ചേര്‍ത്തല: ഫാമുകളിലും അക്വേറിയങ്ങളിലും വളര്‍ത്തുന്ന മത്സ്യങ്ങള്‍ പൊതു ജലാശയങ്ങളില്‍. ഇത് സ്വാഭാവിക മത്സ്യങ്ങള്‍ക്ക് ഭീഷണിയുയര്‍ത്തുകയാണ്. സ്വാഭാവിക മത്സ്യക്കുഞ്ഞുങ്ങളെയും ചെറിയ മത്സ്യങ്ങളെയും അകത്താക്കുന്ന ഇനങ്ങളുമുണ്ട്. സംസ്ഥാനത്തെ എല്ലാ ജലാശയങ്ങളിലും വളര്‍ത്തുമത്സ്യങ്ങളുടെ സാന്നിധ്യമുണ്ട്. 

ആഫ്രിക്കയില്‍നിന്ന് എത്തിയ തിലാപ്പിയ മുതല്‍ അപകടകാരികളായ പിരാന ഇനങ്ങള്‍വരെ കേരളത്തിലെ പൊതു ജലാശയങ്ങളില്‍ വ്യാപിച്ചിട്ടുണ്ട്. ആഫ്രിക്കന്‍ മുഷി, അമേരിക്കയില്‍നിന്നെത്തിയ റെഡ്ബെല്ലി, മലേഷ്യന്‍ ഇനമായ പങ്കാസിയസ് (വാള) തുടങ്ങി നിരവധി വളര്‍ത്തുമത്സ്യങ്ങളാണ് പൊതു ജലാശയങ്ങളില്‍ നിറയുന്നത്. ഇതിനൊപ്പം നിരോധിച്ചതായ പല അക്വേറിയന്‍ അലങ്കാര മത്സ്യങ്ങളുമുണ്ട്. 

മികച്ച പ്രത്യുത്പാദനശേഷിയുള്ള ഇത്തരം മത്സ്യങ്ങള്‍ക്കൊപ്പം സ്വാഭാവിക മത്സ്യങ്ങള്‍ക്ക് കഴിയാന്‍ പ്രയാസമാണെന്ന് ഫിഷറീസ് മേഖലയിലെ ഗവേഷകനായ ഡോ. വി.ആര്‍.ശ്രീനാഥ് പറഞ്ഞു. 

വിദേശമത്സ്യങ്ങള്‍ വളര്‍ത്തുന്നത് തെറ്റ്

റെഡ്ബെല്ലി, ആഫ്രിക്കന്‍ മുഷി തുടങ്ങിയ ഇനം മത്സ്യങ്ങള്‍ വളര്‍ത്തുന്നത് നിരോധിച്ചിട്ടുണ്ട്. ഇവ വളര്‍ത്തുന്നവര്‍ക്കെതിരേ അന്വേഷണങ്ങള്‍ നടന്നുവരികയാണ്.

-സി.പി.അനിരുദ്ധന്‍ (ഫിഷറീസ് ജില്ലാ ഡെപ്യൂട്ടി ഡയറക്ടര്‍) 

വളര്‍ത്തുമത്സ്യങ്ങള്‍ ആഹാരം പെട്ടെന്ന് അകത്താക്കും

വളര്‍ത്തുമത്സ്യങ്ങള്‍ക്ക് കൂടുതല്‍ ആഹാരം വേഗത്തില്‍ അകത്താക്കാനും കാലാവസ്ഥാമാറ്റങ്ങളെ അതിജീവിക്കാനും കഴിയും. ഇതുമൂലം ആഹാരം കുറയുന്നത് സ്വാഭാവിക മത്സ്യങ്ങള്‍ക്ക്. 

ബാധിക്കുന്നത് കരിമീന്‍ മുതല്‍ നൂറോളം ഇനത്തിലുള്ള പരല്‍മത്സ്യങ്ങളെ. പിരാനയോടു സാമ്യമുള്ള കേരള പിരാനയെന്ന് അറിയപ്പെടുന്ന റെഡ് ബെല്ലിയുടെ (പാക്കു) സാന്നിധ്യമാണ് നമ്മുടെ ജലാശയങ്ങളില്‍ കണ്ടെത്തിയിട്ടുള്ളത്. ഇത് അപകടകാരിയുമാണ്.