മാവിലായി നോര്‍ത്ത് എല്‍.പി. സ്‌കൂളിലെ പ്രഥമാധ്യാപകനാണ് ഐവര്‍കുളത്തെ വി.ദിനേശന്‍. അധ്യാപകന്‍ എന്നതിലുപരി ഒരു മാതൃകാ മത്സ്യകര്‍ഷകന്‍ എന്ന നിലയിലാണ് ഇദ്ദേഹത്തെ ഇപ്പോള്‍ പെരളശ്ശേരിയിലും പരിസരങ്ങളിലും അറിയപ്പെടുന്നത്. ചെറിയ മുതല്‍മുടക്കിലൂടെ എങ്ങനെ ഒരു കാര്‍ഷിക സംരംഭം തുടങ്ങി വിജയിക്കാമെന്ന് തെളിയിച്ച ദിനേശന്‍ ഇന്ന് പലര്‍ക്കും മാതൃകയാണ്. വീട്ടമ്മമാര്‍ ഉള്‍പ്പെടെ നിരവധിയാളുകളാണ് ദിനേശനെ മാതൃകയാക്കി മത്സ്യകൃഷിയിലേക്ക് ഇറങ്ങിയത്. 

നാലുവര്‍ഷം മുമ്പാണ് ദിനേശന്‍ ആദ്യ സംരംഭം തുടങ്ങിയത്.  ഇതിന് പ്രചോദനമായത് ഫിഷറീസ് വകുപ്പ് പെരളശ്ശേരിയില്‍വെച്ച് നല്‍കിയ ഒരു ക്ലാസ്സായിരുന്നു. ഇതില്‍ പങ്കെടുത്ത് തിരിച്ചിറങ്ങുമ്പോള്‍ ദിനേശന്‍ ഒരു തീരുമാനെമെടുത്തു, എന്തായാലും മത്സ്യകൃഷിയില്‍ ഒരു കൈനോക്കണമെന്ന്. ഷിബിന്‍ എന്ന സുഹൃത്തുമായി ചേര്‍ന്ന് ഒരു സ്വാഭാവിക കുളത്തില്‍ മത്സ്യകൃഷി തുടങ്ങി. മത്സ്യങ്ങളെ വിലകൊടുത്തും ഫിഷറീസ് വകുപ്പില്‍നിന്നും മറ്റും വാങ്ങി കുളത്തില്‍ നിക്ഷേപിച്ചു. ആദ്യം കുഴപ്പമൊന്നുമില്ലായിരുന്നു. എന്നാല്‍  മത്സ്യങ്ങള്‍ കുളത്തില്‍ ചത്തുപൊങ്ങാന്‍ തുടങ്ങി. പിന്നീടാണ് കാരണം മനസ്സിലായത്. വെള്ളത്തിന്റെ പി.എച്ച്. മൂല്യം കൂടുതലായിരുന്നു. അത്തരം വെള്ളത്തില്‍ മത്സ്യങ്ങള്‍ ജീവിക്കില്ല. പി.എച്ച്. മൂല്യം നോക്കുന്നതിലുണ്ടായ പരിചയക്കുറവ്  മത്സ്യങ്ങള്‍ക്ക് വിനയായി. കുളത്തിലെ സ്ഥിരവാസക്കാരായ വലിയമീനുകള്‍ മത്സ്യക്കുഞ്ഞുങ്ങളെ വിഴുങ്ങുക കൂടി ചെയ്തതോടെ ഉദ്യമം സമ്പൂര്‍ണ പരാജയമായി. 

തോല്‍വിയാണ് വിജയത്തിലേക്കുള്ള ചവിട്ടുപടി എന്ന വിശ്വാസക്കാരനായിരുന്നു ദിനേശന്‍ മാസ്റ്റര്‍. പരാജയത്തില്‍നിന്ന് പുതിയ പാഠങ്ങള്‍ ഉള്‍ക്കൊണ്ട് സ്വന്തം വീട്ടുമുറ്റത്ത് കൃഷിക്കിറങ്ങി. രണ്ട് സെന്റ് സ്ഥലത്ത് ചെങ്കല്ലുപയോഗിച്ച് രണ്ട് കുളങ്ങള്‍ നിര്‍മ്മിച്ചു. വീട്ടുപറമ്പിലെ ഒരു സ്വാഭാവിക കുളവും ഉപയോഗിച്ചു. സഹായത്തിന് ഫിഷറീസ് വകുപ്പിന്റെ മത്സ്യ സമൃദ്ധി പദ്ധതിയുമെത്തി.  ടാര്‍പോളിന്‍ ഷീറ്റുവിരിച്ച് മഴവെള്ളം നിറച്ചു. വെള്ളത്തിന്റെ പി.എച്ച്. മൂല്യം അളന്നു. കൂടുതലായതിനാല്‍ കുമ്മായമിട്ട് കുറച്ചു. അടിവളമായി ചാണകം നിക്ഷേപിച്ചു. കീച്ചേരിയിലെ സ്വകാര്യ സ്ഥാപനത്തില്‍ നിന്നും ഫിഷറീസ് വകുപ്പില്‍ നിന്നും മത്സ്യക്കുഞ്ഞുങ്ങളെ വാങ്ങി. കട്!ല, രോഹു, മൃഗാള്‍, ആസാം വാള, അനബസ്, നെട്ടര്‍, ഗിഫ്റ്റ് ഫിലോപ്പിയ എന്നീ ഇനത്തില്‍പ്പെട്ട മത്സ്യക്കുഞ്ഞുങ്ങള്‍ ദിനേശന്റെ കുളത്തില്‍ നീന്തിത്തുടിച്ചു. ഭക്ഷണമായി തവിട്, പിണ്ണാക്ക് എന്നിവ നല്‍കി. കൂടാതെ ഗോതമ്പും അരിയും വേവിച്ച് മത്സ്യത്തീറ്റയും കൂടി ചേര്‍ത്ത് ഭക്ഷണമായി നല്‍കി. സ്‌കൂള്‍ കഴിഞ്ഞ് എല്ലാ ദിവസവും വൈകീട്ട് മത്സ്യങ്ങളെ പരിചരിക്കും. മത്സ്യങ്ങളുടെ ഏറ്റവും വലിയ ശത്രുവായ നീര്‍ക്കാക്കയെ തടയാന്‍  കുളത്തിനുമുകളില്‍ വലവിരിച്ചു. 

വീട്ടുവളപ്പില്‍ തുടങ്ങിയ മത്സ്യകൃഷി ദിനേശന് എന്തായാലും സാമ്പത്തിക ലാഭം ഉണ്ടാക്കി. ഒരു വര്‍ഷം കൊണ്ട് ഒന്നു മുതല്‍ ഒന്നര കി.ഗ്രാം വരെ തൂക്കമുള്ള ആസാംവാളയും കട്‌ലയും ലഭിച്ചു. 2016 സെപ്റ്റംബര്‍ മാസത്തെ ഓണക്കാലത്തായിരുന്നു ആദ്യ വിളവെടുപ്പ്. പ്രതീക്ഷിച്ചതിലും അധികം മത്സ്യങ്ങളെ ലഭിച്ചു. കി.ഗ്രാമിന് 300 രൂപയ്ക്കാണ് വിറ്റത്. ഈ വര്‍ഷം ജനുവരിയില്‍ രണ്ടാംഘട്ട വിളവുമെടുത്തു. 30,000 രൂപയുടെ മുടക്കുമുതല്‍ കൊണ്ട് ഒരു ലക്ഷത്തോളം രൂപ നേട്ടം ലഭിച്ചു. കൃത്യമായ പരിചരണമുണ്ടെങ്കില്‍ ആറുമാസത്തില്‍ വിളവെടുക്കാം എന്നാണ് ദിനേശന്റെ അഭിപ്രായം.ശാരീരികമായോ മാനസികമായോ അധികം അധ്വാനമില്ലാതെ  വീട്ടിലിരുന്നുകൊണ്ട് ചെയ്ത കൃഷിയില്‍ നിന്ന് പ്രതീക്ഷിച്ചതിലധികം നേട്ടം ഉണ്ടാക്കാന്‍ കഴിഞ്ഞു. 

ദിനേശന്റെ വീട്ടുവളപ്പില്‍ മൂന്ന് കുളങ്ങളാണുള്ളത്. 2000ലധികം മത്സ്യങ്ങളുണ്ട്. ഓഗസ്റ്റ് ആറിനാണ് അടുത്ത വിളവെടുപ്പ്. വിളവെടുപ്പിന് ശേഷം ഫിഷറീസില്‍ നിന്ന് മത്സ്യക്കുഞ്ഞുങ്ങളെ വാങ്ങും. ഏതായാലും മത്സ്യകൃഷി തുടരാന്‍ തന്നെയാണ് ഇദ്ദേഹത്തിന്റെ തീരുമാനം. ഏത് കാലാവസ്ഥയിലും എവിടെയും മത്സ്യകൃഷി തുടങ്ങാമെന്ന് ദിനേശന്‍ പറയുന്നു.  മഴവെള്ളം മാത്രം ഉപയോഗിച്ചാല്‍ മതി. കട്‌ലയ്ക്ക് മാത്രമേ വെള്ളം ഇടയ്ക്കിടെ മാറ്റേണ്ടതുള്ളൂ. കട്!ല വളര്‍ത്തുന്നത് മഴക്കാലത്ത് മാത്രമാക്കിയാല്‍ വെള്ളം മാറ്റേണ്ടതില്ല. മഴ ഇടയ്ക്കിടെ ലഭിക്കുന്നതിനാല്‍ പുതിയ വെള്ളം കുളത്തിലെത്തും. അങ്ങനെ വെള്ളം മാറ്റുന്ന പ്രശ്‌നം ഒഴിവാക്കാം. കാലവര്‍ഷത്തിലും തുലാവര്‍ഷത്തിലും ലഭിക്കുന്ന മഴവെള്ളം മാത്രം മതി ഒരു വര്‍ഷം കൃഷി നടത്താന്‍. വീട്ടിലെ ടെറസില്‍ നിന്നുള്ള വെള്ളം കുളത്തിലേക്ക് തിരിച്ചുവിട്ടാല്‍ മതി. 

സ്വന്തമായി മത്സ്യകൃഷി തുടങ്ങി എന്നതിനപ്പുറം നിരവധിയാളുകള്‍ക്ക് ജീവിതോപാധിയായി മത്സ്യം വളര്‍ത്തല്‍ സ്വീകരിക്കാന്‍ ഇദ്ദേഹം പ്രചോദനമായി. പെരളശ്ശേരിയിലും പരിസരപ്രദേശങ്ങളിലുമുള്ള പലരും ദിനേശന്റെ വിജയത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് മത്സ്യകൃഷിയിലേക്ക് തിരിഞ്ഞിട്ടുണ്ട്. ഇപ്പോഴും നിരവധിയാളുകള്‍ ഇദ്ദേഹത്തിന്റെ വീട്ടിലെത്തി കാര്യങ്ങള്‍ അന്വേഷിക്കുന്നുണ്ട്. ചെറിയ ഒരു കുളം വീട്ടില്‍ സ്ഥാപിച്ചാല്‍ രാസവസ്തുക്കളിടാത്ത നല്ല മത്സ്യം വീട്ടാവശ്യത്തിനുപയോഗിക്കാം. മത്സ്യകൃഷിക്ക് പെരളശ്ശേരി പഞ്ചായത്തും പ്രസിഡന്റ് എ.കെ.ചന്ദ്രനും നിസ്തുലമായ പിന്തുണയാണ് നല്‍കിയത്. ഫിഷറീസ് വകുപ്പിലെ അസി. പ്രൊജക്ട് ഓഫീസര്‍ കെ.സന്ധ്യ, പഞ്ചായത്ത് കോഓര്‍ഡിനേറ്റര്‍ ശൈലജ എന്നിവരും പിന്തുണയും സഹായവും നല്‍കി. ദിനേശന്റെ ഭാര്യ ശ്രീജയും മറ്റ് കുടുംബാംഗങ്ങളും ഇതില്‍ സഹായിക്കുന്നുണ്ട്. 

ഫോണ്‍: 9847306474.