ത്സ്യക്കൂട് കൃഷിക്ക് കാസര്‍കോട് ജില്ലയില്‍ വന്‍പ്രചാരം. തീരമേഖലകളില്‍ ഓരുജലത്തിലും മറ്റിടങ്ങളില്‍ ശുദ്ധജലത്തിലും നടക്കുന്ന മത്സ്യക്കൃഷി കര്‍ഷകര്‍ക്ക് ലാഭം നല്‍കിയതോടെ കൂടുതല്‍ പേരാണ് ഈ മേഖലയിലേക്ക് കടക്കുന്നത്. ഫിഷറീസ് വകുപ്പിന്റെ സഹകരണത്തോടെ ജില്ലയില്‍ നൂറോളം പേരാണ് കൂട് മത്സ്യക്കൃഷിയുമായി രംഗത്തുള്ളത്. ഇതുകൂടാതെയും നിരവധി കര്‍ഷകര്‍ കൂട് കൃഷിയുമായി രംഗത്തുണ്ട്.

ശുദ്ധജലത്തില്‍ ആസാംവാള, ഗിഫ്റ്റ് എന്നീ മത്സ്യങ്ങളെയാണ് വളര്‍ത്തുന്നത്. കരിമീന്‍, കാളഞ്ചി, ചെമ്പല്ലി, കൊമ്പാനോ എന്നീ മത്സ്യങ്ങളെയാണ് ഓരുജലത്തില്‍ വളരുന്നത്. രണ്ട് മീറ്റര്‍ വീതം നീളം, വീതി, ഉയരമുള്ള അലൂമിനിയം പൈപ്പ് ഉപയോഗിച്ചാണ് കൂട് നിര്‍മാണം. ഇതിന് ചുറ്റിലും പ്രത്യേക വല ഘടിപ്പിക്കും. ഇതിലേക്കാണ് മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കുക. ഒന്നരയിഞ്ച് നീളമുള്ള കുഞ്ഞുങ്ങളെയാണ് നിക്ഷേപിക്കുക.

കരിമീന്‍കുഞ്ഞുങ്ങള്‍ക്ക് കടകളില്‍നിന്ന് വാങ്ങുന്ന പ്രത്യേകം ഭക്ഷണ മാണ് നല്‍കുക. കളാഞ്ചി, ചെമ്പല്ലി എന്നിവയുടെ കുഞ്ഞുങ്ങള്‍ക്ക് മീനിന്റെ കഷണങ്ങള്‍ നല്‍കും. കരിമീനിന് ഒന്‍പതുമാസത്തില്‍ കൂടുതലാണ് വളര്‍ച്ചക്കാലം. ഒന്‍പത് മാസത്തിന് മുകളില്‍ പ്രായം ചെന്നാല്‍ ഒരു കരിമീനിന് 250 ഗ്രാമിലധികം തൂക്കം വരും. നിലവില്‍ ഒരുകിലോ കരിമീനിന് 550-600 രൂപ വിലയുണ്ട്.

വലിയപറമ്പ, കയ്യൂര്‍ ചീമേനി, കാഞ്ഞങ്ങാട്, ചെറുവത്തൂര്‍, നീലേശ്വരം, പടന്ന, തൃക്കരിപ്പൂര്‍, മൊഗ്രാല്‍, മഞ്ചേശ്വരം, കാസര്‍കോട് എന്നീ മേഖലകളില്‍ ഓരുവെള്ളത്തിലും മടിക്കൈ, കയ്യൂര്‍-ചീമേനി, പിലിക്കോട്, കിനാനൂര്‍-കരിന്തളം, കോടം-ബേളൂര്‍, ബളാല്‍, പനത്തടി തുടങ്ങിയ മേഖലകളില്‍ ശുദ്ധജലത്തിലുമാണ് കൃഷിചെയ്യുന്നത്.

മലയോരമേഖലയില്‍ ഉപയോഗശൂന്യമായ ക്വാറികള്‍ ഉപയോഗപ്പെടുത്തിയും മത്സ്യക്കൃഷി നടക്കുന്നുണ്ട്. ഫിഷറീസ് വകുപ്പിന് കീഴിലുള്ള മത്സ്യ കര്‍ഷക വികസന ഏജന്‍സിയാണ് പദ്ധതി നടപ്പാക്കുന്നത്. മൂന്നുലക്ഷം രൂപ ചെലവ് വരുന്ന പദ്ധതിക്ക് 40 ശതമാനം സര്‍ക്കാര്‍ സബ്‌സിഡിയാണ്. 1,20,000 രൂപ സബ്‌സിഡിയിനത്തില്‍ ലഭിക്കും.

ജനങ്ങള്‍ ഏറ്റെടുത്ത കൃഷിരീതി

നല്ലരീതിയില്‍ ജനങ്ങള്‍ ഏറ്റെടുത്ത കൃഷിരീതിയാണിത്. സബ്സിഡിയില്ലാതെതന്നെ കൃഷി ചെയ്യാന്‍ തയ്യാറാണെന്ന് പറഞ്ഞ് നിരവധി പേരാണ് മുന്നോട്ടുവരുന്നത്. അതാണ് മത്സ്യക്കൃഷിയുടെ യഥാര്‍ഥ വിജയം. സബ്സിഡിയില്ലാതെ സാങ്കേതികസഹായം മാത്രം ആവശ്യപ്പെട്ട് 200-ഓളം പേര്‍ സമീപിച്ചിട്ടുണ്ട്. അവര്‍ക്ക് ആ സൗകര്യം നല്‍കി. കൃഷി ചെയ്യാന്‍ മുന്നോട്ടുവരുന്നവരെ ഇനിയും പ്രോത്സാഹിപ്പിക്കും.- വി.വി. സതീശന്‍ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ കാസര്‍കോട്

കൃഷി ലാഭകരം

കൃഷി ലാഭകരമായതുകൊണ്ടാണ് മൂന്നാം വര്‍ഷവും മത്സ്യക്കൂട് കൃഷിയിലേക്ക് കടന്നത്. കഴിഞ്ഞവര്‍ഷം ഒന്നിച്ചാണ് വിളവെടുത്തത്. ഇത്തവണ കുറച്ചുകുറച്ചായി വിളവെടുക്കുന്നു. കരിമീനിന് നല്ല വില കിട്ടുന്നുണ്ട്. ലോക്ഡൗണ്‍ കാലത്ത് 600 രൂപവരെ വില ലഭിച്ചു. ഏത് സാഹചര്യത്തിലും 550-ല്‍ കുറയാത്ത വില ലഭിക്കും. ഒരു കിലോയ്ക്ക് 250 രൂപയിലധികം ചെലവാണ് വരുന്നത്.- കെ. പ്രിയദാസന്‍, മത്സ്യക്കൂട് കര്‍ഷകന്‍

അടുത്തതവണ കൂടുതല്‍ മീനുകളെ വളര്‍ത്തും

ഇത്തവണത്തെ വിളവെടുപ്പ് തുടങ്ങി. മീന്‍തേടി ആളുകളുടെ നിരന്തര വിളിയാണ്. വിഷാംശമില്ലാത്ത മീനായതിനാല്‍ നല്ല കച്ചവടമുണ്ട്. 30 കൂടിലായി 12000 കരിമീന്‍ കുഞ്ഞുങ്ങളെയാണ് വളര്‍ത്തിയത്. അടുത്ത കൃഷിക്ക് ചെമ്പല്ലി, കൊളവന്‍ എന്നീ മത്സ്യങ്ങളും കൃഷി ചെയ്യുന്നുണ്ട്.- സി.എ. മുഹമ്മദ് ഇക്ബാല്‍, കര്‍ഷകന്‍ കാസര്‍കോട്

Content Highlights: Cage fish farming becoming a hit in Kasaragod