മൂന്നുസെന്റ് സ്ഥലത്തെ പരിമിതിയില്‍ വളര്‍ത്താവുന്ന പശുവിനെക്കുറിച്ചുള്ള അന്വേഷണത്തിലാണ് അധ്യാപകനായ കെ. ഹരീഷ് ആന്ധ്രയിലെ പുങ്കന്നൂരിലെത്തിയത്. ഒന്നരമാസംമുമ്പ് മോഹവിലയ്ക്ക് വാങ്ങിയ പുങ്കന്നൂര്‍ പശു 'സുന്ദരി'യെന്ന ഓമനപ്പേരില്‍ തൃശ്ശൂര്‍, താണിക്കുടത്തെ വീട്ടിലുണ്ട്. രണ്ടരവയസ്സുകാരി സുന്ദരിക്ക് രണ്ടരയടിയോളം മാത്രമാണ് ഉയരം. പെട്ടെന്ന് ഇണങ്ങുന്ന പ്രകൃതമായതിനാല്‍ ഹരീഷിന്റെ മക്കളായ മൂന്നുവയസ്സുകാരന്‍ സ്വസ്ഥികിന്റെയും അഞ്ചാംക്ലാസുകാരന്‍ അനുഗ്രഹിന്റെയും കളിക്കൂട്ടുകാരിയാണ് ഈ പുങ്കന്നൂര്‍ സുന്ദരി.

രണ്ടരയടിക്കാരിക്ക് തൊഴുത്ത് നിര്‍മിക്കാന്‍ അധികം സ്ഥലവും വേണ്ടാ. പുറത്തിറങ്ങിയാല്‍ തൊഴുത്തിലേക്ക് കയറാന്‍ മടിയുള്ള കൂട്ടത്തിലായതിനാല്‍ വൈക്കോല്‍ കാണിച്ച് പ്രലോഭിപ്പിക്കേണ്ടിവരുമെന്നുമാത്രം. ദിവസവും അഞ്ചുകിലോഗ്രാമോളം പച്ചപ്പുല്ലും കൊപ്രപ്പിണ്ണാക്കുമാണ് ഭക്ഷണം. ഭക്ഷണം അധികമായാല്‍ ശരീരത്തില്‍ കൊഴുപ്പടിയുമെന്നതിനാലാണ് ഭക്ഷണനിയന്ത്രണം. ആഴ്ചയില്‍ രണ്ടുതവണയാണ് കുളി. താളിക്കോട് ജീവന്‍ജ്യോതി പബ്ലിക് സ്‌കൂള്‍ അധ്യാപകനാണ് ഹരീഷ്. ഭാര്യ കവിത പുല്ലഴി ശ്രീശ്രീ രവിശങ്കര്‍ വിദ്യാമന്ദിറില്‍ അധ്യാപികയാണ്.

വംശനാശഭീഷണിയിലാണ് പുങ്കന്നൂര്‍ പശു ഏഷ്യയിലെ പൊക്കം കുറഞ്ഞ തനത് നാടന്‍പശുക്കളില്‍ ഒന്നാണ് പുങ്കന്നൂര്‍ പശു. വംശനാശഭീഷണി നേരിടുന്ന ഇനമാണ്. രണ്ടുലിറ്ററോളം പാല്‍ ദിവസവും ലഭിക്കും. പാലിന്റെ അളവ് കുറവായതിനാല്‍ കൊഴുപ്പും പോഷകങ്ങളും വളരെ കൂടുതലാണെന്ന് പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ ലൈവ്സ്റ്റോക്ക് പ്രൊഡക്ഷന്‍ മാനേജ്മെന്റ് വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ ജോണ്‍ അബ്രഹാം പറഞ്ഞു. വെള്ള, തവിട്ട് നിറങ്ങളിലാണിവ കാണപ്പെടുക. ചന്ദ്രക്കലപോലെയുള്ള കൊമ്പുകള്‍. നെറ്റിയുടെ ഭാഗം കുഴിഞ്ഞിരിക്കും.

Content Highlights: The unique Punganur cow is among the world's smallest breed