ചൈന, തായ്വാന്‍, വിയറ്റ്നാം എന്നീ രാജ്യങ്ങളില്‍ വര്‍ഷങ്ങള്‍ക്കുമുമ്പേ പ്രചാരത്തില്‍വന്ന, സൂക്ഷ്മാണുക്കളെയും മീനുകളെയും ഒപ്പം വളര്‍ത്തുന്ന രീതി പ്രയോഗത്തില്‍ വരുത്തി വിജയം കൊയ്യുകയാണ് കൊളച്ചേരി പള്ളിപ്പറമ്പിലെ ഒരുകൂട്ടം യുവാക്കള്‍. മത്സ്യക്കൃഷി നടത്തുന്നവര്‍ക്ക് ഏറെ പ്രതിസന്ധിയാവുന്ന തീറ്റച്ചെലവ്, സ്ഥലപരിമി, പരിചരണത്തിനാവശ്യമായ കൂടുതല്‍ സമയം, ജലലഭ്യതക്കുറവ് എന്നിവയെ മറികടക്കുന്നതാണ് സൂക്ഷ്മാണുക്കളെയും മത്സ്യങ്ങളെയും ഒപ്പം വളര്‍ത്തുന്ന രീതിയായ ബയോഫ്ളോക്ക് മത്സ്യക്കൃഷി.
മയ്യില്‍ പഞ്ചായത്തിലെ പാലത്തുങ്കര, പാറാല്‍, പള്ളിപ്പറമ്പ് എന്നിവിടങ്ങളിലെ 11 യുവാക്കള്‍ ചേര്‍ന്നാണ് ബയോഫ്ളോക്ക് മത്സ്യക്കൃഷി ആരംഭിച്ചത്. പാലത്തുങ്കരയിലെ കെ.കെ. മുനീര്‍ മൗലവി, കൊട്ടപ്പൊയിലിലെ പി.കെ. അബ്ദുറഹിമാന്‍ എന്നിവരുടെ നേതൃത്വത്തിലാണ് തുടക്കം. അവരോടൊപ്പം സി.പി. മൊയ്തീന്‍ ഹാജി പാറാല്‍, കെ. അബ്ദുറഹിമാന്‍, സി.കെ. റഷീദ്, എ. കുഞ്ഞഹമ്മദ്, വി. അബ്ദുറഹിമാന്‍ മുസ്ലിയാര്‍ പള്ള്യത്ത്, സി.കെ. അബ്ദുള്‍ഖാദര്‍ പാലത്തുങ്കര, ഹംദാന്‍, എം. ബഷീര്‍, പി. നൈഷാദ്, ഷമ്മാസ് കൊല്ലറത്തിക്കല്‍ എന്നിവരും സജീവമാണ്.
ഇന്റര്‍നെറ്റ് വഴിയാണിവര്‍ ബയോഫ്ളോക്ക് മത്സ്യക്കൃഷിയെകുറിച്ച് കൂടതല്‍ മനസ്സിലാക്കിയത്. പിന്നീട് പെരുമ്പാവൂരിലെ വര്‍ഗീസില്‍നിന്ന് പരിശീലനം നേടുകയായിരുന്നു. ഇപ്പോഴിവര്‍ ആവശ്യക്കാര്‍ക്ക് ബയോഫ്ളോക്ക് സംഭരണികള്‍ പണിതുനല്‍കാനും തയ്യാറാണ്.
തുടക്കം ബാക്ടീരിയയില്‍ നിന്ന്
മത്സ്യം വളര്‍ത്താനുപയോഗിക്കുന്ന സംഭരണിയില്‍ പ്രോബാക്ടീരിയയായ ലാക്ടോ ബാസിലസിനെ ആദ്യം നിക്ഷേപിക്കണം. കുറച്ചുദിവസത്തിനുശേഷം അതില്‍ ബാക്ടീരിയയെ ഭക്ഷിക്കുന്ന മത്സ്യങ്ങളെ നിക്ഷേപിക്കും. മത്സ്യത്തിന്റെ വിസര്‍ജ്യം ബാക്ടീരിയകള്‍ വീണ്ടും പ്രോട്ടീനാക്കിമാറ്റും. മത്സ്യത്തിനും ബാക്ടീരിയകള്‍ക്കും വേണ്ടി സംഭരണിയിലേക്ക് സ്ഥിരമായി പ്രാണവായു കടത്തിവിടണം. അതിനായി എയര്‍പമ്പ് 24 മണിക്കൂറും പ്രവര്‍ത്തിക്കണം. വൈദ്യുതി നിലച്ചാല്‍ 15 മിനിറ്റിനകം ജനറേറ്ററില്‍ എയര്‍ പമ്പ് പ്രവര്‍ത്തിപ്പിക്കണം. ഈ രണ്ട് പ്രവര്‍ത്തനവും നടന്നില്ലെങ്കില്‍ സംഭരണിയിലെ ഫ്‌ളോക്ക് അഥവാ സൂക്ഷ്മാണുക്കളും മത്സ്യങ്ങളും ചത്തുപോകും.
സംഭരണിയില്‍ വളരുന്ന മത്സ്യങ്ങള്‍ക്ക് രോഗം ഉണ്ടാകില്ലെന്നതാണ് മറ്റൊരു പ്രത്യേകത. സ്ഥിരമായി ഫ്ളോക്കിനെ ഭക്ഷിക്കുന്നതിനാല്‍ മത്സ്യങ്ങള്‍ക്ക് മറ്റ് ഭക്ഷണം കുറച്ച് മതി. സൂക്ഷ്മജീവികള്‍, സംഭരണിയിലുണ്ടാകുന്ന മത്സ്യവിസര്‍ജ്യം കഴിച്ച് പെരുകും. അതുകൊണ്ട് സംഭരണിയില്‍ മാലിന്യം വളരെ കുറച്ചേ ഉണ്ടാകുന്നുള്ളൂ എന്നതും പ്രത്യേകതയാണ്. ഒരു സംഭരണിയില്‍ 2000 മത്സ്യങ്ങളെ ഒരേസമയം വളര്‍ത്താനാകും.
ബയോഫ്ളോക്ക് ജലസംഭരണി
ഒരു ബയോഫ്ളോക്ക് സംഭരണി നിര്‍മിച്ച് 2000 മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്നതിന് 50,000 രൂപയോളം ചെലവുവരുമെന്നാണിവര്‍ പറയുന്നത്. നാല് ചതുരശ്രമീറ്റര്‍ വ്യാസത്തിലും ഒരു മീറ്റര്‍ 20 സെന്റിമീറ്റര്‍ ഉയരത്തിലുമാണ് സംഭരണി പണിയുക. മറ്റ് നാടന്‍ മത്സ്യക്കൃഷിരീതികളില്‍ ഒരു സെന്റില്‍ 200 മത്സ്യങ്ങളെ വളര്‍ത്താനാണ് മത്സ്യഫെഡ് നിര്‍ദേശിക്കുന്നത്.
സംഭരണിയുടെ നിര്‍മാണത്തിന് വാര്‍പ്പിനുപയോഗിക്കുന്ന പത്ത് എം.എം., എട്ട് എം.എം. കമ്പികളുപയോഗിച്ച് വൃത്താകൃതിയില്‍ ഒരു ഗ്രിഡ് തയ്യാറാക്കും. ഇതിനു ചുറ്റുമായി പ്ളാസ്റ്റിക് ഫോം(ഹീറ്റ്ലോണ്‍) ഷീറ്റ് വിരിക്കും. അതിനു മുകളിലായി 780 ജി.എസ്.എം. കട്ടിയുള്ള ടാര്‍പോളിന്‍ ഷീറ്റ് വലിച്ചുകെട്ടണം. അടിഭാഗം കോണിക്കല്‍ ആകൃതിയിലായിരിക്കണം. അതിന്റെ നടുവിലായി രണ്ട് ഇഞ്ച് വ്യാസമുള്ള പൈപ്പ് സംഭരണിയുടെ പുറത്തേക്ക്് നീട്ടിയിടും.
നാല് ദിവസത്തിലൊരിക്കല്‍ സംഭരണിയിലെ ജലത്തിലെ ഫ്ളോക്കുകളുടെ ശതമാനം പരിശോധിക്കണം. ഫ്ളോക്ക് ടെസ്റ്റര്‍ ഉപയോഗിച്ചാണ് അത് പരിശോധിക്കുക. ഫ്ളോക്കുകള്‍ ഒരു ലിറ്ററില്‍ 40 ശതമാനത്തിലധികമായായാല്‍ നിര്‍ജീവമാകുന്നവ സംഭരണിക്ക് നടുവില്‍ സ്ഥാപിക്കുന്ന പൈപ്പിനടുത്ത് അടിഞ്ഞുകൂടും. അത് സംഭരണിയുടെ പുറത്തെ വാള്‍വിലൂടെ ഒഴുക്കിക്കളയണം. പച്ചക്കറി കൃഷിക്കും മറ്റും ഉത്തമവളമാണ് അത്. ഒരിക്കല്‍ സംഭരണിയില്‍ വെള്ളം നിറച്ചാല്‍ ആറ് മാസത്തേക്ക് അത് മാറ്റേണ്ടതില്ല. സംഭരണികള്‍ക്കു മുകളില്‍ താത്കാലിക പന്തല്‍ നിര്‍മിക്കുന്നത് ഗുണകരമാകുമെന്നാണിവരുടെ അഭിപ്രായം.
ഫ്ളോക്കുണ്ടാക്കുന്ന രീതി
അമ്പത് ലിറ്റര്‍ വെള്ളത്തില്‍ കൈതച്ചക്ക, തൈര്, പഞ്ചസാര, പാല്, പഴം, മൊളാസസ്, ഡോളോമൈറ്റ്, ഉപ്പ് എന്നിവ അരച്ചെടുത്തത് ഒഴിക്കും. ഏഴ് ദിവസം വരെ അതിലേക്ക് വായു കടത്തി വിട്ട് അടച്ചുവെക്കും. പിന്നീടത് 10000 ലിറ്റര്‍ വെള്ളത്തില്‍ ഒഴിക്കും. രണ്ടാഴ്ചക്കു ശേഷം സംഭരണിയില്‍ ആയിരക്കണക്കിന് സൂക്ഷ്മാണുക്കള്‍ പെറ്റുപെരുകും. അതിലേക്കാണ് മീന്‍കുഞ്ഞുങ്ങളെ നിക്ഷേപിക്കേണ്ടത്.
സംഭരണിയിലെ ഫ്‌ളോക്ക് വര്‍ധിക്കുന്നതിന് ഇടവിട്ട് കാര്‍ബണ്‍ സോസ് ഒഴിച്ചുകൊടുക്കണം. മീനിന്റെ വിസര്‍ജ്ജ്യവും കാര്‍ബണ്‍ സോസും ഫ്ളോക്കുകള്‍ ഭക്ഷിക്കും. മത്സ്യത്തിനാവശ്യമായ പ്രോട്ടീനുകള്‍ അവ തിരിച്ചു നല്‍കും. സംഭരണിയിലെ ജലത്തിലെ പ്രോട്ടീന്‍ മത്സ്യങ്ങള്‍ ശരീരത്തിലെത്തിക്കുന്നത് കൂടുതലായും ചെകിളപ്പൂക്കള്‍ വഴിയാണ്. അതിനാല്‍ ചെകിളപ്പൂക്കള്‍ വഴി ജലാഗിരണം നടത്തുന്ന മീനുകളാണ് ഇത്തരം രീതിക്ക് അഭികാമ്യം.
തിലോപ്പിയ, അസം വാള, ചുവന്ന ആകോലി, ആനാബസ് എന്നിവയാണിപ്പോഴിവിടെയുള്ളത്. ചെമ്മീന്‍ വളര്‍ത്തുന്നതിനുള്ള മൂന്ന് സംഭരണികളുടെ നിര്‍മാണം നടന്നുവരികയാണ്. ഏറ്റവും ആരോഗ്യകരമായാണ് മത്സ്യങ്ങള്‍ വളരുന്നത്. അതിനാല്‍ നാല് മാസം കൊണ്ട് വിളവെടുക്കാനാകും. കിലോയ്ക്ക് 200 മുതല്‍ 300 രൂപ വരെ വിലയിലാണ് മത്സ്യങ്ങള്‍ വില്‍ക്കുന്നത്.
Content Highlights: biofloc fish farming at mayyil, kannur