ഷെയ്സ്പിയറെയും കീറ്റ്സിനെയും ഷെല്ലിയെയുമൊക്കെ കുട്ടികളെ പരിചയപ്പെടുത്തിക്കൊടുക്കുന്ന അതേ വാത്സല്യത്തോടെയാണ് പ്രൊഫ. കെ.ആര്.ശങ്കരനാരായണന്റെ കൃഷി പരിപാലനം. ശാസ്താംകോട്ട ദേവസ്വംബോര്‍ഡ് കോളേജില്‍ ഇംഗ്ലീഷ് വിഭാഗത്തില്‍ അസോസിയേറ്റ് പ്രൊഫസറാണ് ശങ്കരനാരായണന്.
ഗേറ്റുമുതല്‍ വീടുവരെ കായ്കളുമായി അതിരിട്ടുനില്ക്കുന്ന വഴുതനകള്‍. വീടിനോടുചേര്‍ന്ന് മത്സ്യങ്ങളെ വളര്‍ത്തുന്ന കുളം, കൂടുകളില്‍ സുന്ദരികളായ ഫ്ളയിങ് ഇനത്തില്‍പ്പെട്ട താറാവുകള്‍. ആട്ടിന്‍ പറ്റങ്ങള്‍ക്ക് പാര്‍ക്കാന്‍ പ്രത്യേക ഇടം. പിന്നെ ഗിര്‍ പശുക്കള്‍.
കുട്ടികളെ പഠിപ്പിക്കാന്‍ മാത്രമല്ല കൃഷിചെയ്യാനും നന്നായി അറിയാമെന്ന് കാണിച്ചുതരുകയാണ് കെ.ആര്.ശങ്കരനാരായണന്റെ പറക്കോട് മുല്ലൂര്‍ക്കുളങ്ങര ഭാരതിവിലാസം വീടിനോടു ചേര്‍ന്ന കൃഷിയിടം. ഈ അഞ്ചേക്കര്‍ പറമ്പ് കാണുന്ന ആരും ഒന്ന് അതിശയിച്ചുപോകും. അത്രയ്ക്കുണ്ട് ഇതിലെ പരിപാലനം.
ഫലവൃക്ഷത്തോട്ടത്തിലേക്ക് കടന്നാല്‍ റംമ്പുട്ടാന്, ക്വിന്റല്‍ ഏത്തന്, അബിയുദൂരിയന് എന്നിവയെല്ലാം കണ്ടുനീങ്ങാം. നാടന്‍, മറുനാടന്‍ ഇനങ്ങള്‍ വേനലെന്നോ മഴയെന്നോ ഭേദമില്ലാതെ തഴച്ചുവളരുന്നു.
ആടുകളെ ഇണചേര്‍ക്കാനായി 50,000-ത്തോളം രൂപവിലവരുന്ന ബീറ്റല്‍ എന്ന മുട്ടനാട് ഇവിടെ രാജകീയമായി കഴിയുന്നു. കരോളിന്, ജമുനാപ്യാരി, മലബാറി ഇനത്തിലുള്ള ആടുകളാണിവിടെയുള്ളത്.
യാതൊരു ദുര്‍ഗന്ധവും പുറത്ത് വരാത്തവിധത്തിലാണ് ക്രമീകരണം.
മീനുകള്‍ക്ക് നല്‍കാനായി അസോള ഇനത്തിലുള്ള പായല്‍ വളര്‍ത്തുന്നുണ്ട്. അറവ്മാലിന്യങ്ങളൊന്നും നല്‍കാതെ പഴങ്ങളുടെയും പച്ചക്കറിയുടെയും അവശിഷ്ടങ്ങളാണ് മീനുകള്‍ക്ക് ഭക്ഷണമായി നല്‍കുന്നത്. ഇതാണ് ദുര്‍ഗന്ധം പുറത്തുവരാത്തതിന്റെ പ്രധാനകാരണം. നൈലോട്ടിക്ക, റെഡ് വല്ലി, കാര്‍പ്പ്, തുടങ്ങിയവയാണ് ഇപ്പോള്‍ കുളത്തിലുള്ളത്.
മീന്‍ വില്‍ക്കുന്നതായി അറിഞ്ഞാല്‍ നാട്ടുകാര്‍ ഓടിയെത്തി വാങ്ങും. അടൂര്‍ ഓള്‍സെയിന്റ്സ് പബ്ലിക് സ്കൂള്‍ ആന്‍ഡ് ജൂനിയര്‍ കോളേജ് അധ്യാപികയായ ഭാര്യ മിനിയുടെയും ഐ.ഐ.എം. വിദ്യാര്‍ഥിയായ മകള്‍ വിഷ്ണുപ്രിയയുടെയും പിന്തുണ അദ്ദേഹത്തിന് പിന്ബലമാകുന്നു. ഹിന്ദുസ്ഥാന്‍ പേപ്പര്‍ കോര്‍പ്പറേഷനില്‍നിന്ന് വിരമിച്ച അച്ഛന് കേശവന് നായരുടെ മേല്‍നോട്ടവും തുണയായി.
Content Highlights: Aqua Culture By College Lecture