പാടത്തും തോട്ടിലും തോര്‍ത്തുവിരിച്ചും ചൂണ്ടയിട്ടും മീനുകളോട് ഇഷ്ടം കൂടിയതാണ് ശ്രീനിഷ്. മീന്‍പ്രേമം ഇപ്പോള്‍ ഈ ചെറുപ്പക്കാരന്റെ തലവരതന്നെ മാറ്റി. നല്ല വരുമാനമായി, കടങ്ങള്‍ വീട്ടി, പെട്ടി ഓട്ടോയും കാറും വാങ്ങി...

fishഇപ്പോഴിതാ സംസ്ഥാനത്തെ മികച്ച ശുദ്ധജലമത്സ്യ കര്‍ഷകനുള്ള പുരസ്‌കാരം കടങ്ങോട് വലിയപറമ്പില്‍ വീടിന്റെ പടികടന്നെത്തുകയും ചെയ്തു.പാടങ്ങളും തോടുകളും നിറഞ്ഞ മുള്ളൂര്‍ക്കര ഇരുനിലംകോടാണ് ശ്രീനിഷ് ഏഴാം ക്ലാസ് വരെ വളര്‍ന്നത്. അവിടത്തെ പാടങ്ങളിലും തോടുകളിലും മുയ്യ് (മുശി) പിടുത്തം പതിവായിരുന്നു. പിന്നീട് കടങ്ങോട് മനപ്പടിയിലേക്ക് താമസം മാറിയെങ്കിലും മീനുകളോടുള്ള ഇഷ്ടം കുറഞ്ഞില്ല. പ്ലസ്ടുവിന് ശേഷം കുന്നംകുളത്തെ പഴക്കടയില്‍ ജോലിചെയ്തു. പിന്നീട് സ്വന്തമായി ജ്യൂസ് കട നടത്തി. ഈ സമയത്ത് വീട്ടിലെ ചെറിയ ടാങ്കുകളില്‍ മീന്‍ വളര്‍ത്തിയിരുന്നു. 2011 ലാണ് വിശാലമായ മത്സ്യകൃഷിയിലേക്കിറങ്ങിയത്. ആറുവര്‍ഷം കൊണ്ട് നേടിയ മത്സ്യവിജയത്തിന്റെ കഥ ശ്രീനിഷില്‍നിന്നുതന്നെ കേള്‍ക്കാം.

സുഹൃത്തും മത്സ്യസമൃദ്ധി പദ്ധതി പഞ്ചായത്ത് കോഓര്‍ഡിനേറ്ററുമായിരുന്ന പരേതനായ സജിത്കുമാറാണ് എന്നെ ഏറ്റവുമധികം പ്രോത്സാഹിപ്പിച്ചത്. അഞ്ചുസെന്റ് സ്ഥലവും വീടും മാത്രമുള്ള എനിക്ക് കുളമുണ്ടാക്കാന്‍ പോയിട്ട് കുഴികുത്താന്‍കൂടി സ്ഥലമില്ല. പഞ്ചായത്ത് കുളങ്ങള്‍ പാട്ടത്തിനെടുക്കാമെന്ന ഐഡിയ തന്നതും സജിത്താണ്.അങ്ങനെ ഫിഷറീസ് വകുപ്പിന്റെ സഹായത്തോടെ ചെറിയതോതില്‍ മത്സ്യകൃഷി തുടങ്ങി. 'ശ്രീനിഷേ നമുക്ക് ജില്ലാ അവാര്‍ഡ് വാങ്ങണ'മെന്ന് സജിത്ത് എപ്പോഴും പറയുമായിരുന്നു. ഇപ്പോള്‍ സംസ്ഥാന അവാര്‍ഡ്... അത് കാണാന്‍ സജിത്തില്ലല്ലോ എന്ന ദുഃഖമുണ്ട്.

പഠിച്ച് തന്നെ പണി തുടങ്ങി

ഫിഷറീസ് വകുപ്പിന്റെ കീഴില്‍ ബെംഗളൂരുവില്‍ നടന്ന 15 ദിവസത്തെ പരിശീലനക്ലാസ് എന്റെ മനോഭാവം തന്നെ മാറ്റി. ക്ലാസ് കഴിഞ്ഞപ്പോള്‍ ഞാന്‍ തീരുമാനിച്ചുഇതാണ് എന്റെ വഴി. മത്സ്യക്കുഞ്ഞുങ്ങളെ ബ്രീഡ് ചെയ്യാന്‍ പഠിച്ചു. വിവിധയിനങ്ങളെ അടുത്തറിയാനും കഴിഞ്ഞു. തുടക്കത്തില്‍ വലിയ വരുമാനം ഉണ്ടായിരുന്നില്ല. കഷ്ടിച്ച് വീട്ടുചെലവ് കഴിഞ്ഞുപോകുമെന്ന് മാത്രം.

ഇപ്പോള്‍ പാട്ടത്തിനെടുത്ത 49 കുളങ്ങളിലായി 19.5 ഹെക്ടറില്‍ മത്സ്യകൃഷി ചെയ്യുന്നു. ഒരുദിവസം 55000 രൂപയുടെ മീന്‍ വരെ വിറ്റിട്ടുണ്ട്. മീന്‍ പിടിക്കുന്ന സീസണായാല്‍ ഒമ്പതുപേര്‍ക്ക് എന്റെ മത്സ്യകൃഷിവഴി ജീവിതമാര്‍ഗം കിട്ടും. അതൊരു വലിയ സന്തോഷമാണ്.

വിപണി കണ്ടെത്താന്‍

കട്‌ല, ഗ്രാസ്‌കാര്‍പ്പ്, രോഹു, മൃഗാല എന്നീ ഇനങ്ങളാണ് ഞാന്‍ കൃഷി ചെയ്യുന്നത്. ആദ്യമൊക്കെ വളര്‍ത്തുമീനുകളോട് ആളുകള്‍ക്ക് ഇഷ്ടക്കുറവുണ്ടായിരുന്നു. ഐസിടാത്ത, രാസപദാര്‍ഥങ്ങളൊന്നും ചേര്‍ക്കാത്ത മത്സ്യമായതുകൊണ്ട് ഇപ്പോള്‍ ആവശ്യക്കാരേറെയാണ്. എരുമപ്പെട്ടി സെന്ററില്‍ പോലും ദിവസം നൂറുകിലോ മീന്‍ വില്‍ക്കാം.

കടങ്ങോട് വലിയപറമ്പില്‍ ശ്രീധരന്റെയും സരോജിനിയുടെയും മകനാണ് 32കാരനായ ശ്രീനിഷ്. ഭാര്യ അര്‍ച്ചന മത്സ്യസമൃദ്ധി പദ്ധതിയുടെ കടങ്ങോട് പഞ്ചായത്ത് കോഓര്‍ഡിനേറ്ററാണ്. മക്കള്‍: ശ്രീ ആദിത്യ, ശ്രീ ആദിസൂര്യ.