ലപ്പുറം, തലക്കാട്, വെങ്ങാലൂരിലെ കുണ്ടനി വീട്ടില്‍ അബ്ദുള്‍റസാഖ് ഹാജിക്ക് കൂട്ടുകാരായി ധാരാളം അരുമപ്പക്ഷികളുണ്ട് -എല്ലാം അകലങ്ങളില്‍നിന്നുള്ള ചങ്ങാതിമാര്‍. അതായത് വിദേശപക്ഷികളോടാണ് ഹാജിയാര്‍ക്ക് ഏറെയിഷ്ടം. ഇദ്ദേഹത്തിന്റെ വീട്ടില്‍ 2000 രൂപ മുതല്‍ നാലരലക്ഷം രൂപവരെ വിലയുള്ള വിദേശ വളര്‍ത്തുപക്ഷികളുണ്ട്. 

പക്ഷികളെയും മൃഗങ്ങളെയും കൃഷിയെയും സ്‌നേഹിക്കുമ്പോള്‍ എന്തെന്നില്ലാത്ത സന്തോഷം ലഭിക്കുന്നതായാണ് റസാഖ് ഹാജിയുടെ അനുഭവം. ആമസോണ്‍ കാടുകളില്‍മാത്രം കാണുന്നതുള്‍പ്പെടെ 40 ഇനം വിദേശപക്ഷികളാണ് ഇദ്ദേഹത്തിന്റെ കളിക്കൂട്ടുകാര്‍. കര്‍ഷക കുടുംബത്തില്‍പ്പെട്ട ഹാജി ഒരിക്കല്‍ വളര്‍ത്താന്‍ വീട്ടില്‍ രണ്ടു പ്രാവുകളെ കൊണ്ടുവന്നു. അവിടെനിന്ന് തുടങ്ങിയതാണ് പക്ഷികളോടുള്ള സ്‌നേഹം.

വളര്‍ത്തുപക്ഷികള്‍
അബ്ദുള്‍റസാഖ് ഹാജിയുടെ വളര്‍ത്തുപക്ഷികള്‍

ആഫ്രിക്ക, നേപ്പാള്‍, തായ്ലന്‍ഡ്, മെക്‌സിക്കോ, ബ്രസീല്‍ എന്നിവിടങ്ങളിലെ പക്ഷികള്‍ ഇവിടെയുണ്ട്. ബ്ലൂ ഗോള്‍ഡണ്‍ മെക്കാവോ, ആഫ്രിക്കന്‍ ഗ്രേപാരറ്റ്, റോസല്ല, പെസെന്റ്, മെക്‌സിക്കന്‍ കൊനൂര്‍ പക്ഷികളെല്ലാം ഇദ്ദേഹത്തിന്റെ വീട്ടിലുണ്ട്. മൂന്നുവര്‍ഷമായി ഇദ്ദേഹം വീട്ടില്‍ സര്‍ക്കാര്‍ രജിസ്‌ട്രേഷന്‍വാങ്ങി വിദേശപക്ഷികളെ വളര്‍ത്തുന്നു. 

ഇഷ്ടമുള്ള പക്ഷികളെ സുഹൃത്തുകളില്‍നിന്ന് വാങ്ങും. തിരിച്ചറിയാന്‍ ഓരോ പക്ഷിക്കും പ്രത്യേക നമ്പറുള്ള റിങ് കാലില്‍ ഇടും. വിവിധതരം കോഴികള്‍, വെച്ചൂര്‍ പശു എന്നിവയെയും വളര്‍ത്തുന്നു. വീട്ടിലേക്കുവേണ്ട പച്ചക്കറി ഇദ്ദേഹം സ്വയം കൃഷിചെയ്യും. കുവൈത്തില്‍ ബിസിനസുകാരനായിരുന്നു ഹാജി. വീട്ടുകാര്‍ക്കും അരുമപ്പക്ഷികള്‍ക്കുമൊപ്പം വിശ്രമജീവിതം ആഘോഷിക്കുന്ന തിരക്കിലാണിപ്പോള്‍ അദ്ദേഹം.

Content Highlights: Agriculture, Animal Husbandry: Varieties of Exotic Birds