കേരളത്തിന്റെ തീരപ്രദേശങ്ങളില്‍ ഏറ്റവും കൂടുതല്‍ കൃഷി ചെയ്യുന്ന കൊഞ്ചാണ് ആറ്റുകൊഞ്ച്. ഇവയ്ക്ക് ഉയര്‍ന്ന രോഗ പ്രതിരോധശേഷിയും ഉയര്‍ന്ന വളര്‍ച്ചയുമാണുള്ളത്. സസ്യജന്യവും ജന്തുജന്യവുമായ പലവിധത്തിലുള്ള ആഹാരം ഭക്ഷിക്കുന്ന ഇവയ്ക്ക് വളരെയധികം വിലയാണ് മാര്‍ക്കറ്റില്‍ ലഭിക്കുന്നത്. 

നല്ല വെള്ളമുള്ള കുളങ്ങളിലും നേരിയതോതില്‍ ഉപ്പുള്ള സ്ഥലങ്ങളിലും ആറ്റുകൊഞ്ചിനെ വളര്‍ത്താന്‍ കഴിയും.എന്നാല്‍ ഉപ്പുവെള്ളത്തില്‍ കൊഞ്ച് കൃഷി നടത്തുമ്പോള്‍ ഉല്‍പാദനം കുറയും. 

കുളത്തിന് മണല്‍, എക്കല്‍, കളിമണ്ണ് എന്നിവ അടിത്തട്ടില്‍ ഉപയോഗിക്കാം. 1.2 മീറ്റര്‍ എങ്കിലും വെള്ളത്തിന് ആഴം ഉണ്ടാകണം. സാധാരണ മത്സ്യക്കൃഷിപോലെ മഹുവാ പിണ്ണാക്കും കുമ്മായവും ഉപയോഗിച്ച് കുളം തയ്യാറാക്കുന്നതും ജൈവവളങ്ങളും രാസവളങ്ങളും ഉപയോഗിച്ച് വെള്ളത്തിന്റെ ജൈവോല്‍പ്പാദനശേഷി വര്‍ദ്ധിപ്പിക്കുന്നതും കൊഞ്ചുകൃഷിയിലും ആവശ്യമാണ്.

ഹാച്ചറികളില്‍ നിന്നും ലഭിക്കുന്ന 1.5 മുതല്‍ 2 സെന്റിമീറ്റര്‍ വലിപ്പമുള്ള കൊഞ്ചുകളെ നേരിട്ട് കുളങ്ങളില്‍ നിക്ഷേപിക്കാറുണ്ട്. കൊഞ്ചു കുഞ്ഞുങ്ങളെ
നിരീക്ഷിച്ചതിന്‌ ശേഷം മാത്രമെ കുളത്തിലേക്ക് വിടാവു. നഴ്‌സറി കുളങ്ങള്‍ക്കായിട്ട് കൊഞ്ചു വളര്‍ത്തല്‍ കുളത്തിന്റെ 10 മുതല്‍ 15 ശതമാനം മാറ്റി വയ്‌ക്കേണ്ടതാണ്. 

മത്സ്യകൃഷിക്കായി തയ്യാറാക്കുന്ന കുളത്തെപ്പോലെ തന്നെ നഴ്‌സറി കുളങ്ങളും ഒരുക്കിയെടുക്കണം. കളസസ്യങ്ങളും അനുയോജ്യമല്ലാത്ത മത്സ്യങ്ങളേയും നിര്‍മാര്‍ജനം ചെയ്ത് വളപ്രയോഗം നടത്തണം. 

സാധാരണഗതിയില്‍ ഹെക്ടറിന് രണ്ട് മുതല്‍ രണ്ടര ലക്ഷം പോസ്റ്റ് ലാര്‍വാ ദശയിലുള്ള കുഞ്ഞുങ്ങളെയാണ് നിക്ഷേപിക്കുന്നത്. 45 മുതല്‍ 60 ദിവസത്തെ നഴ്‌സറി പരിപാലന കാലത്ത് ദിവസേന ഒരുലക്ഷം കൊഞ്ചു കുഞ്ഞുങ്ങല്‍ക്ക് ഒരു കിലോഗ്രാം ആഹാരം നാലുപ്രാവശ്യമായി നല്‍കണം. 

അഞ്ചുഗ്രാമോളം തൂക്കം വരുന്ന വലിയ കുഞ്ഞുങ്ങളെയാണ് വളര്‍ത്തുകുളത്തില്‍ നിക്ഷേപിക്കുന്നത്. നഴ്‌സറി പരിപാലനം കഴിഞ്ഞ കുഞ്ഞുങ്ങളെ ഉപയോഗിച്ചാല്‍ ഉല്‍പാദനവും അതിജീവനവും തൂക്കവും വര്‍ദ്ധിക്കും. ആറ്റുകൊഞ്ച് കൃഷിയ്ക്ക് രണ്ട് മാര്‍ഗങ്ങളാണ് സാധാരണ നടത്തുന്നത്. 

ബാച്ച് കൃഷി സമ്പ്രദായത്തില്‍ കൊഞ്ചുകുഞ്ഞുങ്ങളെ നിക്ഷേപിച്ച് ആറുമാസത്തിന് ശേഷം മുഴുവനായി പിടിച്ചെടുക്കുന്നു. രണ്ടാമത്തെ രീതിയില്‍ കുഞ്ഞുങ്ങളെ നിക്ഷേപിച്ച് മുന്നു മാസത്തിന് ശേഷം രണ്ടാഴ്ച ഇടവിട്ട് വിപണനയോഗ്യമായ വലിയ കുഞ്ഞുങ്ങളെ ഡ്രാഗ് നെറ്റും വീശുവലയും ഉപയോഗിച്ച് പിടിച്ചെടുക്കുകയും ആറ് എട്ട് മാസത്തിന് ശേഷം കുളം വറ്റിച്ച് മൊത്തമായി വിളവെടുപ്പ്‌ നടത്തുന്നു. 

സാധാരണ ആഗസ്ത്-നവംബര്‍ മാസങ്ങളിലാണ് കൊഞ്ച് കുഞ്ഞുങ്ങളെ ലഭിക്കുന്നത്. ഹെക്ടറിന് 20000 മുതല്‍ 30000 എന്ന തോതില്‍ കുഞ്ഞുങ്ങളെ നിക്ഷേപിക്കാം. ആറ്റുകൊഞ്ചിനെ മത്സ്യങ്ങള്‍ക്കൊപ്പം വളര്‍ത്തുമ്പോള്‍ അടിത്തട്ടില്‍ നിന്ന് ആഹാരം തേടുന്ന മൃഗാളിനേയും കാര്‍പ്പിനേയും ഒഴിവാക്കി കട്‌ല,രോഹു,സില്‍വര്‍ കാര്‍പ്പ് എന്നി മത്സ്യങ്ങളെയാണ് ഉപയോഗിക്കേണ്ടത്. 

മത്സ്യങ്ങളെ ഹെക്ടറിന് 2000 എന്ന തോതിലും ഒരു മാസത്തിന് ശേഷം ആറ്റുകൊഞ്ചിനെ ഹെക്ടറിന് 20000 എന്ന തോതിലും കുളത്തില്‍ വിടാവുന്നതാണ്. ഇവയ്ക്ക് ഒളിച്ചിരിക്കാന്‍ ചുള്ളിക്കമ്പുകള്‍ കുളത്തില്‍ ഇട്ടുകൊടുക്കണം.

നുറുക്കരി, കക്കയിറച്ചി, പൊടിച്ച ചെമ്മീന്‍, നുറുക്കിയ മീന്‍, കപ്പ, പിണ്ണാക്ക് ഇവയെല്ലാം സാധാരണയായി കൊഞ്ചിന് തീറ്റ കൊടുക്കാറുണ്ട്. തവിടും നുറുക്കരി, പിണ്ണാക്ക്, കപ്പപ്പൊടി ഇവയില്‍ ഏതെങ്കിലും ഒന്നും, മീന്‍പൊടി, ചെമ്മീന്‍ പൊടി, കക്കയിറച്ചി ഇവയില്‍ ഏതെങ്കിലും ഒന്നും കൂട്ടിയുണ്ടാക്കിയ പൊതുവെ അംഗീകരിക്കപ്പെട്ടിട്ടുള്ള തീറ്റക്കൂട്ട് വെള്ളത്തില്‍ കുഴച്ചുരുട്ടി മണ്‍ചട്ടികളിലോ മറ്റ് പാത്രങ്ങളിലോ ആക്കി കുളത്തില്‍ വെച്ചു കൊടുക്കാം. ഇടയ്ക്ക് തീറ്റ പാത്രങ്ങള്‍ പരിശോധിച്ച് തീറ്റ ഉപയോഗിക്കുന്നുണ്ടോയെന്ന് ഉറപ്പ് വരുത്തണം. അത് അനുസരിച്ച് തീറ്റ നല്‍കണം. 

ആറ് മുതല്‍ എട്ട് മാസം പ്രായമാകുമ്പോള്‍ കൊഞ്ചുകള്‍ വിളവെടുക്കാം. ഇട്ടതിന്റെ മുക്കാല്‍ ഭാഗത്തോളം കൊഞ്ചുകള്‍ വളര്‍ന്ന് വലുതാകും.