പശുവിന്റെ ആരോഗ്യമുള്ള അകിടുകള്‍ പാലുല്‍പ്പാദന മികവിന്റെ അടിസ്ഥാനമാണ്. അകിടുവീക്കം, അകിടുനീര്, അകിടിന്റെ കാമ്പ് അടഞ്ഞുപോവല്‍ തുടങ്ങി അകിടിന്റെ ആരോഗ്യം ക്ഷയിപ്പിക്കുന്ന രോഗാവസ്ഥകള്‍ ഏറെയുണ്ട്. ഇത്തരം സാഹചര്യങ്ങളെ പ്രതിരോധിക്കാനും ചികിത്സിക്കുന്നതിനുമായി ആധുനിക വൈദ്യത്തെ മാത്രമല്ല, നമ്മുടെ പരമ്പരാഗത നാട്ടറിവുകളെയും പ്രയോജനപ്പെടുത്താം. 

അകിടിന്റെ ആരോഗ്യം സംരക്ഷിക്കാന്‍ ഏറെ ഫലപ്രദമാണെന്ന് ഏറെ നാളുകള്‍ നീണ്ട പഠനത്തിനൊടുവില്‍  തമിഴ്‌നാട് വെറ്ററിനറി സര്‍വ്വകലാശാലയും, ദേശീയ ക്ഷീരവികസന ബോര്‍ഡും സാക്ഷ്യപ്പെടുത്തിയ  ചില നാട്ടറിവുകളെ  അറിഞ്ഞുവെയ്ക്കാം.  

അകിട്‌വീക്കത്തിനൊരു ഒറ്റമൂലി

പശുക്കളിലെ അകിട്‌വീക്കത്തോളം ക്ഷീരകര്‍ഷകരെ പ്രയാസത്തിലാക്കുന്ന ഒരസുഖവുമില്ല. കറ്റാര്‍ വാഴയും, മഞ്ഞള്‍പ്പൊടി/പച്ച മഞ്ഞളും, ചുണ്ണാമ്പും ചേര്‍ത്തരച്ച ചുവന്ന കുഴമ്പു മിശ്രിതം  അകിട് വീക്ക നിയന്ത്രണത്തിന് മികച്ച ഒരൊറ്റമൂലിയാണ്. 250 ഗ്രാം വീതം മുള്ളുകളഞ്ഞ കറ്റാര്‍ വാഴയും, 50 ഗ്രാം പച്ചമഞ്ഞളും, 15 ഗ്രാം (3-5 ടീസ്പൂണ്‍ വീതം) ചുണ്ണാമ്പും (കാത്സ്യം ഹൈഡ്രോക്‌സൈഡ്) ചേര്‍ത്ത് അരച്ചെടുത്ത് കുഴമ്പുരൂപത്തിലാക്കി മരുന്ന് തയ്യാറാക്കാം. 
ഈ കുഴമ്പില്‍ നിന്നും ഒരു കൈപ്പിടി വീതം എടുത്ത് 250 മി.ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത് അകിടില്‍ നന്നായി തേച്ച് പിടിപ്പിക്കാം.  ഇതിനു മുമ്പായി അകിടുകള്‍ വൃത്തിയായി കഴുകി തുടയ്ക്കാനും, പാല്‍ പൂര്‍ണ്ണമായി കറന്നു കളയാനും മറക്കരുത്. ഇത് ദിവസേന പത്ത് തവണ എന്ന കണക്കില്‍ അഞ്ച് ദിവസമെങ്കിലും ആവര്‍ത്തിക്കേണ്ടി വരും. ഓരോ തവണ കുഴമ്പ് തേച്ച് പിടിപ്പിക്കുന്നതിന് മുന്‍പായും അകിട് കഴുകി  തുടയ്ക്കണം.  ഒപ്പം പശുവിന് രണ്ട് ചെറുനാരങ്ങ വീതം

മുറിച്ച് പ്രതിദിനം രണ്ട് തവണ മൂന്നു ദിവസത്തേക്ക് നല്‍കുകയും വേണം. ദിവസം അവസാനത്തെ തവണ മരുന്ന് പുരട്ടുമ്പോള്‍ അത് കടുകെണ്ണയിലോ, എള്ളെണ്ണയിലോ ചേര്‍ത്ത് വേണം പ്രയോഗിക്കേണ്ടത്.  
പാലില്‍ രക്താംശം കാണുന്നുണ്ടെങ്കില്‍ മേല്‍പ്പറഞ്ഞ ചികിത്സക്കൊപ്പം രണ്ടു കൈപ്പിടി കറിവേപ്പില 100 ഗ്രാം ശര്‍ക്കരയുമായി ചേര്‍ത്ത് അരച്ച് ദിവസേന രണ്ടുനേരം രോഗം ഭേദമാവും വരെ പശുക്കള്‍ക്ക് നല്‍കണം. 

മുലക്കാമ്പ് അടഞ്ഞുപോയാല്‍

അകിട്‌വീക്കത്തെ തുടര്‍ന്നും, അകിടിനുള്ളിലെ ചെറു മുറിവുകള്‍ കാരണമായുമൊക്കെ പശുവിന്റെ മുലക്കാമ്പുകള്‍ അടഞ്ഞു പോവാറുണ്ട്. അകിടുകള്‍ക്കായി പ്രത്യേകം രൂപകല്‍പ്പന ചെയ്ത നേര്‍ത്ത ചെറു കുഴലുകള്‍ മുലക്കാമ്പില്‍ കയറ്റി തടസ്സത്തെ ഒഴിവാക്കിയാണ് സാധാരണ ഈ സാഹചര്യം പരിഹരിക്കുന്നത്.  എന്നാല്‍ ഇതൊന്നുമില്ലാതെ കര്‍ഷകര്‍ക്ക് തന്നെ ചെയ്തുനോക്കാന്‍ ഒരു വഴി നാട്ടുവൈദ്യത്തിലുണ്ട്. 

പുതിയതായി പറിച്ചെടുത്ത ആര്യവേപ്പില തണ്ടും, മഞ്ഞള്‍പ്പൊടിയും, വെണ്ണ/നെയ്യും മാത്രമാണ് ഇതിനാവശ്യമായ ചേരുവകള്‍. കാമ്പിന്റെ നീളത്തിനനുസരിച്ച് വേപ്പിലയുടെ തണ്ട് മുറിച്ചെടുക്കുക എന്നതാണ് ആദ്യം ചെയ്യേണ്ടത്.  ശേഷം വെണ്ണയോ, നെയ്യോ, മഞ്ഞള്‍പ്പൊടിയില്‍ ചേര്‍ത്ത മിശ്രിതം ഇലതണ്ടില്‍ നന്നായി തേച്ചു പിടിപ്പിക്കണം. പിന്നീട് അടഞ്ഞിരിക്കുന്ന കാമ്പിലേക്ക് ഈ ഇലത്തണ്ട് വലത്തു നിന്ന് ഇടത്തോട്ട് (അപ്രദക്ഷിണ ദിശയില്‍) തിരിച്ച് കയറ്റണം.  ഓരോ കറവയ്ക്ക്  ശേഷവും പുതിയ തണ്ട് ഉപയോഗിക്കാന്‍ ശ്രമിക്കണം. മൂന്നു ദിവസം ഇങ്ങനെ ചെയ്യുന്നതോടെ അടഞ്ഞ കാമ്പുകള്‍ തുറന്ന് പൂര്‍വ്വസ്ഥിതിയിലാവും. 

അകിട് നീര് കുറയാന്‍

പ്രസവശേഷം അത്യുത്പാദനശേഷിയുള്ള പശുക്കളില്‍ അകിട് നീര് സാധാരണയാണ്. അകിടിനും, വയറിന് കീഴ്ഭാഗത്തും ചിലപ്പോള്‍ നെഞ്ചിന്റെ ഭാഗം വരെ നീര് വന്ന് തടിക്കാറുണ്ട്.  സ്വാഭാവികമായ ഒരു ശാരീരികാവസ്ഥയിലും നീര് വലിയാന്‍ സാധാരണ നിലയില്‍ ഒരാഴ്ചയിലധികം സമയമെടുക്കുന്നതിനാല്‍ പശുക്കള്‍  ഏറെ പ്രയാസത്തിലാവാറുണ്ട്.

 മഞ്ഞള്‍പ്പൊടിയും, വെളുത്തുള്ളിയും നല്ലെണ്ണ അല്ലെങ്കില്‍ കടുകെണ്ണയും ചേര്‍ത്ത മിശ്രിതം  അകിടുനീരിനെതിരെ ഫലപ്രദമാണ്. എണ്ണ ചൂടാക്കി മഞ്ഞള്‍പ്പൊടിയും വെളുത്തുള്ളി അരിഞ്ഞതും ചേര്‍ത്ത് ഇളക്കണം. എണ്ണ തിളക്കുന്നതിന് മുമ്പായി ചേരുവകളുടെ മണം വന്ന് തുടങ്ങുമ്പോള്‍ അടുപ്പില്‍ നിന്നെടുത്ത് തണുപ്പിക്കണം. ദിവസം നാലു തവണയായി  മൂന്ന് ദിവസം ഇത് അകിടിലും, നീരുള്ള ഭാഗങ്ങളിലും നന്നായി തിരുമ്മി തേച്ച് പിടിപ്പിക്കണം. അകിട്‌നീരിനെതിരെ മരുന്നുപയോഗിക്കുമ്പോള്‍ അകിട് വീക്കമല്ല എന്ന ഉറപ്പ് വരുത്തേണ്ടത് പ്രധാനമാണ്.

Content highlights: Agriculture, Organic farming, Cow,