ലതരം പൂച്ചകളെ അരുമകളായി വളര്‍ത്തുന്നവര്‍ നമുക്കുചുറ്റുമുണ്ട്. എന്നാല്‍, പൂച്ചയുടെ കാര്യത്തില്‍ ഇത്തിരി വ്യത്യസ്തനാണ് വൈലത്തൂര്‍ സ്വദേശി പന്നിക്കണ്ടത്തില്‍ അഷ്‌റഫ്. കക്ഷിക്ക് പ്രിയം പേര്‍ഷ്യന്‍ പൂച്ചകളാണ്. ഒന്നും രണ്ടുമല്ല, 15 പേര്‍ഷ്യന്‍ പൂച്ചകളാണ് അഷറഫിന്റെ കളിക്കൂട്ടുകാര്‍.

പത്തുവര്‍ഷം മുന്‍പാണ് അഷറഫിന് പേര്‍ഷ്യന്‍ പൂച്ചകളോട് ഇഷ്ടംതോന്നിയത്. െബംഗളൂരുവില്‍ ബിസിനസ് ആവശ്യത്തിനു പോയപ്പോഴാണ് ആദ്യം കാണുന്നത്. പിന്നീട് അവിടെനിന്ന് രണ്ടു പൂച്ചകളെ കൊണ്ടുവന്നു. ഇപ്പോള്‍ മക്കളെപ്പോലെയാണ് അഷറഫിന് ഇവ. ഡോള്‍ ഫെയ്‌സ്, സെമി പഞ്ച്, ഫുള്‍ പഞ്ച്, എക്‌സ്ട്രീം പഞ്ച് എന്നീ ഇനത്തില്‍പെട്ട വെള്ള, ഗോള്‍ഡന്‍, ബ്ലാക്ക് ആന്‍ഡ് വൈറ്റ് കളറുള്ള പൂച്ചകള്‍ അഷറഫിനൊപ്പമുണ്ട്. 

10,000 രൂപ മുതല്‍ 75,000 രൂപ വരെ വിലയുള്ളവ ഇക്കൂട്ടത്തിലുണ്ട്. മനുഷ്യരുമായി പെട്ടെന്നിണങ്ങുകയും അടുത്തിടപഴകുകയുംചെയ്യുന്ന ജീവികളാണ് പേര്‍ഷ്യന്‍ പൂച്ചകളെന്ന് അഷറഫിന്റെ സാക്ഷ്യം. ബീഫും മീനും ഒരല്‍പ്പം മഞ്ഞള്‍പ്പൊടി ചേര്‍ത്ത് വേവിച്ചുള്ള ഭക്ഷണമാണ് പ്രധാനം.

45 തരം ബൊഗേണ്‍വില്ല, 22 തരം ചെമ്പരത്തി, 25 തരം പത്തുമണിപ്പൂക്കള്‍, അലങ്കാരമത്സ്യങ്ങള്‍, മുപ്പതോളം വിദേശപഴങ്ങള്‍, ജമൈക്കന്‍ സ്റ്റാര്‍ ആപ്പിള്‍, ബര്‍മീസ് ഗ്രേയ്പ്, വിയറ്റ്‌നാം സൂപ്പര്‍ ഏര്‍ലി ജാക്ക്ഫ്രൂട്ട്, അഭിയു, സന്തോള്‍, മിറാക്കിള്‍ ഫ്രൂട്ട്, ബെംഗളൂരു ഞാവല്‍, സ്വീറ്റ് ഓറഞ്ച്, തായ്ലാന്‍ഡ് പേര എന്നിങ്ങനെ വ്യത്യസ്തതയുടെ കൂടാരമാണ് അഷറഫിന്റെ വീട്.

പേര്‍ഷ്യന്‍ പൂച്ച

നീണ്ട രോമങ്ങളും വട്ടമുഖവും പതിഞ്ഞ മൂക്കുമാണ് പ്രത്യേകതകള്‍. ഒറ്റനോട്ടത്തില്‍ത്തന്നെ ഏതൊരാളെയും ആകര്‍ഷിക്കും. ഏഴ്, എട്ട് മാസമാകുമ്പോള്‍ പെണ്‍പൂച്ചകള്‍ക്ക് പ്രായപൂര്‍ത്തിയാകും. ആണ്‍പൂച്ചകള്‍ക്ക് ഒരുവയസ്സും. ഗര്‍ഭകാലം 56 മുതല്‍ 65 ദിവസം വരെ. ഒരു പ്രസവത്തില്‍ ആറുവരെ കുട്ടികളുണ്ടാകാം. പ്രസവിച്ച് പതിനഞ്ചുദിവസത്തിനകം കുഞ്ഞുങ്ങള്‍ കണ്ണുതുറക്കും.

Content Highlights: This Malappuram man befriends Persian cats; owns breeds worth upto Rs 75,000