cowവേനല്‍ച്ചൂട് മൃഗങ്ങളെയും സാരമായി ബാധിക്കും. ചൂട് കാരണം കന്നുകാലികളില്‍ ഉത്പാദനക്ഷമത കുറയുകയും പാല്‍, മാംസം എന്നിവയ്ക്ക് ദൗര്‍ലഭ്യം നേരിടുകയും ചെയ്യും. കഠിന ചൂടില്‍ ഇവയുടെ മരണവും സംഭവിക്കാറുണ്ട്.

അന്തരീക്ഷ ഊഷ്മാവ് കൂടുമ്പോള്‍ ശരീരതാപനില ഉയരുകയും കോശങ്ങളിലെ ജലം ഉപയോഗപ്പെടുത്തി ശരീരം ജീവന്‍ നിലനിര്‍ത്തുകയും ചെയ്യും. ഇതിനാല്‍ ശരീരത്തില്‍ നിര്‍ജലീകരണം സംഭവിക്കുകയും രോഗാവസ്ഥയില്‍ എത്തുകയും ചെയ്യും.

വരണ്ട തൊലി, കുഴിഞ്ഞ കണ്ണുകള്‍, മൂക്ക്, മോണ, കണ്‍പോള  വരളല്‍ എന്നിവയാണ് ലക്ഷണങ്ങള്‍. മറ്റുള്ളവയെ ചവിട്ടുകയും കുത്തുകയും ചെയ്യുക, ഭാരക്കുറവ്, തീറ്റകുറയുക, ശോഷിച്ച ശരീരം, മൂത്രത്തിന്റെ അളവ് കുറയുക, ചലനമറ്റ് കിടക്കുക എന്നിവയാണ് പ്രകടമായ ലക്ഷണങ്ങള്‍.

ശരീരത്തില്‍ നിന്ന് നഷ്ടപ്പെട്ട ജലം ഉടന്‍തന്നെ നിശ്ചിത അളവില്‍ തിരികെ നല്‍കുക എന്നതാണ് പ്രാഥമിക ചികിത്സ. ഇതിന് നിര്‍ജലീകരണ ശതമാനം അറിയണം. രണ്ട് ശതമാനം സാധാരണവും 12 ശതമാനത്തിനുമുകളില്‍ മാരകവുമാണ്. 8 ശതമാനം മുതല്‍ സിരകളില്‍ കൂടി ഇലക്ട്രോ  ലായനി കുത്തിവെക്കണം.

ഒരു ദിവസം വേണ്ടുന്ന വെള്ളത്തിന്റെ അളവ്: അഞ്ച് മാസം പ്രായം -12 ലിറ്റര്‍, ഒന്നര വയസ്സ്-24 ലിറ്റര്‍, രണ്ടു വയസ്സ്-32 ലിറ്റര്‍, ദിവസം 15 ലിറ്റര്‍ പാല്‍ ഉത്പാദിപ്പിക്കുന്ന പശുവിന് -60 ലിറ്റര്‍, 25 ലിറ്റര്‍ പാല്‍ ഉത്പാദിപ്പിക്കുന്ന പശുവിന് -100 ലിറ്റര്‍, കറവ വറ്റിയവയ്ക്കും ഗര്‍ഭിണികള്‍ക്കും -40 ലിറ്റര്‍
നിര്‍ജലീകരണം തടയുന്നതിനുള്ള ലവണ മിശ്രിതവും ലായനികളും ഇന്ന് മരുന്നുഷോപ്പുകളില്‍ ലഭ്യമാണ്. ഇവ തീറ്റയിലോ വെള്ളത്തിലോ കലര്‍ത്തി കൊടുക്കാം. തൊഴുത്തിന് വേണ്ടുവോളം കാറ്റും വെളിച്ചവും ലഭ്യമാക്കണം. ചുറ്റും തണല്‍ മരങ്ങള്‍ നട്ട് വളര്‍ത്തുക, മേല്‍ക്കൂരയ്ക്ക് ചുരുങ്ങിയത് 10 അടിയെങ്കിലും തറയില്‍നിന്ന് പൊക്കം ഉണ്ടായിരിക്കുക. ശുദ്ധമായ വെള്ളം വേണ്ടുവോളം നല്‍കുക, മേല്‍ക്കൂരയിലും ചുറ്റിലും വെള്ളം സ്പ്രേ ചെയ്യുക, ഇവയെ ദിവസം രണ്ടോ മൂന്നോ തവണ കുളിപ്പിക്കുക എന്നിവ അത്യാവശ്യമായി ചെയ്യേണ്ടുന്ന കാര്യങ്ങളാണ്.