പെരുമ്പാവൂര്‍: 'മാതൃഭൂമി' കാര്‍ഷികമേളയിലെ താരമായി ലോകത്തിലെ ഏറ്റവും ചെറിയ വെച്ചൂര്‍ പശു എത്തി. 2014-ല്‍ ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്‌സില്‍ ഇടംനേടിയ പശുവിന്റെ പേര് 'മാണിക്യ'മെന്നാണ്. 61.1 സെന്റീമീറ്റര്‍ ഉയരമേയുള്ളു. ഒന്‍പതുവയസ്സ് പ്രായമുള്ള മാണിക്യത്തിന്റെ ഭാരം 40 കി.ഗ്രാം.

Vechur cowകോഴിക്കോട് സ്വദേശി ബാലകൃഷ്ണന്റെതാണ് പശു. ഉയര്‍ന്നവില പറഞ്ഞിട്ടും ഇതിനെ വില്‍ക്കാതെ പരിപാലിക്കുകയാണ് ബാലകൃഷ്ണന്‍. പച്ചപ്പുല്ലും കഞ്ഞിവെള്ളവുമടങ്ങിയ പ്രകൃതിഭക്ഷണമാണ് നല്‍കിവരുന്നത്. കയറില്‍ കെട്ടാതെ വീടിനകത്താണ് കുഞ്ഞിപ്പശുവിനെ താമസിപ്പിച്ചിരിക്കുന്നത്. പ്രത്യേകം കാറും ഉണ്ട്. 

മാണിക്യമുള്‍പ്പെടെ കോഴിക്കോട് ബാലകൃഷ്ണന്റെ കാമധേനു നാച്ച്വറല്‍ ഫാമില്‍ കാസര്‍കോട് കുള്ളന്‍, ഗീര്‍, കൃഷ്ണവാലി, നിമാരി, മലനാട് എന്നിങ്ങനെ 18 അപൂര്‍വയിനം പശുക്കളുണ്ട്. വെച്ചൂര്‍ പശുവിന്റെ പാല്‍ മാണിക്യമെന്ന ബ്രാന്‍ഡില്‍ കുപ്പികളിലാക്കി വിപണനം ചെയ്യുന്നു. ഔഷധഗുണമുള്ള പാല്‍ ലിറ്ററിന് 200 രൂപയ്ക്കാണ് വില്‍ക്കുന്നത്.

കുഞ്ഞിപ്പശുവിനെ കാണാന്‍ ഗവ. ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ മേളയിലേക്ക് സന്ദര്‍ശകര്‍ ഒഴുകിയെത്തുകയാണ്.

Content highlights: Agriculture, Vechur cow, Guinness World Records, Mathrubhumi agriculture fair 2018