മൃഗങ്ങള്‍ക്ക് ശാരീരികവും മാനസികവുമായിട്ടുണ്ടാകുന്ന വ്യതിചലനങ്ങളുടെ ബാഹ്യപ്രകടനമാണ് രോഗലക്ഷണങ്ങള്‍. ഒരു പശു ദിനംപ്രതി ശരാശരി 22 കിലോഗ്രാം ചാണകവും 14 ലിറ്റര്‍ മൂത്രവും വിസര്‍ജ്ജിക്കുന്നു. കന്നുകാലികളുടെ ശ്ലേഷ്മസ്തരം നോക്കിയാല്‍ പല രോഗങ്ങളും മനസിലാക്കാം. ആരോഗ്യാവസ്ഥയില്‍ ഇവ എപ്പോഴും നനവുള്ളതും നല്ല തിളക്കമുള്ളതും കുങ്കുമനിറമുള്ളതുമായിരിക്കും. 

മഞ്ഞപ്പിത്തമുള്ളപ്പോള്‍ ശ്‌ളേഷ്മ സ്തരം മഞ്ഞയാകുന്നു. പ്രാണവായു വേണ്ട തോതില്‍ രക്തത്തില്‍ കലരുന്നില്ലെങ്കില്‍ ഇത് നീലനിറമാകുന്നു. കൊഴുത്തതും വെള്ളനിറത്തിലുള്ളതുമായ ദ്രാവകം നാസാരന്ധ്രങ്ങളിലൂടെ വരുമ്പോള്‍ ശ്വാസകോശനാളികള്‍ക്കോ ശ്വാസകോശങ്ങള്‍ക്കോ പഴുപ്പ് തട്ടിയിട്ടുണ്ടെന്ന് കരുതാം. 

കുളമ്പു രോഗമുള്ളപ്പോള്‍ വായില്‍ നിന്നും ഉമിനീരൊലിക്കും. പേവിഷബാധയുള്ളപ്പോളും ഉമിനീരൊലിക്കും. ക്ഷീരോത്പാദനത്തിന് വേണ്ടി വളര്‍ത്തുന്ന മൃഗങ്ങള്‍ കൊഴുത്തതോ ശോഷിച്ചവയോ ആകരുത്. നല്ല പരിചരണം നടത്തിയിട്ടും ശരീരം മെലിഞ്ഞാല്‍ അവയ്ക്ക് രോഗമുണ്ടെന്ന് അനുമാനിക്കാം. അയവിറക്കാതിരിക്കുന്നതും കന്നുകാലികളെ സംബന്ധിച്ചിടത്തോളം രോഗലക്ഷണമാണ്. 

പ്രമേഹം, വൃക്കകളുടെ തകരാറ്, പനി, വയറിളക്കം, അമിതമായ രക്തസ്രാവം, ആമാശയവീക്കം എന്നീ അവസ്ഥയില്‍ മൃഗങ്ങള്‍ അമിതമായ ദാഹം പ്രകടിപ്പിക്കുന്നു.കറവപ്പശുവിന് ദിവസേന നല്‍കുന്ന തീറ്റ ബാക്കി വെക്കുന്നതായി കണ്ടാല്‍ രോഗത്തിന്റെ മുന്നോടിയായി കണക്കാക്കണം. 

അമിതമായ അളവില്‍ തീറ്റ തിന്നുന്നത് വിരശല്യം മൂലമോ പശുവിന്റെ പ്രത്യേക ശീലം കാരണമോ ആയിരിക്കും. ചില കന്നുകാലികള്‍ മരം, എല്ല്, കടലാസ്, മണ്ണ്, ചാണകം മുതലായ വസ്തുക്കള്‍ തിന്നുന്നു. ഫോസ്ഫറസ് , കൊബാള്‍ട്ട്, കറിയുപ്പ് എന്നീ ധാതുക്കളുടെ അപര്യാപ്തത മൂലമാണിത്. 

പശുക്കളുടെ ചാണകം വളരെ അയഞ്ഞ രീതിയില്‍ പുറത്തേക്ക് പോകുന്നത് രോഗലക്ഷണമാണ്. ചാണകത്തില്‍ രക്തവും കഫവുമുണ്ടെങ്കില്‍ അതിസാരത്തിന്റെ ലക്ഷണമാണ്. 

പശുവിന്റെ മൂത്രം നല്ല പോലെ തെളിഞ്ഞതാണ്. മൂത്രാശയത്തില്‍ നിന്നോ വൃക്കകളില്‍ നിന്നോ രക്തസ്രാവമുണ്ടായാല്‍ മൂത്രത്തിന് ചുവന്ന നിറമായിരിക്കും. 

ആരോഗ്യമുള്ളപ്പോള്‍ ശ്വസനം അനായാസവും ശബ്ദരഹിതവും ആയിരിക്കും. വേദന അനുഭവപ്പെടുന്ന സമയങ്ങളില്‍ ഓരോ ശ്വസനത്തിലും മൃഗം മുരളുകയും ഞെരങ്ങുകയും ചെയ്യുന്നു.

Content highlights: Agriculture, Cow, Animal husbandry,symptoms in cattles