ഴക്കാലത്ത് പശുക്കളുടെ ആരോഗ്യപരിപാലനത്തില്‍ ശ്രദ്ധിക്കാന്‍ ഏറെയുണ്ട്. കുരലടപ്പന്‍, മുടന്തന്‍ പനി, കുളമ്പുരോഗം, തൈലേറിയ, അനാപ്ലാസ്മ ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ പിടിപെടാന്‍ ഇക്കാലത്ത് സാധ്യതയേറെയാണ്. പാലുത്പാദനത്തില്‍ കുറവ്, തീറ്റയെടുക്കാന്‍ മടി, പനി, എഴുന്നേല്‍ക്കാനും നടക്കാനുമുള്ള വൈമുഖ്യം, ആയാസപ്പെട്ടുള്ള ശ്വാസോച്ഛ്വാസം, വയറിളക്കം, തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഏതെങ്കിലും ശ്രദ്ധയില്‍പ്പെട്ടാല്‍ വിദഗ്ധചികിത്സ ലഭ്യമാക്കണം.

ശ്രദ്ധിക്കാം ഇക്കാര്യങ്ങള്‍

തൊഴുത്തില്‍ പൂര്‍ണശുചിത്വം പാലിക്കണം. തൊഴുത്തിന്റെ തറയിലെ കുഴികളും വിള്ളലുകളും സിമന്റ് ചേര്‍ത്ത് അടയ്ക്കണം. ജൈവ മാലിന്യം നീക്കിയശേഷം കുമ്മായം, ബ്ലീച്ചിങ് പൗഡര്‍, ഫിനോള്‍, കോര്‍സൊലിന്‍ തുടങ്ങിയ അണുനാശിനികള്‍ ഉപയോഗിച്ച് തൊഴുത്ത് നിത്യവും കഴുകി വൃത്തിയാക്കണം. അകിടിലുണ്ടാവുന്ന മുറിവുകള്‍ എത്ര നിസ്സാരമാണെങ്കിലും കൃത്യമായി ചികിത്സിക്കണം. കറവയ്ക്ക് മുന്‍പായി നേര്‍പ്പിച്ച പൊട്ടാസ്യം പെര്‍മാംഗനേറ്റ് ലായനി ഉപയോഗിച്ച് അകിട് കഴുകി വൃത്തിയാക്കി ഒരു ടവ്വലോ ടിഷ്യൂ പേപ്പറോ ഉപയോഗിച്ച് നനവ് ഒപ്പിയെടുക്കണം.

പാല്‍ അകിടില്‍ക്കെട്ടി നില്‍ക്കാന്‍ ഇടവരാത്ത വിധത്തില്‍ കൃത്യമായ ഇടവേളകളില്‍ പൂര്‍ണമായും കറന്നെടുക്കണം. മൃഗാശുപത്രികളില്‍നിന്ന് ലഭ്യമായ അകിടുവീക്കനിര്‍ണയ കിറ്റ് ഉപയോഗിച്ച് ഇടയ്ക്ക് അകിട് വീക്ക നിര്‍ണയ പരിശോധന നടത്താം. ന്യൂമോണിയ, കോക്സീഡിയ രോഗാണു കാരണം ഉണ്ടാവുന്ന രക്താതിസാരം തുടങ്ങിയവയാണ് കിടാക്കളില്‍ മഴക്കാലത്ത് കാണുന്ന പ്രധാന രോഗങ്ങള്‍. കിടാക്കൂടുകളില്‍ വൈക്കോല്‍ വിരിച്ച് തറ എപ്പോഴും ഉണക്കമുള്ളതായി സൂക്ഷിക്കണം. കൂട്ടില്‍ മതിയായ വായു സഞ്ചാരം ഉറപ്പാക്കണം. കിടാക്കളെ ഒരുമിച്ചാണ് പാര്‍പ്പിക്കുന്നതെങ്കില്‍ അവയെ തിങ്ങിപ്പാര്‍പ്പിക്കാതിരിക്കണം.

തീറ്റയില്‍ പൂപ്പല്‍ ബാധ

സൂക്ഷിച്ചുെവച്ച തീറ്റയില്‍ പൂപ്പല്‍ ബാധയേല്‍ക്കാന്‍ സാധ്യതയേറെയാണ്. പൂപ്പലുകള്‍ പുറന്തള്ളുന്ന വിഷവസ്തുക്കള്‍ അഫ്‌ളാടോക്‌സിക്കോസിസ് എന്ന രോഗത്തിന് കാരണമാവും. കാലിത്തീറ്റയ്ക്കും വൈക്കോലിനും ദുര്‍ഗന്ധം, കട്ടകെട്ടല്‍, നിറത്തിലും രൂപത്തിലുമുള്ള വ്യത്യാസം, തീറ്റയുടെ പുറത്ത് വെള്ളനിറത്തില്‍ കോളനികളായി വളര്‍ന്നിരിക്കുന്ന പൂപ്പലുകള്‍ എന്നിവയെല്ലാമാണ് തീറ്റയില്‍ പൂപ്പല്‍ബാധയേറ്റതിന്റെ സൂചനകള്‍.

പൂപ്പല്‍ ബാധിച്ച തീറ്റകള്‍ ഒരു കാരണവശാലും പശുക്കളടക്കമുള്ള വളര്‍ത്തു ജീവികള്‍ക്ക് നല്‍കാന്‍ പാടില്ല. തീറ്റകള്‍ നന്നായി കഴുകിയോ തിളപ്പിച്ചോ ചൂടാക്കിയോ നല്‍കിയാല്‍ പോലും പൂപ്പലുകള്‍ പുറന്തള്ളിയ മാരകവിഷം നശിക്കില്ല എന്ന കാര്യം ഓര്‍ക്കണം. കടലപ്പിണ്ണാക്ക്, പരുത്തിക്കുരുപ്പിണ്ണാക്ക് തുടങ്ങിയവയില്‍ പൂപ്പല്‍ ബാധയ്ക്ക് സാധ്യത ഉയര്‍ന്നതായതിനാല്‍ പ്രത്യേക ശ്രദ്ധവേണം.

കാലിത്തീറ്റ തറയില്‍നിന്ന് ഒരടി ഉയരത്തിലും ചുമരില്‍നിന്ന് ഒന്നരയടി അകലത്തിലും മാറി മരപ്പലകയുടെ മുകളില്‍ സൂക്ഷിക്കണം. തണുത്ത കാറ്റോ മഴച്ചാറ്റലോ ഏല്‍ക്കാതെ ശ്രദ്ധിക്കണം. നനഞ്ഞ കൈകൊണ്ടോ പാത്രങ്ങള്‍ കൊണ്ടോ തീറ്റ കോരിയെടുക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. തീറ്റയെടുത്തശേഷം ബാക്കിവരുന്ന തീറ്റ ഈര്‍പ്പം കയറാത്ത രീതിയില്‍ അടച്ച് സൂക്ഷിക്കണം. 

മറക്കരുത് ഇന്‍ഷുറന്‍സ്

എത്ര മുന്‍കരുതലുകള്‍ സ്വീകരിച്ചാലും അപ്രതീക്ഷിതമായെത്തുന്ന അപകടങ്ങള്‍ ഉണ്ടാവാം. വീണ്ടുമൊരു പ്രളയമെത്തുമെന്ന മുന്നറിയിപ്പും നമുക്കുമുന്നിലുണ്ട്. ഇത്തരം അപകടങ്ങളില്‍നിന്നും പ്രകൃതിദുരന്തങ്ങളില്‍നിന്നും ക്ഷീരസംരംഭത്തെ സാമ്പത്തിക സുരക്ഷിതമാക്കുന്നതിനായി പശുക്കള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കണം. കാലാവധി കഴിഞ്ഞ ഇന്‍ഷുറന്‍സ് പോളിസികള്‍ ആണെങ്കില്‍ യഥാസമയം പുതുക്കാന്‍ ശ്രദ്ധിക്കണം.

വിവരങ്ങള്‍ക്ക്: 9495187522.

Content Highlights: Take extra care of livestock during monsoon