തങ്കശോഭയുള്ള നെല്‍കൃഷിയും വെള്ളിത്തിളക്കമുള്ള മത്സ്യകൃഷിയും കോള്‍പ്പാടത്തെ സമൃദ്ധമായ കാഴ്ചയാണ്. കോള്‍പ്പാടത്തിനു പുറമേ സ്വകാര്യവ്യക്തികളുടെ കുളം അടക്കമുള്ള ജലാശയങ്ങളിലും മത്സ്യകൃഷി വലിയ വിജയം കൊയ്യുന്ന കാഴ്ചകളായിരുന്നു കഴിഞ്ഞവര്‍ഷം വരെ കണ്ടത്. എന്നാലിക്കുറി മത്സ്യകൃഷി വന്‍നഷ്ടത്തിലാണ് കലാശിച്ചത്. പ്രളയത്തില്‍ കോടിക്കണക്കിന് രൂപയുടെ മത്സ്യസമ്പത്താണ് ഒഴുകിപ്പോയത്.

മത്സ്യം വിളവെടുക്കുന്ന ഈ നാളുകളില്‍ വല നിറയേണ്ടതിനുപകരം നിരാശയാണ് ഫലം. നഷ്ടത്തിന്റെ ഭീമമായ കണക്കുകളാണ് കൃഷിയിടങ്ങളില്‍ നിന്നുയരുന്നത്.

ചേര്‍പ്പ് മേഖലയില്‍ സംഭവിച്ചത്

മികച്ച മത്സ്യക്ലബ്ബ്, മികച്ച അക്വാ കോ-ഓര്‍ഡിനേറ്റര്‍ എന്നീ നിലകളില്‍ സംസ്ഥാന തലത്തില്‍ ഒട്ടേറെ പുരസ്‌കാരങ്ങള്‍ നേടിയ പഞ്ചായത്താണ് ചേര്‍പ്പ്. മത്സ്യകൃഷി എങ്ങനെ ലാഭകരമായി നടത്താമെന്ന് പദ്ധതികളുടെ തുടക്കം മുതല്‍ വര്‍ഷങ്ങളായി കാണിച്ചുതരുന്ന പഞ്ചായത്ത്. ഇക്കുറി ഒമ്പത് പാടശേഖരം, സ്വകാര്യ ജലാശയങ്ങള്‍ എന്നിങ്ങനെ 1800 ഏക്കറിലധികം സ്ഥലത്ത് കൃഷിയിറക്കി. സര്‍ക്കാര്‍ നല്‍കിയ 20.77 ലക്ഷം മത്സ്യക്കുഞ്ഞുങ്ങളെ കൃഷിയിറക്കിയതായി അക്വാ കള്‍ച്ചര്‍ കോ-ഓര്‍ഡിനേറ്റര്‍ കെ.വി. രാമകൃഷ്ണന്‍ പറഞ്ഞു. പലയിടത്തും വിളവെടുപ്പുതുടങ്ങി. ഭൂരിഭാഗം കൃഷിയും വെള്ളത്തില്‍ ഒഴുകിപ്പോയി.

കൃഷിയിടത്തില്‍ രണ്ടാള്‍ ഉയരത്തില്‍ വരെയാണ് വെള്ളം കയറിയത്. മത്സ്യങ്ങള്‍ പുഴ, മറ്റ് ജലാശയം എന്നിവിടങ്ങളില്‍ എത്തിയിട്ടുണ്ടാകാം- രാമകൃഷ്ണന്‍ പറഞ്ഞു.

ചേനം തരിശില്‍

540 ഏക്കര്‍ വരുന്ന ചേനം പാടശേഖരത്തില്‍ 24.25 ലക്ഷം മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചിരുന്നതായി പാടശേഖരസമിതി സെക്രട്ടറി കെ.കെ. ജലാലുദ്ദീന്‍ പറഞ്ഞു.

നേഴ്‌സറി, കൃഷിയിടമൊരുക്കല്‍ എന്നിവയ്ക്ക് അഞ്ചുലക്ഷം രൂപയും തീറ്റ, ചാണകം, കുമ്മായം എന്നിവയ്ക്ക് എട്ടുലക്ഷം രൂപയും കൂലിയിനത്തില്‍ 5.25 ലക്ഷം രൂപയും ചെലവായി. സര്‍ക്കാര്‍ സഹായത്തോടെയാണ് കൃഷി. വിളവെടുപ്പ് ആദ്യദിനത്തിലെ വെച്ചുനോക്കുമ്പോള്‍ പ്രതീക്ഷിച്ചതിന്റെ വെറും 10 ശതമാനം മാത്രമാണ് ലഭിച്ചത്. 11 ലക്ഷം കിലോ മീന്‍ ആണ് പ്രതീക്ഷിച്ചത്. കൊഞ്ച്, കട്്‌ല, രോഹു, ആസാം വാള, ഗിഫ്റ്റ് തിലോപ്പിയ, സൈപ്രനസ്, ഗ്രാസ് കാര്‍പ്പ് തുടങ്ങിയ മത്സ്യങ്ങളാണ് കൃഷിയിറക്കിയത്. ഇതില്‍ പലമീനുകളും കാണുന്നില്ല- ജലാലുദ്ദീന്‍ പറഞ്ഞു.

Content highlights: Aqua culture, Agriculture, Paddy field