കോട്ടയം: എത്രപാല്‍ അളന്നാലും ക്ഷീരകര്‍ഷകര്‍ക്ക് ഒരുവര്‍ഷം സര്‍ക്കാര്‍ നല്‍കുന്നത് 30,000 രൂപയുടെ സബ്സിഡി. ഇത് 50,000 രൂപയായി വര്‍ധിപ്പിക്കണമെന്ന് തദ്ദേശസ്വയംഭരണവകുപ്പ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിക്ക് ക്ഷീരവികസനവകുപ്പ് കത്തു നല്‍കിയിരുന്നു. എന്നിട്ടും തുക കൂട്ടാനുള്ള ശ്രമം തുടങ്ങിയിട്ടില്ല. ഒരുലിറ്റര്‍ പാലിന് പരമാവധി നാലുരൂപ സബ്സിഡിയാണ് കര്‍ഷകര്‍ക്കു നല്‍കുന്നത്.

ദിവസം ശരാശരി 10.2 ലിറ്റര്‍ പാല്‍ മാത്രമേ ഒരാളില്‍നിന്ന് ക്ഷീരസഹകരണ സംഘത്തിലെത്തുന്നുള്ളൂവെന്നാണ് കണക്ക്. ഇതിലധികം പാല്‍ അളക്കുന്നവരുണ്ട്. മുമ്പ് 7.8 ലിറ്റര്‍ പാലായിരുന്നു ശരാശരി ഉത്പാദനം. മുന്തിയ ഇനം പശുവില്‍നിന്ന് മാത്രം ഒരുദിവസം 20 ലിറ്റര്‍പാല്‍ കിട്ടുമെന്നാണ് കണക്ക്. ചെറുകിട കര്‍ഷകര്‍പോലും നാലിലധികം പശുക്കളെ വളര്‍ത്തുന്നുണ്ട്. മില്‍ക്ക് ഷെഡ് ഡെവലപ്മെന്റ് പദ്ധതിപ്രകാരം മൃഗസംരക്ഷണവകുപ്പ് പത്തു പശുക്കളെവരെ കര്‍ഷകര്‍ക്കുകൊടുത്ത് വളര്‍ത്താന്‍ പ്രോത്സാഹിപ്പിക്കുന്നുണ്ട്. കര്‍ഷകര്‍ക്കു നല്‍കുന്ന നാലുരൂപ സബ്സിഡിയില്‍ ഒരുരൂപ ക്ഷീരവികസനവകുപ്പും ഓരോ രൂപവീതം ത്രിതലപ്പഞ്ചായത്തുകളുമാണ് നല്‍കുന്നത്. 3.29 ലക്ഷം കര്‍ഷകരാണ് സംസ്ഥാനത്ത് ക്ഷീരസംഘങ്ങളില്‍ പാല്‍ നല്‍കുന്നത്.

സംഘങ്ങളില്‍ പാല്‍ കൊടുക്കുന്നവര്‍ക്ക് മാത്രം സബ്സിഡി.

പ്രതിദിനം 25 ലിറ്റര്‍ പാലളക്കുന്ന കര്‍ഷകന്‍ 30 ദിവസം 750 ലിറ്റര്‍ പാല്‍ നല്‍കും. പത്തുമാസമാകുമ്പോള്‍ 7,500 ലിറ്ററാകും. 30,000 രൂപയുടെ സബ്സിഡി പരിധി ഇതോടെ തീരും. പിന്നീടുള്ള രണ്ടുമാസം പാലിന് സബ്സിഡി കിട്ടില്ല. നാലില്‍ കൂടുതല്‍ പശുക്കളുള്ള കര്‍ഷകരും ചെറുകിട ഫാമുകളും പാല്‍ എത്രലിറ്റര്‍ അളന്നാലും സബ്സിഡി 30,000 രൂപയില്‍ ഒതുങ്ങും. സംഘങ്ങള്‍ക്ക് പാല്‍ നല്‍കുന്നവര്‍ക്കേ സബ്സിഡി കിട്ടുകയുള്ളൂ. 2012-ലെ കന്നുകാലി സെന്‍സസ് പ്രകാരം 11,79,941 പശുക്കളാണ് കേരളത്തിലുള്ളത്. പുതിയ സെന്‍സസിനുള്ള നടപടികള്‍ തുടങ്ങിയിട്ടേയുള്ളൂ.
 
അളക്കുന്നത് 16.49 ലക്ഷം ലിറ്റര്‍ പാല്‍

കേരളത്തില്‍ 16.49 ലക്ഷം ലിറ്റര്‍ പാല്‍ ഒരുദിവസം ക്ഷീരസഹകരണസംഘങ്ങളില്‍ അളക്കുന്നതായാണ് ക്ഷീരവികസനവകുപ്പിന്റെ കണക്ക്. ഇതില്‍ 12.76 ലക്ഷം ലിറ്ററാണ് മില്‍മയ്ക്കു നല്‍കുന്നത്. ബാക്കി പ്രാദേശികമായി വില്‍ക്കുന്നു. സബ്സിഡിയുടെ കുറവ് സര്‍ക്കാര്‍ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്.

ഐസക് കെ.തയ്യില്‍ , ജോയിന്റ് ഡയറക്ടര്‍, ക്ഷീരവികസനവകുപ്പ്.