കൊച്ചി: മത്സ്യോത്സവത്തോടനുബന്ധിച്ച് എറണാകുളം മറൈന്‍ ഡ്രൈവില്‍ ഒരുക്കിയ സ്റ്റാളുകള്‍ നൂതന മത്സ്യകൃഷി രീതിയുടെ സാധ്യതകള്‍ ബോധ്യപ്പെടുത്തുന്നതാണ്. 

ഫിഷറീസ് മേഖലയിലെ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളായ സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജി, സിഫ്‌നെറ്റ്, എം.പി.ഇ.ഡി.എ. എന്നിവ പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്നുണ്ട്. 

എറണാകുളം മത്സ്യ കാര്‍ഷിക വികസന എജന്‍സിയുടെ സ്റ്റാള്‍ അക്വാ പോണിക്‌സ് കൃഷിരീതിയുടെ സാധ്യതകള്‍ അനാവരണം ചെയ്യുന്നു. സംയോജിത മത്സ്യകൃഷിയെക്കുറിച്ച് വിശദീകരിക്കുന്നതാണ് ഇടുക്കി മത്സ്യ കാര്‍ഷിക വികസന എജന്‍സിയുടെ സ്റ്റാള്‍.

മത്സ്യഫെഡ്, സൊസൈറ്റി ഫോര്‍ അസിസ്റ്റന്‍സ് ഓഫ് ഫിഷര്‍ വിമന്‍ (സാഫ്), കുഫോസ്, കുസാറ്റ് എന്നിവയുടെതടക്കം 40 സ്റ്റാളുകളാണുള്ളത്.

മത്സ്യബന്ധന ഉപകരണങ്ങളും നാടന്‍ മത്സ്യബന്ധന ഉപാധികളായ കൂട്, ഒറ്റാല്‍ തുടങ്ങിയവയുടെ മാതൃകയും പ്രദര്‍ശിപ്പിക്കുന്നതാണ് സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, മത്സ്യഫെഡ് തുടങ്ങിയവയുടെ സ്റ്റാളുകള്‍.

മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ്, കോസ്റ്റ് ഗാര്‍ഡ് തുടങ്ങിയവും അവരുടെ ഉപകരണങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. മൂല്യവര്‍ധിത മത്സ്യോത്പന്നങ്ങളുമായി തീരദേശ വികസന കോര്‍പ്പറേഷനും സിഫ്റ്റും തീരമൈത്രി ഉത്പന്നങ്ങളുടെ തനിമയുമായി സാഫും സന്ദര്‍ശകരെ ആകര്‍ഷിക്കുന്നു.

വനാമി ചെമ്മീന്‍, കണ്ടല്‍ ഞണ്ട്, ഗിഫ്റ്റ് തിലോപ്പിയ തുടങ്ങിയ മത്സ്യങ്ങളുടെ പ്രദര്‍ശനമാണ് സമുദ്രോത്പന്ന കയറ്റുമതി വികസന അതോറിറ്റി സംഘടിപ്പിച്ചിരിക്കുന്നത്. വിവിധ മത്സ്യ വിഭവങ്ങളുമായി സീ ഫുഡ് കോര്‍ട്ടും മറൈന്‍ഡ്രൈവില്‍ ഒരുക്കിയിട്ടുണ്ട്. 

സര്‍ക്കാരിന്റെ കഴിഞ്ഞ ഒരു വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ ഫോട്ടോവിഡിയോ പ്രദര്‍ശനം വിവരപൊതുജന സമ്പര്‍ക്ക വകുപ്പിന്റെ സ്റ്റാളില്‍ ഒരുക്കിയിട്ടുണ്ട്. 

രാവിലെ 10 മുതല്‍ വൈകീട്ട് എട്ടു വരെയാണ് പ്രദര്‍ശനം.