സൂക്ഷിച്ചില്ലെങ്കില്‍ ബയോഫ്‌ളോക്ക് മത്സ്യക്കൃഷി തിരിച്ചടിയാവും. ഓക്സിജന്‍ കിട്ടാതെ മാരാരിക്കുളത്തെ മത്സ്യങ്ങള്‍ ചത്തപ്പോള്‍ മാരാരിക്കുളത്തെ കര്‍ഷകന് നഷ്ടം രണ്ടുലക്ഷം. വെറും രണ്ട് മീറ്റര്‍ വിസ്തീര്‍ണ്ണമുള്ള ഫിഷ് ടാങ്കില്‍ മൂവായിരത്തോളം മത്സ്യക്കുഞ്ഞുങ്ങളെ വളര്‍ത്താവുന്ന ഈ കൃഷിരീതിക്ക് ഉയര്‍ന്ന വരുമാനസാധ്യതയാണുള്ളത്.

വലിയ കുളങ്ങളിലല്ലാതെ വെള്ളം മാറ്റിക്കൊടുത്ത് കഷ്ടപ്പെടാതെ അഞ്ചുമുതല്‍ പത്തുവര്‍ഷം വരെ നിലനില്‍ക്കുന്ന ഫിഷ് ടാങ്കില്‍ ദീര്‍ഘകാല മത്സ്യക്കൃഷി ചെയ്യാം. നാല് അഞ്ച് മാസത്തിനിടയില്‍ വിളവെടുക്കാം. മുഴുവന്‍ സമയവും ഓക്‌സിജന്‍ വെള്ളത്തിലൂടെ കയറ്റി വിടണമെന്നാണ് ഇതിന്റെ പ്രത്യേകത. ഓക്‌സിജന്‍ പമ്പിങ് നിലച്ചാല്‍ മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങും.

രാത്രി മോട്ടോര്‍ തകരാറിലായാലോ ഓക്‌സിജന്‍ പമ്പിങ് തടസ്സപ്പെട്ടാലോ മത്സ്യം കൂട്ടത്തോടെ ചത്തുപൊങ്ങും. ആദ്യത്തെ 15 ദിവസം ടാങ്കിനുളളില്‍ ലാക്ടോബാസിലസ് എന്ന ബാക്ടീരിയയെ വളര്‍ത്തും. ഇവ അമോണിയയും അതുപോലുളള മറ്റുമാലിന്യങ്ങളുമൊക്കെ വലിച്ചെടുക്കുന്നവയാണ്. ഇവയുടെ പ്രവര്‍ത്തനം മൂലം ടാങ്ക് എപ്പോഴും മാലിന്യവിമുക്തമായിരിക്കും. അതുകൊണ്ടുതന്നെ ടാങ്ക് സ്ഥാപിച്ചുകഴിഞ്ഞാല്‍ വെള്ളം പുറത്തേക്ക് പമ്പ് ചെയ്യുകയോ വെള്ളം മാറ്റുകയോ വേണ്ട. ഒരു ടാങ്ക് നിര്‍മിക്കാന്‍ ചെലവ് അരലക്ഷം വരും.

പോലീസ് അന്വേഷണം തുടങ്ങി

മത്സ്യക്കൃഷിയിടത്തിലെ ഓക്‌സിജന്‍ മുടക്കി മത്സ്യങ്ങളെ കൊന്ന സംഭവത്തില്‍ പോലീസ് കേസെടുത്തു. ബയോഫ്‌ലോക്ക് എന്ന ആധുനിക രീതിയിലുള്ള കൃഷി കാണാന്‍ പലരും എത്തുമായിരുന്നുവെന്നും ഇവരിലാരെങ്കിലുമാണോ ഓക്‌സിജന്‍ സിലിന്‍ഡറിന്റെ മോട്ടോര്‍ ഓഫ് ചെയ്തതെന്നുമാണ് പോലീസ് പരിശോധിക്കുന്നത്.

മാരാരിക്കുളം വടക്ക് പഞ്ചായത്ത് 15-ാം വാര്‍ഡ് പുതുകുളങ്ങരവെളി തെക്കേവെളുത്തശ്ശേരി ചന്ദ്രബാബുവിന്റെ വീടിനോടുചേര്‍ന്ന കൃഷിയിടത്തിലെ ഓക്‌സിജന്‍ സിലിന്‍ഡറാണ് അജ്ഞാതര്‍ ഓഫ് ചെയ്തത്. ഇതേത്തുടര്‍ന്ന് ഇതിലുണ്ടായിരുന്ന 2500 തിലോപ്പിയ ഇനത്തിലുള്ള മത്സ്യങ്ങളാണ് ചത്തത്. അടുത്തമാസം വളര്‍ച്ചയെത്തുമായിരുന്ന മത്സ്യങ്ങളായിരുന്നു. രണ്ടുലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായി ചന്ദ്രബാബു പറഞ്ഞു.

Content Highlights: Biofloc Fish Farming and its Risk Factors