ക്ഷിപ്പനിയും പ്രളയവും വരുത്തിയ നഷ്ടങ്ങളില്‍നിന്നു മെല്ലെ നീന്തിക്കയറാനുള്ള അവസരമാണ് ഓരോ താറാവ് കര്‍ഷകനും ക്രിസ്മസ് കാലം. സീസണ്‍ പ്രതീക്ഷിച്ച് താറാവു വിപണി വീണ്ടും സജീവമാകുമ്പോഴും നാടന്‍ താറാവുകളുടെ കുറവ് കാര്യമായി ബാധിക്കുന്നുണ്ട്. കഴിഞ്ഞ ക്രിസ്മസ് കാലത്ത് ഒന്നര ലക്ഷം താറാവുകളെയാണ് കോട്ടയം, കുമരകത്ത് വിറ്റഴിച്ചതെങ്കില്‍ ഇക്കുറി കൊറോണ മുന്നില്‍ കണ്ട് വളര്‍ത്തുന്ന താറാവുകളുടെ എണ്ണത്തില്‍ കുറവുണ്ട്. 

തമിഴ്‌നാട് അടക്കമുള്ള സംസ്ഥാനങ്ങളില്‍നിന്ന് ഇറച്ചിത്താറാവുകള്‍ എത്താത്തതും കാരണമാണ്. കേരളത്തിനു പുറത്തുനിന്ന് ചെറിയ ഇനം 'ആര്‍ണി താറാവ്' എത്തുന്നുണ്ടെങ്കിലും കുട്ടനാടന്‍ ഇനങ്ങളായ ചാര, ചെമ്പല്ലി ഇനങ്ങളില്‍പെട്ട താറാവിനാണ് നാട്ടില്‍ പ്രിയം. രുചിയിലും വില്‍പ്പനയിലും നാടനാണ് മുന്നില്‍. ക്രിസ്മസിന് മുന്പ് കൊയ്ത്ത് കഴിയുന്ന സമയങ്ങളിലാണ് കുമരകം ഭാഗത്തെ കര്‍ഷകര്‍ കൂടുതല്‍ താറാവുകളെ എടുക്കുന്നതും മുട്ട, ഇറച്ചിത്താറാവുകളായി വേര്‍തിരിക്കുന്നതും.

കുമരകത്തിന് പുറമേ പരിപ്പ്, മണിയാപറമ്പ്, ആര്‍പ്പൂക്കര തുടങ്ങിയ പടിഞ്ഞാറന്‍ മേഖലകള്‍ കേന്ദ്രീകരിച്ചാണ് ജില്ലയിലെ താറാവ് വളര്‍ത്തലും വില്‍പ്പനയും. ഇത്തവണ കുമരകത്ത് പലയിടങ്ങളിലായി ഒരു ലക്ഷത്തോളം താറാവുകളെയാണു വളര്‍ത്തുന്നത്.

ഉത്പാദന ചെലവിന് അടിസ്ഥാനത്തിലുള്ള വില ലഭിക്കാത്തതും തീറ്റച്ചെലവ് വര്‍ധിച്ചതും പ്രതിസന്ധി സൃഷ്ടിക്കുന്നതായി താറാവ് കര്‍ഷകര്‍ പറയുന്നു. കഷ്ടപ്പാടുകള്‍ ഏറെയുണ്ടെങ്കിലും, താറാവുകുഞ്ഞുങ്ങളെ വളര്‍ത്താനായി തമിഴ്‌നാട് അടക്കമുള്ള ഇതര സംസ്ഥാനങ്ങളില്‍ പോയി താറാവ് കൃഷി ചെയ്യുന്ന മലയാളികള്‍ പോലുമുണ്ടെന്ന് കുമരകത്തെ താറാവ് കര്‍ഷകന്‍.

ഒരു താറാവിന്റെ വില

നിലവില്‍ താറാവിനെ പൊളിച്ചു ക്ലീന്‍ചെയ്തു നല്‍കുന്നതിനു 330 രൂപയാണ് ഈടാക്കുന്നത്. ചെന്നിത്തലയിലെ ഹാച്ചറിയില്‍ നിന്ന് വിരിഞ്ഞ താറാവിന് പിറ്റേന്ന് വാങ്ങുമ്പോള്‍ വില 27 രൂപ. മൂന്ന് മാസം കൊണ്ട് മുട്ടയിടാന്‍ തുടങ്ങും. ഇറച്ചിയാക്കാനും. എണ്ണം കുറവായതിനാല്‍ നിലവിലെ വിലയെക്കാള്‍ ക്രിസ്മസ് അടുക്കുമ്പോള്‍ വില കൂടുമെന്നാണു കര്‍ഷകരും വ്യാപാരികളും പറയുന്നത്..മുട്ടവില: 11രൂപ.

മൊത്ത വില ഇങ്ങനെ

അങ്കമാലി, ചാലക്കുടി, തൃശ്ശൂര്‍ ഭാഗങ്ങളില്‍നിന്നാണ് കുമരകത്തുനിന്ന് കൂടുതലായും ഇറച്ചിക്കായുള്ള താറാവ്, മുട്ട എന്നിവ മൊത്തക്കച്ചവടക്കാര്‍ വാങ്ങിക്കൊണ്ട് പോകുന്നത്. ഇറച്ചിവില: 270രൂപ. മുട്ട: ഒമ്പത് രൂപ.

ചെലവ് താങ്ങാനാകില്ല

പാരമ്പര്യമായി ഞങ്ങള്‍ താറാവ് കര്‍ഷരകരാണ്. എന്നാല്‍ പുതിയ തലമുറ ഈ മേഖലയിലേക്ക് വരുന്നില്ല. അത്ര കഷ്ടപ്പാടുണ്ട്. ചെലവും. 100 താറാവിന് ദിവസം 25 കിലോ അരി വേണം. കക്ക, കടല്‍മത്സ്യം പോലെയുളള മറ്റ് തീറ്റകളും. ഈ ചെലവ് കുറയ്ക്കാന്‍ കൃഷി കഴിഞ്ഞ പാടം പാട്ടത്തിനെടുക്കുകയാണ് പതിവ്. 200 ഏക്കര്‍ പാടം ഒന്നേകാല്‍ ലക്ഷം രൂപയ്ക്ക് പാട്ടത്തിനെടുത്ത ശേഷം പലകര്‍ഷകരും താറാവുകളെ തീറ്റും - ടി.പി. ഷാജി, തൊട്ടിപ്പറമ്പില്‍, ചീപ്പുങ്കല്‍, കുമരകം.

Content Highlights: Traditional Duck Farming of Kerala