഷം രൂപ ലാഭമുണ്ടായിട്ടുണ്ട്. താരതമ്യേന ചെലവ് കുറഞ്ഞതും അപകട സാധ്യതയില്ലാത്തതുമാണ് ഈ കൃഷിരീതി. ചെറുകിട സംരംഭകര്‍ക്ക് അധിക വരുമാനമാര്‍ഗം കൂടിയാണിത്. -ജി.ഗിരീഷ്‌കുമാര്‍, മത്സ്യക്കൂടുകൃഷി സംരംഭകന്‍ വെള്ളിമണ്‍

Content Highlights: Cage fish farming becoming a hit in Kollam