നെല്‍കൃഷിയില്‍ കണ്ടുവരുന്ന പ്രധാന രോഗങ്ങളായ കുലവാട്ടം, പോളരോഗം, പോള അഴുകല്‍, ബാക്ടീരിയല്‍ ഇലകരിച്ചില്‍ എന്നിവയ്‌ക്കെതിരെ സ്യൂഡോമോണസ് ഫ്ലൂറൻസ് എന്ന ബാക്ടീരിയപ്പൊടി മുന്‍കരുതലായി ഉപയോഗിക്കാം. 

ഒരു കിലോഗ്രാം പൊടി 20 കിലോഗ്രാം ഉണങ്ങിയ ചാണകപ്പൊടി അല്ലെങ്കില്‍ 20 കിലോഗ്രാം മണലുമായി കൂട്ടിച്ചേര്‍ത്ത് മണ്ണിലിട്ട് കൊടുക്കണം. ചെടികളില്‍  തളിക്കുന്നതിന് 20 ഗ്രാം പൊടി ഒരു ലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തിയാല്‍ മതിയാകും. മണ്ണുത്തിയിലെ സെയില്‍സ് കൗണ്ടറിലും കണ്ണാറ വാഴ ഗവേഷണ കേന്ദ്രത്തിലും സ്യൂഡോമോണാസ് ലഭ്യമാണ്.

നെല്ലിലെ ഓലചുരുട്ടിപ്പുഴുവിനെ നിയന്ത്രിക്കാന്‍ ട്രൈക്കോഗ്രമ്മ കിലോണിസ് കാര്‍ഡും തണ്ടുതുരപ്പനെ നിയന്ത്രിക്കാന്‍ ട്രൈക്കോഗ്രമ്മ ജപ്പോനിക്കം കാര്‍ഡും ഉപയോഗിക്കുക. ഒരു ഏക്കര്‍  പാടശേഖരത്തിന് 2 സി.സി ട്രൈക്കോഗ്രമ്മ കാര്‍ഡ് വീതം ചെറു കഷണങ്ങളായി മുറിച്ച് വയലിന്റെ പല ഭാഗത്ത് പ്ലാസ്റ്റിക് കപ്പുകളില്‍ കുത്തിവയ്ക്കുക. ആക്രമണം രൂക്ഷമാണെങ്കില്‍ 3 മില്ലി ക്ലോറാന്‍ട്രനിലിപ്രോള്‍ 10 ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ച് തളിക്കുക.

Content highlights : Agriculture, Organic farming, Paddy field