കോവിഡ് കാരണം ജോലിനഷ്ടപ്പെട്ട് നാട്ടില്‍ തിരിച്ചെത്തിയ പ്രവാസികള്‍ പലരും ലക്ഷ്യംവെക്കുന്നത് ഫാമുകള്‍ തുടങ്ങാന്‍. ചിലര്‍ മൃഗസംരക്ഷണ വകുപ്പില്‍ അന്വേഷിച്ചത് കഴുതഫാം എങ്ങനെ തുടങ്ങാമെന്നാണ്. പാനൂര്‍ മേഖലയിലെ മൃഗസംരക്ഷണ ഓഫീസിലെത്തിയ അന്വേഷണങ്ങളില്‍ ഭൂരിഭാഗവും കഴുതഫാമുകള്‍ തുടങ്ങുന്നതിനെക്കുറിച്ചായിരുന്നു.

ഇതേത്തുടര്‍ന്ന് ഇന്ത്യന്‍ വെറ്ററിനറി അസോസിയേഷന്റെ നേതൃത്വത്തില്‍ ഫാം ഡയറക്ടറി തയ്യാറാക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് അസോസിയേഷന്‍ പ്രസിഡന്റ് ഡോ. സി. അനില്‍കുമാര്‍ പറഞ്ഞു.

ഒരു ലിറ്റര്‍ കഴുതപ്പാലിന് 5000 രൂപയും മൂത്രത്തിന് 500 രൂപയുമാണത്രേ വില. കഴുതപ്പാല്‍ കൊണ്ടുള്ള ചീസിന് വലിയ വിലയാണ്. കഴുതപ്പാല്‍കൊണ്ട് സോപ്പ്, ഫെയ്‌സ് വാഷ് എന്നിവയും നിര്‍മിക്കുമെന്നും ചില പ്രവാസികള്‍ പറഞ്ഞു.

വന്‍വിജയമെന്ന് എബി ബേബി

കഴുതഫാം വന്‍ വിജയമാണെന്ന് എറണാകളം രാമമംഗലത്ത് 'ഡോള്‍ഫിന്‍ ഐ.ബി.എ. ഡോങ്കിഫാം' നടത്തുന്ന എബി ബേബി പറയുന്നു. 25 കഴുതകള്‍ ഫാമിലുണ്ട്. കഴുതപ്പാല്‍ സംസ്‌കരിച്ച് ഉത്പന്നങ്ങളാക്കി വിതരണം ചെയ്യുന്നു. കേന്ദ്രാനുമതി ലഭിച്ചാല്‍ 500-ഓളം കഴുതകളെ ഉള്‍ക്കൊള്ളുന്ന വലിയ ഫാം നടത്താനാണ് ഉദ്ദേശിക്കുന്നത്. 

ഫുഡ് സപ്ലിമെന്റ് രംഗത്തും മെഡിക്കല്‍രംഗത്തും വന്‍ സാധ്യതയാണ് കഴുതപ്പാല്‍. ദക്ഷിണേന്ത്യയിലെതന്നെ ഒരേയൊരു കഴുതഫാമാണ് എബിയുടേത്. തെക്കേയിന്ത്യയില്‍ ചില സ്ഥലങ്ങളില്‍ കഴുതയിറച്ചിയും ഉപയോഗിക്കുന്നുണ്ടെന്ന് എബി ബേബി പറഞ്ഞു.

Content Highlights: Rs 5000 for 1 litre donkey milk, Rs 500 for urine; Donkeys are not worthless anymore