മത്സ്യക്കൃഷിയിലും പച്ചക്കറിക്കൃഷിയിലും വിജയം കൊയ്തിരിക്കുകയാണ് വിഷ്ണു നായര്‍. ആലപ്പുഴ ചുനക്കര കരിമുളയ്ക്കല്‍ പഞ്ചായത്തിലെ കര്‍ഷകനായ ഇദ്ദേഹം മൂന്നുകുളങ്ങളിലായാണ് മത്സ്യം കൃഷിചെയ്യുന്നത്. സി.ബി.ഐ.യില്‍നിന്ന് വിരമിച്ചശേഷമാണ്  കൃഷിയിലേക്കിറങ്ങിയത്. aquaculture

മത്സ്യക്കൃഷിയുടെ പ്രധാനശത്രുക്കള്‍ കിളികളും പാമ്പും ആമയുമാണ്. ഇവയെ നിയന്ത്രിക്കുന്നതിനും ഈ കര്‍ഷകന് പ്രത്യേക വഴികളുണ്ട്. 60 സെന്റ് വിസ്തൃതിയുള്ള മൂന്നുകുളങ്ങളിലായാണ് വിഷ്ണു നായര്‍ മത്സ്യങ്ങളെ വളര്‍ത്തുന്നത്. മൂന്നുകുളങ്ങളിലും വെവ്വേറെ ഇനങ്ങളെയാണ് ഇട്ടിട്ടുള്ളത്.

ദേശാടനക്കിളികളെയും ആമകളെയും പാമ്പുകളെയും കുളത്തില്‍ വല വിതാനിച്ച് നിയന്ത്രിക്കാമെന്ന അറിവ് നടപ്പാക്കി. പക്ഷേ, ആമകള്‍ വീണ്ടും ശല്യക്കാരായി. ആമകള്‍ കുളത്തിന്റെ വശങ്ങളില്‍ ഉറപ്പിച്ച ബലമുള്ള വലകള്‍ കടിച്ചുമുറിച്ച് കുളങ്ങളില്‍ ഇറങ്ങാന്‍ തുടങ്ങി. ആമകളെ കെണിവെച്ച് പിടിക്കാന്‍ എളുപ്പമാണെന്ന് ഉള്‍നാടന്‍ മത്സ്യവികസന ഏജന്‍സി നടത്തിയ പരിശീലനത്തിലൂടെ മനസ്സിലാക്കി. അതുപോലെ ചെയ്തു. 

കുളത്തിന്റെ അടുത്തുതന്നെ ഒരു വലിയ ബക്കറ്റിന്റെ ആഴത്തില്‍ കുഴിയെടുത്ത് അതിലേക്ക് ഒരു ബക്കറ്റ് ഇറക്കിവെക്കുക. ബക്കറ്റില്‍ മത്സ്യാവശിഷ്ടം ഇട്ടുവെക്കുക. ആമകള്‍ കടല്‍മത്സ്യത്തിന്റെ  മണം ലക്ഷ്യമാക്കി നടന്നുവന്ന് ബക്കറ്റിലേക്കുവീഴും. വീണുകഴിഞ്ഞാല്‍ അവയ്ക്ക് മുകളിലേക്ക് കയറാന്‍കഴിയില്ല. ജീവനോടെ പിടിക്കുന്ന ആമകളെ അടുത്തുള്ള പുഞ്ചവയലിലേക്ക് വിടും.

കുളത്തിലെ മണ്ണിന്റെയും വെള്ളത്തിന്റെയും അമ്‌ളത പ്രശ്‌നമാണ്. അമ്‌ളത അധികമായാല്‍ മീനുകള്‍ ചത്തുപൊങ്ങും. അമ്‌ളത അറിയാനുള്ള എളുപ്പമാര്‍ഗം പി.എച്ച്. സൊലൂഷന്‍ ഉപയോഗിക്കുക എന്നതാണ്. കുളത്തിലെ അല്പം വെള്ളമെടുത്ത് ഒരു ടെസ്റ്റ് ട്യൂബില്‍ ഒഴിച്ച് അതിലേക്ക് രണ്ടുതുള്ളി സൊലൂഷന്‍ ഒഴിച്ച് ഒന്നിളക്കിയാല്‍ ദ്രാവകത്തിന്റെ നിറംമാറും. നിറത്തിന്റെ തീവ്രത നോക്കി അമ്‌ളത തീര്‍ച്ചയാക്കാം. അമ്‌ളത കൂടുതലെങ്കില്‍ പശുവിന്റെ പച്ചച്ചാണകം കുളത്തില്‍ വിതറിയാല്‍മതി. അതുമല്ലെങ്കില്‍ കുമ്മായം കലക്കി അതിന്റെ തെളി ഒഴിച്ചാലും മതിയാകും.

ഇത്തവണ അനാബസ് എന്ന ബംഗ്‌ളാദേശ് ഇനമാണ് കൂടുതല്‍. 2000 എണ്ണത്തിനെ ഒരു കുളത്തില്‍ ഇട്ടിരിക്കുന്നു. കരയില്‍ പിടിച്ചിട്ടാലും ഏറെനേരം ജീവനോടെ ഇരിക്കാന്‍ കഴിവുണ്ട്. പൂര്‍ണവളര്‍ച്ചയെത്താന്‍ ആറുമാസമേ വേണ്ടിവരികയുള്ളൂ. തൂക്കം ശരാശരി 400 ഗ്രാം വരും. കുളത്തില്‍ത്തന്നെ മുട്ടയിട്ട് പെരുകും.

മറ്റൊരു കുളത്തില്‍ തിലോപ്പിയയെയും ഇട്ടിരിക്കുന്നു. വളരെ വേഗം വളരുന്ന ഇവ എന്തുകൊടുത്താലും തിന്നും. മരണത്തോത് കുറവുമാണ്. പൂര്‍ണവളര്‍ച്ചയെത്തിയ മീനിന് ഒരുകിലോമുതല്‍ ഒന്നരക്കിലോവരെ തൂക്കം വെക്കും. എട്ടാംമാസം മുതല്‍ തിലോപ്പിയയെ പിടിച്ചുതുടങ്ങാം. മൂന്നാമത്തെ കുളത്തില്‍ കരിമീനുകളെയാണ് വളര്‍ത്തുന്നത്. വെള്ളത്തിന്റെ അമ്‌ളത അല്പംതെറ്റിയാല്‍ ഇവ ചത്തുപൊങ്ങും. പൂര്‍ണവളര്‍ച്ചയെത്തിയ കരിമീനുകള്‍ക്ക് 400 ഗ്രാം മുതല്‍ തൂക്കം ലഭിക്കും. ആറുമുതല്‍ പത്തുമാസങ്ങള്‍ക്കുള്ളില്‍ മത്സ്യവിളവെടുപ്പ് അവസാനിക്കും. പിന്നീട് കുളം വറ്റിച്ച് ബ്ലീച്ചിങ് പൗഡര്‍ വിതറും. 

പുതുവെള്ളം വരുന്നതിനു മുമ്പുതന്നെ ചെറിയ നഴ്‌സറി കുളത്തില്‍ മത്സ്യവകുപ്പില്‍നിന്നും ലഭിക്കുന്നതും വില കൊടുത്തു വാങ്ങുന്നതുമായ മത്സ്യക്കുഞ്ഞുങ്ങളെ പ്രത്യേകമായി വളര്‍ത്തിയെടുക്കും. ഏതാണ്ട് ജൂലായ്-ഓഗസ്റ്റ് മാസത്തില്‍ നഴ്‌സറി കുളത്തില്‍നിന്ന് പ്രധാന കുളങ്ങളിലേക്ക് കുഞ്ഞുങ്ങളെ തുറന്നുവിടും. ചെറിയ കുഞ്ഞുങ്ങളെ നേരിട്ട് വലിയ കുളത്തിലേക്ക് വിട്ടാല്‍ അവ ചത്തുപോകാന്‍ ഇടയുണ്ട്. അതിനാണ് നഴ്‌സറി കുളം ഒരുക്കി അതില്‍ കുഞ്ഞുങ്ങളെ വളര്‍ത്തുന്നത്. വലിയ കുളങ്ങള്‍ വറ്റിക്കുമ്പോള്‍ ലഭിക്കുന്ന മത്സ്യക്കുഞ്ഞുങ്ങളെയും ഇത്തരത്തില്‍ നഴ്‌സറി കുളത്തിലേക്ക് മാറ്റാറുണ്ട്. 

സ്വന്തമായി രണ്ട് ഏക്കറിനടുത്ത് സ്ഥലമുണ്ട്. അതില്‍ തെങ്ങ്, വാഴ, ചേന, ചേമ്പ്, ഇഞ്ചി, മഞ്ഞള്‍, മരച്ചീനി എന്നിവ സമൃദ്ധം. രാസ കീടനാശിനികള്‍ ഉപയോഗിക്കാറില്ല. പ്രധാനവളം ചാണകം, ഗോമൂത്രം. പ്രധാന സസ്യസംരക്ഷണമാര്‍ഗങ്ങള്‍ വേപ്പെണ്ണ മിശ്രിതം, സോപ്പുലായനി എന്നിവയാണ്. 

(ഫോണ്‍: 9497189048).